- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; തകര്‍ന്നത് കാലപ്പഴക്കം ചെന്ന ഉപയോഗ ശൂന്യമായ മൂന്ന് നില കെട്ടിടം; മൂന്ന് പേര്‍ക്ക് നിസാര പരിക്കെന്ന് റിപ്പോര്‍ട്ട്; മന്ത്രിമാരായ വീണ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി; വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീണെന്ന് ദൃക്സാക്ഷികള്‍
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയില്‍ മുന്‍പ് പതിനാലാം വാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവില്‍ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം.
മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓര്‍ത്തോപീഡിക്‌സ് സര്‍ജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്.
അപകടവിവരമറിഞ്ഞ് മന്ത്രി വിഎന്‍ വാസവന്‍ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. വാര്‍ഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പിന്നാലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും സ്ഥലത്തെത്തി. അടച്ചിട്ടിരുന്ന കെട്ടിടത്തിന്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ വീണ ജോര്‍ജും പറഞ്ഞു. എന്താണ് നോക്കിയിട്ട് പറയാമെന്നും അവര്‍ വ്യക്തമാക്കി. പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഷിഫ്റ്റിങ്ങിനായുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. എന്താണ് അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെട്ടിടത്തില്‍ പഴയ സ്ട്രച്ചര്‍ ഉള്‍പ്പെടെ ആശുപത്രി സാധനങ്ങള്‍ കാണാം. കെട്ടിടം അടച്ചിട്ടിരുന്നെങ്കിലും എങ്ങനെ ആള്‍ക്കാര്‍ ഇവിടെ എത്തിയെന്നതില്‍ വ്യക്തമല്ല. മൂന്ന് നിലകെട്ടിടത്തിന്റെ താഴത്തെ രണ്ട് നിലകളും ഉപയോഗിക്കുന്നില്ലെന്നും മുകളിലെ നിലയില്‍ മാത്രമാണ് വാര്‍ഡുള്ളതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍ പ്രതികരിച്ചു. ഇവിടയുണ്ടായിരുന്ന നൂറിലധികം രോഗികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ ആളുകള്‍ സ്ഥലത്തില്ലാത്തതുകൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രി യുടെ നേതൃത്യത്തില്‍ നാല് ജില്ലകളിലെ സര്‍ക്കാര്‍ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കല്‍ കോളജിലെ അപകടം.