അടൂര്‍: തിരഞ്ഞെടുപ്പ് ആവേശത്തിനിടയിലും അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ ഇന്ന് ഒരു വിങ്ങലായിരുന്നു. അവരുടെ പ്രിയപ്പെട്ട നേതാവ് എം.ജി. കണ്ണന്റെ ഓര്‍മ്മകള്‍. 2021-ലെ പോരാട്ടത്തില്‍ വെറും 2,919 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട കണ്ണന്‍, തോറ്റ മണ്ഡലത്തില്‍ ജയിച്ച എം.എല്‍.എയേക്കാള്‍ സജീവമായി ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അപ്രതീക്ഷിതമായുണ്ടായ പക്ഷാഘാതം ആ പോരാളിയുടെ ജീവന്‍ കവര്‍ന്നെടുത്തെങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തെ കോണ്‍ഗ്രസ് പ്രസ്ഥാനം തനിച്ചാക്കിയില്ല.

രാഹുല്‍ ഗാന്ധിയുടെ ഹൃദയസ്പര്‍ശിയായ ഇടപെടല്‍

അടൂരില്‍ നടന്ന യു.ഡി.എഫ് പ്രചാരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ രാഹുല്‍ ഗാന്ധി, കണ്ണന്റെ ഭാര്യ സജിതയെയും മക്കളായ ശിവകിരണിനെയും ശിവഹര്‍ഷിനെയും വേദിയിലേക്ക് ക്ഷണിച്ചു. തിരക്കിനിടയില്‍ ദൂരെ നിന്ന് രാഹുല്‍ ഗാന്ധിയെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ച കുരുന്നുകള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ വിളി ചേര്‍ത്തുപിടിക്കലായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരിട്ട് സജിതയെ വിളിച്ച് സമ്മേളനത്തിന് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വേദിയില്‍ സജിതയെയും മക്കളെയും രാഹുല്‍ ഗാന്ധി ചേര്‍ത്തുപിടിച്ചപ്പോള്‍ കണ്ടുനിന്ന പ്രവര്‍ത്തകരുടെ കണ്ണ് നിറഞ്ഞു.കണ്ണന്റെ ജനകീയതയെയും അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെയും രാഹുല്‍ വികാരാധീനനായി അനുസ്മരിച്ചു.

ചെന്നീര്‍ക്കര മാത്തൂര്‍ മേലേടത്ത് വീട്ടില്‍ ഗോപിയുടെയും ശാന്തമ്മയുടെയും മകനായ കണ്ണന്‍, കഠിനാധ്വാനത്തിലൂടെയാണ് രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് എത്തിയത്. ബിരുദപഠനത്തിന് ശേഷം പത്രം ഏജന്റായും കേബിള്‍ ടിവി ടെക്‌നീഷ്യനായും ജോലി ചെയ്ത അദ്ദേഹം, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കണ്ണന്‍, കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കരുത്തുറ്റ മുഖമായിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ 'അദ്ഭുതം'

2021-ലെ അടൂര്‍ നിയമസഭാ പോരാട്ടമായിരുന്നു കണ്ണന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായം. 2016-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ 25,460 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമായിരുന്നു അടൂര്‍. എന്നാല്‍ 2021-ല്‍ കണ്ണന്‍ എത്തിയതോടെ ഈ ഭൂരിപക്ഷം വെറും 2,919 ആയി കുറഞ്ഞു. ഒരു യുവനേതാവ് എന്ന നിലയില്‍ അടൂര്‍ മണ്ഡലത്തില്‍ അദ്ദേഹം ഉണ്ടാക്കിയ സ്വാധീനം രാഷ്ട്രീയ എതിരാളികളെ പോലും അമ്പരപ്പിച്ചിരുന്നു.

ഭരണമികവും സംഘടനാ പാടവവും

പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലം വരെ ജനപ്രതിനിധിയായി അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 23-ാം വയസ്സില്‍ 2005-ല്‍ ചെന്നീര്‍ക്കര ഗ്രാമപ്പഞ്ചായത്തംഗമായി. 2010-ലും 2015-ലും ഇലന്തൂര്‍, റാന്നി അങ്ങാടി ഡിവിഷനുകളില്‍ നിന്ന് വിജയിച്ച് ജില്ലാ പഞ്ചായത്തംഗമായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായും ഇടക്കാലത്ത് ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. രണ്ട് തവണ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായും പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

സമരമുഖങ്ങളിലെ മുറിവുകള്‍

രാഷ്ട്രീയ നിലപാടുകള്‍ക്ക് വേണ്ടി തെരുവിലിറങ്ങി പോരാടാന്‍ കണ്ണന്‍ ഒരിക്കലും മടിച്ചിരുന്നില്ല. നിരവധി രാഷ്ട്രീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന് പലപ്പോഴും പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. സമരമുഖങ്ങളില്‍ നേരിട്ട ഇത്തരം കടുത്ത പോലീസ് നടപടികള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വലിയ തോതില്‍ ക്ഷതമേല്‍പ്പിച്ചിരുന്നു. ഈ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മരണം വരെ അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു.

ഓര്‍മകള്‍ കോര്‍ത്തിിണക്കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്

ആ അവസാന ഫോണ്‍ വിളി

2025 മെയ് 10-ന് രാവിലെ സജിത വിളിക്കുമ്പോള്‍ കണ്ണന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സ്‌ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പരുമല ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കണ്ട ആ കാഴ്ച വരെ രാഹുല്‍ വിവരിക്കുന്നു.

രാഹുല്‍ ഗാന്ധി അടൂരിലെത്തിയപ്പോള്‍ കണ്ണന്റെ കുടുംബത്തെ അവഗണിച്ചില്ല. ദൂരെ നിന്ന് ഒന്ന് കാണാന്‍ ആഗ്രഹിച്ച മക്കളെയും സജിതയെയും കെ.സി. വേണുഗോപാല്‍ നേരിട്ട് വിളിച്ച് വേദിയിലെത്തിച്ചു. അവരെ രാഹുല്‍ ഗാന്ധി ചേര്‍ത്തുപിടിച്ചപ്പോള്‍ അത് വെറുമൊരു രാഷ്ട്രീയ നാടകമല്ല, മറിച്ച് മണ്‍മറഞ്ഞുപോയ ഒരു സഹപ്രവര്‍ത്തകനോടുള്ള ആദരവായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

അടൂരിന്റെ രണ്ട് എം.എല്‍.എമാര്‍!

'അടൂരിന് രണ്ട് എം.എല്‍.എമാരായിരുന്നു ഉണ്ടായിരുന്നത്, താനും കണ്ണനും' എന്ന് സിറ്റിംഗ് എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ കണ്ണന്റെ വിലാപയാത്രയ്ക്കിടയില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും നാട്ടുകാരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. 2016-ല്‍ 25,000-ത്തിന് മുകളില്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഭൂരിപക്ഷം വെറും രണ്ടായിരത്തിലേക്ക് കുറയ്ക്കാന്‍ കണ്ണന് സാധിച്ചത് അദ്ദേഹത്തിന്റെ ജനകീയത കൊണ്ടായിരുന്നു. പത്രം ഏജന്റായും കേബിള്‍ ടിവി ടെക്‌നീഷ്യനായും ജോലി ചെയ്ത് വളര്‍ന്നുവന്ന കണ്ണന്‍, അടൂരിലെ ഓരോ വീട്ടിലും കുടുംബാംഗത്തെപ്പോലെ പ്രിയപ്പെട്ടവനായിരുന്നു.

കണ്ണന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ?

കണ്ണന്റെ അസാന്നിധ്യത്തിലും അദ്ദേഹം അടൂരിലെ കോണ്‍ഗ്രസ് വിജയത്തിനായി കൊതിച്ചിരുന്നു. ഇത്തവണ അഡ്വ. സി.വി. ശാന്തകുമാറിലൂടെ ആ ലക്ഷ്യം കൈവരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് വില നല്‍കുന്ന ഒരു പാര്‍ട്ടിയുടെ കരുത്തിലാണ് സജിതയും മക്കളും ഇന്ന് ആശ്വാസം കണ്ടെത്തുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഈ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായി എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്ന ഒരാളുണ്ട് MG കണ്ണന്‍... അത് ഒരു നഷ്ടവും നിരാശയുമാണ്.

അടൂരില്‍ കണ്ണന്‍ ചേട്ടന്‍ അല്ലാതെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പറ്റി എനിക്കോ ഒരൊറ്റ അടൂരുകാരനോ ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര ഇഴയടുപ്പം അടൂരും കണ്ണന്‍ ചേട്ടനും തമ്മിലുണ്ട്.

25460 വോട്ടിന് 2016 ഇല്‍ തോറ്റ ഒരു മണ്ഡലത്തിലാണ് 2021 ഇല്‍ കണ്ണന്‍ ചേട്ടന്‍ മത്സരിക്കാന്‍ വന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് അടൂരിന്റെ പ്രിയപ്പെട്ട കണ്ണനായി മാറിയ ആ സമര പോരാളി വെറും 2919 വോട്ടിനാണ് പരാജയപ്പെട്ടത്. ആ പരാജയത്തിന് ശേഷം പിന്നെയും നാല് വര്‍ഷം വിജയിച്ച MLA യെക്കാള്‍ സജീവമായി അടൂരിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണന്‍ ചേട്ടന്‍ ഉണ്ടായിരുന്നു.

2025 മെയ് 10 ന് രാവിലെ ഞാന്‍ പാലക്കാട് നിക്കുമ്പോഴാണ് കണ്ണന്‍ ചേട്ടന്റെ ഫോണില്‍ നിന്ന് പതിവ് കാള്‍ വരുന്നത്. ഫോണ്‍ എടുത്തപ്പോള്‍ മറുതലയ്ക്കല്‍ കണ്ണന് പകരം ഭാര്യ സജിതയുടെ ശബ്ദമായിരുന്നു. ''കണ്ണന്‍ ചേട്ടന്‍ പറഞ്ഞിട്ട് വിളിക്കുകയാണ്, ചേട്ടന് വയ്യാതെ ആശുപത്രിയില്‍ പോകുന്നു ' എന്ന് പരിഭ്രമത്തോടെ സജിത പറയുമ്പോള്‍ കണ്ണന്‍ ചേട്ടന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നത് എനിക്ക് കേള്‍ക്കാം. ലക്ഷണം കേട്ടപ്പോള്‍ തന്നെ സ്‌ട്രോക്ക് ആണെന്നു എനിക്ക് മനസിലായി , പെട്ടന്നു തന്നെ പരുമല ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു.

പാലക്കാട് നിന്ന് ഞാന്‍ പരുമലക്ക് തിരിക്കുമ്പോള്‍ KC യേ വിളിച്ചിട്ട് ഇങ്ങനെ ഒരു പ്രശ്‌നമുണ്ട് ബെംഗളുരു നിംഹാന്‍സിലേക്ക് പോകാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു തരുമോയെന്ന് ചോദിച്ചു. അതനുസരിച്ച് KC ആ കാര്യങ്ങള്‍ എല്ലാം കോര്‍ഡിനേറ്റ് ചെയ്ത് തന്നു. പ്രതിപക്ഷ നേതാവ് ഷിഫ്റ്റ് ചെയ്യാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞു. പരുമലക്കുള്ള ആ യാത്രയില്‍ എന്റെ തോന്നല്‍ കണ്ണന്‍ ചേട്ടനു വേറെ കുഴപ്പം ഒന്നും ഉണ്ടാവില്ല, എന്നാലും ഒരു വര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് പെട്ടന്നു റിക്കവറി ചെയ്യണം അത്രേ ഉള്ളു

എന്നാല്‍ വളരെ പെട്ടന്നു കണ്ണന്‍ ചേട്ടന്റെ ആരോഗ്യ നില വഷളായി, ഒന്നും ഇനി ചെയ്യാന്‍ ഇല്ല വെന്റിലേറ്റര്‍ മാറ്റിയാല്‍ അപ്പോള്‍ മരണം സംഭവിക്കും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സജിതയെയും കൂട്ടി ജീവന്റെ കണിക മാത്രമുള്ള കണ്ണന്‍ ചേട്ടനെ കാണാന്‍ വെന്റിലേറ്റര്‍ ബെഡില്‍ പോയ കാഴ്ച കണ്ണില്‍ ഇപ്പോഴുമുണ്ട്. കണ്ണന്‍ ചേട്ടന്റെ വിലാപയാത്ര അടൂരിനെ ആകെ കരയിച്ചു കളഞ്ഞു. ''അടൂരിന് രണ്ട് MLA ആയിരുന്നു ഉണ്ടായിരുന്നത് താനും കണ്ണനും ' എന്ന് അടൂരിന്റെ MLA ചിറ്റയം ഗോപകുമാര്‍ പറഞ്ഞ വാക്കുകള്‍ മതി അടൂരിന് എത്ര മാത്രം പ്രിയപ്പെട്ടവന്‍ ആയിരുന്നു കണ്ണന്‍ ചേട്ടന്‍ എന്ന് തെളിയിക്കാന്‍.

അടൂര്‍ വീണ്ടും തിരഞ്ഞെടുപ്പ് ആവേശത്തിലായി. ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനം ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് കണ്ണന്‍ ചേട്ടനെയാണ്. ആ ഓര്‍മ്മ എനിക്ക് മാത്രം അല്ല എന്ന് മനസിലായ ദിവസമാണ് ഇന്ന്, പാര്‍ട്ടിയെ പറ്റി കൂടുതല്‍ അഭിമാനം തോന്നിയ ദിവസം. രാഹുല്‍ ഗാന്ധി അടൂരില്‍ വരുമ്പോള്‍ കണ്ണന്‍ ചേട്ടന്‍ ഇല്ലെങ്കിലും അയാളുടെ ഭാര്യ സജിതയും മക്കള്‍ ശിവകിരണും ശിവഹര്‍ഷും ഒപ്പം വേണം എന്ന് തീരുമാനിച്ച് ശ്രീ കെ സി വേണുഗോപാല്‍ സജിതയെ വിളിച്ചു. ആ സന്തോഷം പറയാന്‍ സജിത വിളിക്കുമ്പോള്‍ അവരുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. കാരണം ഇന്നലെ മക്കള്‍ പറഞ്ഞത്രേ ദൂരെ നിന്ന് രാഹുല്‍ ഗാന്ധിയെ കാണണം എന്ന്. തിരക്കായിരിക്കില്ലേ എങ്ങനെ രാഹുല്‍ ഗാന്ധിയെ കാണും എന്ന് മക്കളോട് ചോദിച്ച സജിതക്കാണ് KC യുടെ കാള്‍ എത്തുന്നത്..

കണ്ണന്‍ ചേട്ടന്റെ മക്കളെയും ഭാര്യയും ചേര്‍ത്ത് പിടിക്കുന്ന രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു.

നന്ദി KC, നന്ദി കോണ്‍ഗ്രസ് ഈ ചേര്‍ത്ത് നിര്‍ത്തലിന്....

കണ്ണന്‍ ചേട്ടന്റെ ആഗ്രഹമായിരുന്നു അടൂരില്‍ കോണ്‍ഗ്രസ് MLA, അത് അഡ്വ C V ശാന്തകുമാറിലൂടെ

അടൂര്‍ നേടും...