- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്‍
പത്തനംതിട്ട: എംഎല്‍എ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്. പരാതിയോ കേസോ ഉണ്ടായിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച് മാറിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനംകൂടി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ ഒരു കഴമ്പുമില്ല. ആരോപണത്തെ സംബന്ധിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങളെക്കുറിച്ച് നേതൃത്വത്തെ അറിയിക്കാനുള്ള സാഹചര്യം വരുന്നതേയുള്ളൂ. എല്ലാ കാര്യങ്ങളും അവരെപ്പറഞ്ഞ് ബോദ്ധ്യപ്പെടുത്തും എന്നും രാഹുല്‍ പറഞ്ഞു. അതിനിടെ പ്രശ്‌നം വഷളാക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ആരോപണവും സജീവമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന് രാഹുല്‍ പരാതിയും നല്‍കിയേക്കും. എം വിന്‍സന്റും എല്‍ദോസ് കുന്നപ്പള്ളിയും പീഡന ആരോപണങ്ങളെ നേരിട്ടു. അന്നൊന്നും അവര്‍ ആരും എംഎല്‍എ സ്ഥാനം രാജിവച്ചില്ല. സിപിഎമ്മിലെ പീഡന കേസ് പ്രതിയും എംഎല്‍എയായി തുടരുന്നു. പിന്നെ എന്തിനാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദമെന്നും സതീശന്‍ ചോദിക്കുന്നു.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും പ്രതികരിച്ചു. അതിന് ശേഷവും സതീശന്‍ കടുത്ത നിലപാട് എടുക്കുന്നു. ഈ സാഹചര്യത്തെ ഗൗരവത്തിലാണ് ഷാഫി പറമ്പിലും എടുക്കുന്നത്. കെപിസിസി തീരുമാനവും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന് തന്നെയാണ്. പ്രശ്‌നം വഷളാക്കുന്നത് കോണ്‍ഗ്രസിന് തന്നെ ദോഷം ചെയ്യുമെന്നും ഷാഫി നിലപാട് എടുത്തിട്ടുണ്ട്. അടുരിലെ വീട്ടില്‍ കഴിയുന്ന രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ നേരിട്ട് രംഗത്ത് വന്നേക്കും.അതേസമയം, രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണം വളരെ ശക്തമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ രാഹുല്‍ രാജിവച്ചൊഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിനും യുഡിഎഫിനും ക്ലീന്‍ ഇമേജുണ്ടാക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍ എന്നാണ് പ്രചരണം. എന്നാല്‍ ഇതിന് പിന്നില്‍ സതീശന്‍ മാത്രമാണെന്നാണ് മാങ്കൂട്ടത്തില്‍ ക്യാമ്പ് പറയുന്നത്. എല്‍ഡിഎഫിലെ ആരോപണ വിധേയര്‍ രാജിവയ്ക്കാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇത് പാര്‍ട്ടിക്ക് ബോണസ് മാര്‍ക്ക് നല്‍കും എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണവും രാജിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോപണങ്ങളില്‍ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാഹുല്‍ രാജിവച്ചാല്‍ വിന്‍സന്റും എല്‍ദോ കുന്നപ്പള്ളിയും രാജിവയ്ക്കുമോ എന്ന ചോദ്യം ഷാഫി പറമ്പില്‍ വിഭാഗവും ഉയര്‍ത്തും.
എന്നാല്‍ രാഹുലിനെയും ന്യായീകരിക്കുന്ന നിലപാടാണ് ഷാഫി പറമ്പില്‍ എം പി നടത്തിയത്. വിഷയത്തില്‍ അദ്ദേഹം മാദ്ധ്യമങ്ങളെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തുകയും ചെയ്തു. 'രാഹുല്‍ രാജിവച്ചത് പോലെ ഏതെങ്കിലും സിപിഎം നേതാക്കളാണ് രാജിവച്ചതെങ്കില്‍ മാദ്ധ്യമങ്ങള്‍ ധാര്‍മികതയുടെ ക്ലാസെടുക്കുമായിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ രാജിസന്നദ്ധത സ്വമേധയ പാര്‍ട്ടിയെ അറിയിച്ചു. നേതൃത്വം മറ്റ് പാര്‍ട്ടികള്‍ പിന്തുടരുന്ന അതേ ശൈലി തുടരാതെ ആ തീരുമാനത്തെ ശരിവയ്ക്കുകയും ഉത്തരവാദിത്തപ്പെട്ട പദവിയില്‍ നിന്ന് ഒഴിയുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനം പാര്‍ട്ടി അംഗീകരിച്ചു. പദവി ഒഴിഞ്ഞിട്ടും കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന കുറ്റപ്പെടുത്തലുകള്‍ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്' എന്നാണ് ഷാഫി പ്രതികരിച്ചത്. ഈ വിഷയത്തില്‍ കെപിസിസിയും ധര്‍മ്മ സങ്കടത്തിലാണ്. ഷാഫിയേയും സതീശനേയും തള്ളി പറയാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് കഴിയാത്ത സാഹചര്യമാണുള്ളത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചത് പ്രധാനപ്പെട്ട ചുവടെന്ന് ഷാഫി പറമ്പില്‍ പറയുന്നു. ഒരു കോടതിവിധിയോ എഫ്ഐആറോ വരുന്നതിന് മുമ്പ് തന്നെ രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്തെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. തനിക്ക് മുമ്പില്‍ ഒരു പരാതിയും വന്നിട്ടില്ലെന്നും ഷാഫി വടകരയില്‍ പറഞ്ഞു. അതേസമയം, മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഷാഫി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷവും കോണ്‍ഗ്രസ് എന്ത് ചെയ്തെന്ന് ചോദിക്കുകയാണ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. എം.വി. ഗോവിന്ദന്റെ പ്രതികരണമെല്ലാം ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുകയാണ്. ധാര്‍മികതയാണ് പ്രശ്നമെങ്കില്‍ ആ രാജി പ്രധാനപ്പെട്ട ചുവടുതന്നെയാണ്. പക്ഷേ, കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിശബ്ദമാക്കാം, സര്‍ക്കാരിന്റെ ചെയ്തികളില്‍നിന്ന് ജനങ്ങളുടെ മുമ്പില്‍ തത്കാലം മറച്ചുപിടിക്കാം എന്ന് വിചാരിച്ചിട്ടാണ് സമരമുള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍വീര്യമാകില്ലെന്നും ഷാഫി പറഞ്ഞു. ഒരു എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തിട്ടും ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിട്ടും ആ എംഎല്‍എ കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരട്ടെയെന്ന് തീരുമാനിച്ചവര്‍ എങ്ങനെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടുന്നതെന്ന് ഷാഫി ചോദിച്ചു.