- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ ജോര്‍ജിന്റെ വിശ്വസ്തനും മുമ്പ് എംഎല്‍എ ഓഫീസിന്റെ ചുമതലയും; തോമസ് പി ചാക്കോ പത്തനംതിട്ട നഗരസഭ വാര്‍ഡില്‍ യുഡിഎഫില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി; പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുടുംബത്തോടെ ബിജെപിയില്‍ ചേര്‍ന്നു; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മനംനൊന്തെന്ന് കെ.ഹരി; തദ്ദേശതിരഞ്ഞെടുപ്പായപ്പോള്‍ ചില മറുകണ്ടം ചാടലുകള്‍ ഇങ്ങനെ
തദ്ദേശതിരഞ്ഞെടുപ്പായപ്പോള്‍ ചില മറുകണ്ടം ചാടലുകള്‍ ഇങ്ങനെ
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പായതോടെ വിവിധ പാര്‍ട്ടികളിലെ അസംതൃപ്തര്‍ മറുകണ്ടം ചാടുന്നത് തുടരുകയാണ്. ഇക്കാര്യത്തില്‍ സ്ഥാനാര്‍ഥിത്വം തേടിയോ, താന്‍ പറഞ്ഞയാളെ സ്ഥാനാര്‍ഥിയാക്കാത്തതിലോ, ചൊല്‍പ്പിടിക്ക് നില്‍ക്കാത്തയാളെ ഒഴിവാക്കാത്തതിലോ രോഷം പൂണ്ട് പ്രതികാര ദാഹിയായോ ഒക്കെയാണ് മറുകണ്ടം ചാടല്‍.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ എം എല്‍ എ ഓഫീസിന്റെ ചുമതല ഉണ്ടായിരുന്ന തോമസ് പി ചാക്കോ എല്‍ഡിഎഫില്‍ നിന്ന് ചാടി യുഡിഎഫില്‍ കുടിയേറി. പത്തനംതിട്ട നഗരസഭ 31 ാം വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി ആര്‍എസ്പി സ്ഥാനാര്‍ഥിയാണ് തോമസ്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം വീണ ജോര്‍ജിന്റെ വിശ്വസ്തനാണ്.
ഡിവൈഎഫ്‌ഐ മുന്‍ എരിയ പ്രസിഡന്റും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ തവണ ശാരദാ മഠം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.
അതേസമയം, പന്തളത്ത് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു. പന്തളം ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയാണ് സി.പി.എം. ബന്ധം ഉപേക്ഷിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പാര്‍ട്ടി നേതാവായ എന്‍. വാസുവിന്റെ അറസ്റ്റോടെയാണ് താന്‍ പാര്‍ട്ടി ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് കെ. ഹരി വ്യക്തമാക്കി.
'ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മനംനൊന്താണ് താന്‍ സി.പി.എം. വിടാന്‍ തീരുമാനിച്ചത്. എന്‍. വാസുവിന്റെ അറസ്റ്റോടെ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനം ഉറപ്പിച്ചു,' ഹരി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ തങ്ങളെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പന്തളത്തെ പാര്‍ട്ടിക്ക് കെ. ഹരിയുടെ രാജി വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഹരിയുടെ മാറ്റം പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.




