തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം കേരളം അതിദാരിദ്ര്യമുക്തമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നായിരുന്നു സഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാദിച്ചത്. തുടര്‍ന്ന് പ്രഖ്യാപനം കേള്‍ക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. സഭ ചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. . സഭാ കവാടത്തില്‍ കുത്തി ഇരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ വസ്തുത ഇല്ല. പ്രതിപക്ഷം ഭയക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. സ്വന്തം ശീലം കൊണ്ട് പറയുന്നതാണ്. പറഞ്ഞത് എന്തോ അത് നടപ്പാക്കും അതാണ് ഇടത് സര്‍ക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2025 നവംബര്‍ 1ന് കേരളം അതി ദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ മന്ത്രി സഭാ യോഗം നടന്ന ദിവസം അതിദാരിദ്രമനുഭവിക്കുന്ന ഒരു കുടുംബമായിരുന്നു മുക്തമാകാന്‍ ബാക്കിയുണ്ടായിരുന്നത്. മന്ത്രിസഭാ കാണ്‍കെയാണ് ആകുടുംബം അതിദാരിദ്ര്യമുക്തമാകുന്ന വിവരം വെബ്‌സൈറ്റില്‍ വന്നത്. ശേഷം പത്രസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊന്നും രഹസ്യമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തിനാണ് പ്രതിപക്ഷം പ്രഖ്യാപനത്തെ ഭയപ്പെടുന്നതെന്നാണ് മനസിലാവാത്തത്. കേരളം അതിദാരിദ്രമുക്തമെനന് പ്രഖ്യാപിക്കുന്ന വിവരം കേരളത്തിലും അറിയാം അതിന് പുറത്തും അറിയാം. ഇത് ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ട് നമ്മുടെ നാടിനെയും രാജ്യത്തെയും ലോകത്തെയും അറിയിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം എന്ന് കണ്ടതുകൊണ്ടാണ് നിയമസഭയുടെ നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചത്.

ഈ സര്‍ക്കാര്‍ നടപ്പാക്കാവുന്ന കാര്യമെന്താണോ അതേ പറയാറുള്ളൂ. പറഞ്ഞ കാര്യം നടപ്പാക്കുന്നതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞ കാര്യം നടപ്പായിട്ടുണ്ട്. നടപ്പായ കാര്യം നിലനിര്‍ത്തി പോകുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായി 2025-26 ല്‍ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു. ഗ്രാമങ്ങളില്‍ 90.7 ശതമാനം, നഗരങ്ങളില്‍ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത്. ആവശ്യമായ രേഖകള്‍ എല്ലാം ഇവര്‍ക്ക് എത്തിച്ചു. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവര്‍ക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങള്‍ക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മിഷന്‍ മുഖേന വീട് നിര്‍മാണം പൂര്‍ത്തിയാക്കി. 2711 കുടുംബങ്ങള്‍ക്ക് ആദ്യം ഭൂമി നല്‍കി. ഭവന നിര്‍മ്മാണത്തിനു നടപടികള്‍ സ്വീകരിച്ചുവെന്നും പിണറായി പറഞ്ഞു.

അതിദാരിദ്യത്തില്‍നിന്ന് മുക്തരായവരില്‍ 15,699 പട്ടികവിഭാഗം കുടുംബങ്ങളും ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ആകെ അതിദരിദ്രരുടെ 24.52 ശതമാനമാണിത്. 2021ല്‍ നടത്തിയ സര്‍വേയില്‍ 12,793 പട്ടികജാതി കുടുംബങ്ങളെയും 2906 പട്ടികവര്‍ഗ കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവര്‍ക്കായി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് വലിയ ഇടപെടല്‍ നടത്തി. വിവിധ പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ് വരുത്തിയും ലഘുപദ്ധതിതയ്യാറാക്കിയുമാണ് ഇരു വിഭാഗത്തിലുമായി 15,699 കുടുംബങ്ങളെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

87 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കി. ഭക്ഷണം, ആരോഗ്യ സേവനം, സ്ഥലം, വീട്, വരുമാനം എന്നിങ്ങനെ ഇവരുടെ വ്യത്യസ്ത ആവശ്യങ്ങളെല്ലാം വിവിധ പദ്ധതികളിലുടെ സര്‍ക്കാര്‍ പരിഹരിച്ചു. വീടില്ലാതിരുന്ന 3174 കുടുംബങ്ങള്‍ക്ക് പുതിയ വീട് അനുവദിച്ചു.