തൃശൂര്‍ : കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യം പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സിപി എം ജില്ലാ കമ്മിറ്റി വിശദീകരിക്കുമ്പോള്‍ അതില്‍ ഒളിപ്പിച്ചു വയ്ക്കുന്നതും ഭീഷണി. കുന്നംകുളം മര്‍ദ്ദനത്തെ കണ്ട സിപിഎം പീച്ചിയെ കുറിച്ച് മിണ്ടുന്നുമില്ല. ഇതും അസ്വാഭാവികമായി മാറുന്നു. കുന്നംകുളം സ്റ്റേഷനിലെ സംഭവത്തിന് ഒരു മറുവശം കൂടിയുണ്ടെന്ന് സിപിഎം പറയുന്നു. നിരപരാധിയായ യൂത്ത് കോണ്‍ഗ്രസുകാരനെ പൊലീസ് തല്ലി എന്നതാണ് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. അപരാധിയാണെങ്കിലും തല്ലാന്‍ പാടില്ല എന്ന തത്വാധിഷ്ഠിത നിലപാട് അംഗീകരിച്ചു കൊണ്ടുതന്നെ സത്യം സത്യമായി പറയേണ്ടതുണ്ട്. ടി കെ സുജിത് പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തതുള്‍പ്പടെ 11 കേസുകളില്‍ പ്രതിയാണെന്ന് സിപിഎം പറയുന്നു.

പൊതു സ്ഥലത്ത് കൂട്ടം കൂടി മദ്യപിച്ച് ബഹളംവച്ച മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇവരെ ബലമായി ഇറക്കിയ ആളാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വാച്ച് ഈ ഘട്ടത്തില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കൂടുതല്‍ പൊലീസ് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. മറ്റു ചില ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. കേരളത്തിലെ പ്രമുഖ ചാനലുകള്‍ ടി കെ സുജിത് പൊലീസിനെ കൈയ്യേറ്റം ചെയ്ത് പ്രതികളെ മോചിപ്പിച്ചു എന്ന വാര്‍ത്ത നേരത്തെ സംപ്രേക്ഷണം ചെയ്തിരുന്നതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഭവം ബോധപൂര്‍വം മറച്ചുവച്ചു. നിരപരാധിയെ പൊലീസ് തല്ലി എന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു ഇത്. ഇത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന് വ്യക്തമാണെന്നും ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അതായത് സുജിത്തിനെതിരെ ഇനിയും നടപടികള്‍ വരുമെന്ന ഭീഷണിയാണ് ഇതില്‍ ഒളിപ്പിച്ചു വയ്ക്കുന്നത്.

സുജിത്തിനെതിരെ സിപിഎം ഉന്നയിക്കുന്നതും രാഷ്ട്രീയ കേസുകളാണ്. ഇത്തരത്തില്‍ കേസില്‍ പെടുന്നവരെ അപമാനിക്കലാണ്. പോലീസിന്റെ വാച്ച് മോഷണ കുറ്റം പോലും സുജിത്തിനെതിരെ നിലനില്‍ക്കുമെന്നാണ് സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റി വിശദീകരിക്കുന്നത്. ഇനിയും പ്രതിഷേധം തുര്‍ന്നാല്‍ മറ്റ് കേസുകളില്‍ പൂട്ടു വീഴും എന്ന ഭീഷണി. എന്നാല്‍ തൃശൂരില്‍ തന്നെ നടന്ന പീച്ചി പോലീസ് മര്‍ദ്ദനത്തെ സിപിഎം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പീച്ചി കേസില്‍ സിപിഎം പ്രതികരണം നടത്താത്തത് എന്നതും വ്യക്തമല്ല. അവിടെ പരാതിക്കാരനെതിരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ കഴിയുന്നതൊന്നും ഇല്ലാത്തതു കൊണ്ടാണ് അത്. അങ്ങനെ തൃശൂരിലെ സിപിഎം പീച്ചിയെ മറന്ന് കുന്നംകുളത്തെ വിഷയത്തെ നിസാര വല്‍ക്കരിക്കുകയാണ്.

നിയമം പാലിക്കേണ്ടവര്‍ നിയമം കൈയ്യിലെടുക്കുന്നതിനെ എക്കാലവും എതിര്‍ത്ത പാരമ്പര്യമാണ് സിപിഎമ്മിന്റേത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ ലോക്കപ്പ് മര്‍ദനത്തെയും അതേ നിലയില്‍ തന്നെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും നടപടി സ്വീകരിച്ചത് സ്വാഗതം ചെയ്യുന്നു. നിയമം പാലിക്കേണ്ടവരും ജനങ്ങള്‍ നിയമം ലംഘിച്ചാല്‍ നടപടിയെടുക്കേണ്ടവരുമാണ് പൊലീസ്. സേനയിലുള്ളവരുടെ വൈകാരിക നിലപാടുകളും സമീപനങ്ങളും അന്വേഷണത്തില്‍ പ്രതിഫലിക്കാന്‍ പാടില്ലെന്ന നിലപാട് ഉയര്‍ത്തി പിടിക്കുന്നതു കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യത്യസ്തമാകുന്നതെന്ന് സിപിഎം പറയുന്നു.

കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. ഒമ്പത് വര്‍ഷമായി രാജ്യത്തെ മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനമായി കേരളം മാറിയത് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റേയും ഇടപെടലിലൂടെത്തന്നെയാണ്. പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വലതു രാഷ്ടീയ ശക്തികള്‍ നിരന്തരം ശ്രമിക്കുകയാണ്. തങ്ങളുടെ ഭരണ കാലത്ത് നിരപരാധികളെ ക്രൂരമര്‍ദനത്തിന് വിധേയമാക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. അന്ന് പ്രതിപക്ഷത്തെ എംഎല്‍എമാരെ കള്ളക്കേസുകളില്‍ കുടുക്കുകയും സിപിഎം പ്രവര്‍ത്തകരെ ഭീകര മര്‍ദനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഒരു ഉദ്യോഗസ്ഥനെതിരെ പോലും അന്ന് നടപടിയെടുത്തിട്ടില്ല.