കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കെടുതി സാധാരണക്കാരന്റെ അടുക്കളയിലേക്കുമെത്തുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പെട്രോളിയം ഇറക്കുമതിയെ അത് സാരമായി ബാധിച്ചതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള ദ്രവീകൃത പാചകവാതക (എല്‍.പി.ജി.) വിതരണം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ഗാര്‍ഹികാവശ്യത്തിനായുള്ള വിതരണം പൂര്‍ണമായി തടസ്സപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. എന്നാല്‍, ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ഇതിനോടകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമ്പലമുകളില്‍ ബി.പി.സി.എല്‍. ഭാരത് ഗ്യാസിന്റെ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് പൂര്‍ണമായി നിര്‍ത്തി. ശനിയാഴ്ചമുതല്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. 14.5 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിന്‍ഡറും അഞ്ച്, 19.5, 35, 45 കിലോ ഭാരംവരുന്ന വാണിജ്യ സിലിന്‍ഡറുകളും അടക്കം ഏതാണ്ട് 50,000-ത്തോളം സിലിന്‍ഡറുകളാണ് പ്രതിദിനം നിറച്ചിരുന്നത്. ഇതില്‍ പന്ത്രണ്ടായിരത്തോളം വാണിജ്യ സിലിന്‍ഡറുകള്‍ പൂര്‍ണമായും നിര്‍ത്തി. പ്രധാനവിതരണക്കാരായ ഐ.ഒ.സി.യുടെ ഉദയംപേരൂര്‍ യൂണിറ്റില്‍ ഇന്‍ഡേന്‍ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നതും നിര്‍ത്തി.

എച്ച്.പി.സി.എലിന്റെ ഇരുമ്പനത്തെ യൂണിറ്റില്‍ എച്ച്.പി. ഗ്യാസിന്റെയും വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് ഭാഗികമാക്കി. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മേഖലയിലേക്കുള്ള വാണിജ്യ സിലിന്‍ഡറുകളുടെ ഉത്പാദനംമാത്രമാണ് നടക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള എല്‍.പി.ജി.യുടെ 60 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്താണ് റിഫൈനറികള്‍ ബോട്ടിലിങ് നടത്തി നല്‍കിവന്നിരുന്നത്.

വാണിജ്യ സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹോട്ടലുകളും പ്രതിസന്ധിയിലാണ്. വാണിജ്യ സിലിന്‍ഡറുകളുടെ ലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ 80 ശതമാനം ഹോട്ടലുകളും വരുംദിവസങ്ങളില്‍ പൂട്ടേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാല്‍ പറഞ്ഞു.

അതേസമയം പ്രതിസന്ധി രൂക്ഷമാകുമ്പോഴും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും രംഗത്തുവന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള വാതകം പൂര്‍ണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതില്‍ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എല്‍പിജി പൂഴ്ത്തിവയ്പ്പ് തടയാന്‍ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. ഹോര്‍മുസ് കടലിടുക്കിലെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പാചക വാതക ലഭ്യതയെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വാതകം പൂര്‍ണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പ് നല്‍കുന്നത്. എന്നാല്‍ വാണിജ്യ ആവശ്യത്തിനുള്ള വാതകത്തിന്റെ ലഭ്യതയില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നേക്കാം. വിതരണം കാര്യക്ഷമമാക്കും, ഊര്‍ജ ലഭ്യതയില്‍ കുറവില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

എല്‍പിജി സിലിണ്ടറിന്റെ പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയാനും, ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് വിതരണം കാര്യക്ഷമമാക്കാനുമാണ് അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ എല്‍പിജിയെ കൊണ്ടുവരുന്നത്. കൊവിഡ് കാലത്ത് സാനിറ്റൈസറും ഇതുപോലെ അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരുന്നു. പാചക വാതകത്തിന്റെ വിതരണം നിരീക്ഷിക്കാന്‍ പൊതുമേഖല എണ്ണ കമ്പനികളുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തലത്തിലുള്ള പ്രതിനിധികളെ അംഗങ്ങളാക്കി മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

റിഫൈനറികള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കണം. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. ഉത്പാദനം 10 ശതമാനം വര്‍ധിപ്പിക്കണം. കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് എല്‍.പി.ജി.യും എന്‍.എന്‍.ജി.യുമെത്തിക്കാനും നടപടി തുടങ്ങി. പൂഴ്ത്തിവെപ്പ് തടയാന്‍ ലക്ഷ്യമിട്ട് എല്‍.പി.ജി. ബുക്കിങ് കാലയളവ് 21-ല്‍നിന്ന് 25 ദിവസമാക്കി. ക്ഷാമം വിലയിരുത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മൂന്നംഗസമിതിയെ നിയോഗിച്ചു.