- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ചാക്കുകളില്‍ നിറച്ച് നോട്ടുകെട്ടുകള്‍ ബിജെപി ഓഫീസില്‍ സൂക്ഷിച്ചു; ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ മൂന്നരക്കോടി അടിച്ചുമാറ്റി; ഓഫീസ് സെക്രട്ടറി എല്ലാം തുറന്ന് പറയുമ്പോള്‍ നാണക്കേട് സിപിഎമ്മിന്; സുരേന്ദ്രനെ തൊടാത്തത് ഡീലെന്ന് ആരോപിച്ച കോണ്‍ഗ്രസ്
തൃശൂര്‍: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസില്‍ കുഴല്‍പ്പണം എത്തിച്ചതായി മുന്‍ ഓഫീസ് സെക്രട്ടറി വെളിപ്പെടുത്തുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നതും സിപിഎം. ആറ് ചാക്കുകളിലായാണ് പണം എത്തിച്ചതെന്നും ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശ് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഇതൊന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നില്ല. ഇതാണ് സിപിഎമ്മിന് നാണക്കേടാകുന്നത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കും. എന്നാല്‍ തെളിവില്ലാ ആരോപണം പൊക്കി കൊണ്ടു വരുന്നതിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപിയും പ്രതിരോധം തീര്‍ക്കും. ഇതോടെ ഈ ഉപതിരഞ്ഞെടുപ്പില്‍ കൊടകരക്കേസും ചര്‍ച്ചയാവുകയാണ്.
തൃശൂര്‍ ജില്ലയിലേക്കുള്ള പണം ഓഫീസില്‍ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്ക്കു പോകുമ്പോഴാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്ന് സതീശ് പറയുന്നു. രാത്രി തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വരുമെന്നും ഓഫീസ് അടയ്ക്കരുതെന്നും സംഭവ ദിവസം ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു. സാമഗ്രികളുമായെത്തിയ ധര്‍മരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ ട്രഷറര്‍ സുജയസേനന്റെ നിര്‍ദേശപ്രകാരം ലോഡ്ജില്‍ മുറിയെടുത്തുനല്‍കി. ഓഫീസില്‍ ഇറക്കിയ സാമഗ്രികള്‍ തുറന്നുനോക്കിയപ്പോള്‍ പണമാണെന്ന് മനസ്സിലായി. പിറ്റേദിവസം കൊടകരയിലെ കവര്‍ച്ചാവിവരം പുറത്തുവന്നതോടെയാണ് കുഴല്‍പ്പണമാണെന്ന് മനസ്സിലായത്. നേരത്തെ ഒരുതവണ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം ധര്‍മരാജന്‍ തൃശൂരിലെ ഓഫീസിലെത്തിയിരുന്നു. പൊലീസിനുമുന്നില്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയത്. വിചാരണ സമയത്ത് കോടതിയില്‍ എല്ലാം തുറന്നുപറയുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ് അന്വേഷണം നടക്കുന്നതിനിടെ സതീശിനെ ഓഫീസ് സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് കാരണം ധനാപഹരണമാണെന്ന് ബിജെപിയും പറയുന്നു.
2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40-നാണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ 25 ലക്ഷം കവര്‍ന്നതായി കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതിപ്പെട്ടു. കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബിജെപിയുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി. ഏപ്രില്‍ രണ്ടിന് 6.3 കോടി തൃശൂര്‍ ബിജെപി ഓഫീസില്‍ എത്തിച്ചതായും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു ജില്ലകളില്‍ ബിജെപി 41.4 കോടി കുഴല്‍പ്പണം ഇറക്കിയതായും ആരോപണമെത്തി. എന്നാല്‍ ഇതൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ഇതോടെ ഇതൊരു കവര്‍ച്ചാ കേസായി മാറുകയും ചെയ്തു. നിലവില്‍ പോലീസിന് വീണ്ടും മൊഴി നല്‍കുമെന്ന് തിരൂര്‍ സതീശ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസ് വീണ്ടും അന്വേഷിക്കേണ്ട സാഹചര്യമെത്തും. കള്ളപ്പണത്തില്‍ പോലീസ് പുതിയ എഫ് ഐ ആര്‍ ഇടാനും സാധ്യതയുണ്ട്.
കെ സുരേന്ദ്രന്റെ അറിവോടെ കര്‍ണാടകത്തില്‍നിന്ന് സംഘടനാ സെക്രട്ടറി എം ഗണേശന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയ്ക്ക് നല്‍കാനാണ് പണം കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും സൂചനകളുണ്ട്. കേസില്‍ 23 പേരെ പൊലീസ് അറസ്റ്റുചെയ്തു. കെ സുരേന്ദ്രനെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുരേന്ദ്രനെ കേസില്‍ പ്രതിയാക്കിയതുമില്ല. ഈ സാഹചര്യത്തിലാണ് ഡീല്‍ ആരോപണം കോണ്‍ഗ്രസ് സജീവമാക്കുന്നത്. ഈ കേസ് ഇഡി അന്വേഷിക്കാത്തതും വിവാദമായി മാറിയിട്ടുണ്ട്. ഇഡിയെ എത്തിക്കുന്ന തരത്തില്‍ പുതിയ അന്വേഷണമാണ് കോണ്‍ഗ്രസ് അടക്കം ആവശ്യപ്പെടുന്നത്. സിപിഎമ്മും അന്വേഷണം നടത്തേണ്ട നിലപാടിലേക്ക് ഇതോടെ എത്തുമെന്നും സൂചനയുണ്ട്. ബിജെപിക്കുള്ളില്‍ പ്രശ്‌നമാണഅ കൊടകരയെ വീണ്ടും ചര്‍ച്ചകളില്‍ എത്തിച്ചതെന്നും സൂചനകളുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട്ട് സജീവ ചര്‍ച്ചയായി കൊടകരകുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ മാറുകയാണ്. കേസന്വേഷണം ബിജെപിയിലേക്ക് പോകാത്തതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന ആരോപണം യുഡിഎഫ് ഉയര്‍ത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സ്റ്റന്‍ഡായി ആരോപണത്തെ ബിജെപി തള്ളിക്കളയുമ്പോള്‍ വെളിപ്പെടുത്തലിന്റെ നിയമസാധുത പരിശോധിക്കുമെന്ന നിലപാടാണ് സിപിഎമ്മിന്. കഴിഞ്ഞ നിയമസഭാ തെരഞെടുപ്പ് കാലത്ത് കൊടകരയില്‍ ഒരു സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ച പണം ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന ആരോപണം അന്നു തന്നെ ഉയര്‍ന്നെങ്കിലും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവമായിട്ടാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മുന്‍ ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും കുഴല്‍പ്പണ ഇടപാടിലേക്കും ചര്‍ച്ചകളെ എത്തിച്ചു. ആരോപണത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്
കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി നടത്തിയ സംസ്ഥാന ഫെലീസ് അന്വേഷണം തെറ്റായിരുനുവെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. നിലവിലെ അന്വേഷണത്തെ സാധൂകരിക്കുന്ന ഒന്നും വെളിപ്പെടുത്തലിലില്ലെന്ന് പൊലീസ് പറയുന്നു. നിയമപരമായ സാധ്യത പൊലീസ് പരിശോധിക്കട്ടെ എന്നാണ് സിപിഎം നിലപാട്.