കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച്ചയൂണ്ടായി എന്ന ആരോരപണം ശക്തമായിരിക്കവേയാണ് അന്വേഷണം തുടങ്ങുന്നത്. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം.

രക്ഷപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ഏഴ് മണിക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്നു ബിന്ദു. കുടുംബനാഥയായ ഇവരുടെ വരുമാനത്തിലാണ് ആ കുടുംബം മുന്നോട്ടു പോയത്. ബിന്ദുവിന്റെ ഭര്‍ത്താവി വിശ്രുതന് ചില രോഗാവസ്ഥയാല്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കുടുബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് കോളജ് സൂപ്രണ്ട് ജയകുമാര്‍ രംഗത്തുവന്നിരുന്നു. തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താനാണെന്നും അദ്ദേഹം പറഞ്ഞു.

'തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചത്' -ജയകുമാര്‍ പറഞ്ഞു.

കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ കഴിയുമായിരുന്നില്ല. ശുചിമുറി ഉപയോഗിക്കാനായി ആളുകള്‍ കെട്ടിടം ഉപയോഗിച്ചിരുന്നു. ഇടക്ക് കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു. കെട്ടിടത്തില്‍നിന്നു ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് പറയുന്നു.

കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് ഉമ്മാന്‍കുന്ന് ചേപ്പോത്തുകുന്നേല്‍ ബിന്ദുവാണ് (52) മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള മകള്‍ നവമിക്ക് കൂട്ടിരിപ്പിനാണ് ബിന്ദു ആശുപത്രിയിലെത്തിയത്. അലീന (11), അമല്‍ പ്രദീപ് (20), ജിനു സജി (38) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് അപകടം. 68 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സര്‍ജിക്കല്‍ ബ്ലോക്കിലെ ബാത്ത്‌റൂം ബ്ലോക്കാണ് ഇടിഞ്ഞുവീണത്. മൂന്നുനില കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി 14, 10, 11 വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. വലിയ ശബ്ദത്തോടെ കെട്ടിടം നിലംപൊത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ഓടിരക്ഷപ്പെട്ടു. കുളിക്കാന്‍ പോയതായിരുന്നു ബിന്ദു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാരുടെ വലിയ സംഘം സംഭവസ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെ തെള്ളകത്ത് മേഖല അവലോകന യോഗത്തിലായിരുന്നു. വിവരമറിഞ്ഞ് യോഗത്തില്‍നിന്ന് മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും സ്ഥലത്തെത്തി. ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന കെട്ടിടമാണ് തകര്‍ന്നതെന്നും അവിടെ ആരും ഇല്ലെന്നും രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേയുള്ളൂവെന്നുമാണ് മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. തുടര്‍ന്ന് പരിക്കേറ്റ അലീനയെ സന്ദര്‍ശിച്ചശേഷം മന്ത്രിമാര്‍ മടങ്ങുകയും ചെയ്തു.

സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ തുടരും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്യും.

രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോര്‍ജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. അതേസമയം, പ്രതിഷേധം ശക്തമാക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാജി ആവശ്യത്തില്‍ സിപിഎമ്മിന്റെ നിലപാട് നേതൃത്വം പ്രഖ്യാപിക്കും. കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതും ഗവര്‍ണര്‍ക്കെതിരെയുള്ള തുടര്‍സമരപരിപാടികളും യോഗത്തില്‍ ചര്‍ച്ചയാകും.