സൂപ്പര്‍ ധനമന്ത്രി ചമയാന്‍ 'മുഖ്യമന്ത്രിയുടെ വിശ്വസ്തനെ' അനുവദിക്കില്ല; കിഫ്ബിക്ക് നിയന്ത്രണം വരും; കെഎം എബ്രഹാമിനെതിരെ ധനമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായത് ധനവകുപ്പാണെന്ന സിപിഎം വിമര്‍ശനങ്ങള്‍ക്കിടെ പുതു നീക്കവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധനകാര്യമാനേജ്മെന്റില്‍ ഇനി ബാഹൃഇടപെടല് അനുവദിക്കില്ല. പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാകും നടപടികള്‍ എടുക്കുക. എല്ലാ അര്‍ത്ഥത്തിലും ബാഹൃസമ്മര്ദ്ദങ്ങളേയും ഇടപെടലുകളും തള്ളാനാണ് ധനമന്ത്രിയുടെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയാണ് നീക്കം. ധനകാര്യ വിഷയങ്ങളില്‍ മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാമിന്റെ കടന്നു കയറ്റം അതിരൂക്ഷമാണെന്നാണ് ധന വകുപ്പിന്റെ ഇടപെടല്‍. ഇനി അത് അനുവദിക്കില്ല. പല കേസുകളിലും ധന വകുപ്പ് അഭിപ്രായം തേടാതെയുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടാകുന്നു. സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് നിലപാട്.
കെ എം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു. ഈ സാഹചര്യത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടും. കേന്ദ്ര സര്‍ക്കാരിനെതിരെ കൊടുത്ത ചില കേസുകളില്‍ ധനവകുപ്പിന്റെ നിലപാടിന് പോലും പ്രസക്തിയുണ്ടായില്ലെന്ന പരാതിയും ധനമന്ത്രിക്കുണ്ട്. സാമ്പത്തിക മാനേജ്മെന്റിനെ തകിടം മറിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ബാലഗോപാല്‍ നല്‍കുന്നത്. ധനവകുപ്പ് ആവശ്യത്തിനു പണം വകുപ്പുകള്‍ക്കു നല്‍കുന്നില്ലെന്നു പാര്‍ട്ടി യോഗങ്ങള്‍ക്കുള്ളിലടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു തിരിച്ചടിയായി തോമസ് ഐസക്കിന്റെ കാലത്തെ ചെലവിന്റെയും ഈ സര്‍ക്കാരിന്റെ കാലത്തെ ചെലവിന്റെയും താരതമ്യ കണക്കുമായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ രംഗത്തു വന്നിരുന്നു.
ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പൊതുവേ യുഡിഎഫ് കാലത്തെ കണക്കുകളാണു മന്ത്രി കെ.എന്‍.ബാലഗോപാല്‍ മുന്‍പു നിരത്തിയിരുന്നത്. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ചു ധനവകുപ്പിന്റെ പ്രവര്‍ത്തനം മെച്ചമല്ലെന്ന തരത്തില്‍ വിമര്‍ശനം ആവര്‍ത്തിക്കുന്നതിനാലാണ് ഐസക്കിന്റെ കാലത്തെ കണക്കുമായി മന്ത്രി എത്തിയതെന്നാണു സൂചന.
ഇതിന് പിന്നാലെയാണ് കെ എം എബ്രഹാമിനെതിരെയും നിലപാട് കടുപ്പിക്കുന്നത്. സൂപ്പര്‍ ധനമന്ത്രി ചമയാന്‍ ആരേയും അനുവദിക്കില്ലെന്നതാണ് ധനമന്ത്രി നല്കുന്ന സന്ദേശം. സിപിഎം നേതൃത്വത്തിന് മുന്നിലും ഈ ആവശ്യം ബാലഗോപാല്‍ ഉയര്‍ത്തും.