- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദയാത്രക്കായി കാര്‍ വാടകയ്ക്കെടുത്ത് കുമരകത്തേക്ക്; കാര്‍ പതിച്ചത് 15 അടി താഴ്ചയിലേക്ക്; കനത്ത മഴയും പരിചയമില്ലാത്ത വഴിയും അപകടത്തിന് കാരണം; കുമരകത്തെ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍
വിനോദയാത്രക്കായി കാര്‍ വാടകയ്ക്കെടുത്ത് കുമരകത്തേക്ക്; കാര്‍ പതിച്ചത് 15 അടി താഴ്ചയിലേക്ക്
കുമരകം: കോട്ടയം കുമരകത്ത് കാര്‍ പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കനത്ത മഴയും പരിചയമില്ലാത്ത വഴിയുമാകാം ഇവരുടെ മരണത്തിന് കാരണമെന്നാണ് നിഗമനം. കൊല്ലം സ്വദേശിയായ ജെയിംസ് ജോര്‍ജും(48), സുഹൃത്ത് സായ്ലി രാജേന്ദ്ര സര്‍ജെ(27)യുമാണ് അപകടത്തില്‍ മരിച്ചത്. വിനോദയാത്രക്കാണ് ഇരുവരും കുമരകത്ത് എത്തിയത്. കൊച്ചിയില്‍ നിന്ന് വാടകക്കെടുത്ത കാറിലാണ് ഇവര്‍ കുമരകത്ത് എത്തുന്നത്. കാര്‍ ഉടമയുടെ വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്.
ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുന്നതിന് വേണ്ടിയാകാം ഇവര്‍ കുമരകത്ത് എത്തിയത് എന്നാണ് പോലീസ് പറയുന്നത്. കാറില്‍ നിന്നും ഇവരുടെ ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഇതും വിശദമായി പരിശോധിച്ച് വരികയാണ്. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തതാക്കാം അപകടത്തിന് മറ്റൊരു കാരണമായി പോലീസ് പറയുന്നത്. കനത്ത മഴ ഉള്ളതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ല. ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ലായിരുന്നു. ഇവര്‍ കുമരകത്ത് മുറി വാടകയ്ക്ക് എടുത്തിരുന്നോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
അപകടത്തില്‍പ്പെട്ടവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ കാര്‍ വെളളത്തില്‍ മുങ്ങുന്നതാണ് കണ്ടത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്താന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒഴുക്കും ആഴവും ചെളിയുമുള്ള ഭാഗമായതിനാല്‍ കാര്‍ പിന്നീട് കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമെത്തിയാണ് കാര്‍ പുറത്തെടുത്തത്. ചില്ലുതകര്‍ത്താണ് ഇരുവരെയും പുറത്തെടുത്തതെന്ന്, സംഭവസ്ഥലത്തെത്തിയ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. 45 മിനിറ്റുകൊണ്ടാണ് കാര്‍ പുറത്തെടുത്തത്.
അപരിചിതരായ നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന ചേര്‍ത്തല-കുമരകം റോഡില്‍ കൈപ്പുഴമുട്ട് പാലത്തില്‍ സിഗ്നല്‍ ലൈറ്റോ റിഫ്ലക്ടര്‍ സംവിധാനമോ ദിശാസൂചനാ ബോര്‍ഡോ ഇല്ലാത്തത് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രധാനറോഡും സര്‍വീസ് റോഡും തിരിച്ചറിയാന്‍ പറ്റില്ല. ഈ ഭാഗത്ത് ആറിന് 15 അടി താഴ്ചയുമുണ്ട്.
ഒരേദിശയില്‍ പെട്ടെന്ന് തിരിച്ചറിയാത്ത തരത്തിലുള്ളതാണ് പാലത്തോടുചേര്‍ന്ന സര്‍വീസ് റോഡ്. ടൂറിസം ബോട്ടുജെട്ടിയും കൃഷിയാവശ്യത്തിനുള്ള കേവുവള്ളങ്ങളും എത്തുന്ന കൈപ്പുഴയാറിന്റെ കടവിലേക്കുള്ള ഈ സര്‍വീസ് റോഡിന് സാമാന്യം വലുപ്പവുമുണ്ട്. അതുകൊണ്ടുതന്നെ വഴി തെറ്റിയെന്ന് അറിയാനാകുക കുറച്ചുദൂരം പിന്നിട്ടശേഷംമാത്രമായിരിക്കും. നൂറോളം മീറ്റര്‍മാത്രം ദൂരം പിന്നിടുമ്പോള്‍ വലത്തേക്ക് തിരിയുന്നതാണ് സര്‍വീസ് റോഡ്. എന്നാല്‍ ഈ തിരിവ് അറിയാന്‍ സംവിധാനമില്ല.
കുമരകം ടൂറിസ്റ്റ് ഡെസ്റ്റിനേഷനില്‍ പ്രീമിയം ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്, അപകടം നടന്ന ഈ ഭാഗത്തുനിന്നാണ്. ഇത്രയധികം പ്രാധാന്യമുള്ള പ്രദേശമായിട്ടും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ ദിശാബോര്‍ഡുകളോ ഇല്ലെന്ന് ഹൗസ് ബോട്ട് മേഖലയിലുള്ളവര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.