കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി. സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയും പ്രസാധകയുമായ എം.എ. ഷഹനാസ്. രാഹുല്‍ മോശം മെസേജ് അയച്ച് അധിക്ഷേപിച്ചെന്നും, ഇക്കാര്യം അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ഷാഫി പറമ്പിലിനോട് നേരിട്ട് അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ഷഹനാസ് തുറന്നടിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധം കാരണമാണെന്നും ഷഹനാസ് വെളിപ്പെടുത്തി.

രാഹുല്‍ മോശം മെസേജ് അയച്ചത് ഇങ്ങനെ:

ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായ സന്ദേശം അയച്ചതെന്ന് ഷഹനാസ് പറഞ്ഞു.

ഷഹനാസിന്റെ വാക്കുകളില്‍: 'കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന സമയത്ത്, 'എന്താണ് നിങ്ങള്‍ ഞങ്ങളോട് പറയാതെ പോയതെന്ന്' രാഹുല്‍ മെസേജ് അയച്ചിരുന്നു. വലിയ ആഗ്രഹമുണ്ടായിട്ട് പോയതാണെന്നും യൂത്ത് കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും കൂടി ഒന്നിച്ചു പോകാനാണെങ്കില്‍ വീണ്ടും പോകാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മള്‍ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു രാഹുലിന്റെ മറുപടി. അതിനുള്ള ഉത്തരം അന്ന് ഞാന്‍ കൊടുത്തിരുന്നു.'

'രാഹുലിന്റെ ഗാര്‍ഡിയന്‍ ഷാഫി'; ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് കൃത്യമായ തെളിവുകളോടെ ഷാഫി പറമ്പിലിന് മെസേജ് അയച്ചിരുന്നുവെന്ന് ഷഹനാസ് പറയുന്നു.

'രാഹുലിന്റെ ഗാര്‍ഡിയനാണ് ഷാഫി.' യൂത്ത് കോണ്‍ഗ്രസില്‍ വനിതാ പ്രവര്‍ത്തകര്‍ക്ക് രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ടതായി തനിക്ക് അറിയാമെന്നും ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നപ്പോള്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു എന്നും ഷഹനാസ് ആരോപിക്കുന്നു.

രാഹുലിനെ അധ്യക്ഷനാക്കരുത് എന്ന് താന്‍ ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നത് ജെ.എസ്. അഖിലിനെ ആയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് ഷാഫി പറമ്പില്‍ രാഹുലിനെ പ്രസിഡന്റാക്കിയതെന്നും അവര്‍ വെളിപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ മെമ്പര്‍ഷിപ്പ് ചേര്‍ത്താണ് രാഹുല്‍ അധ്യക്ഷനായതെന്ന ആരോപണം സംഘടനയില്‍ നിന്നുതന്നെ ഉയര്‍ന്നതാണെന്നും ഷഹനാസ് പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം

എം.കെ. മുനീര്‍ എം.എല്‍.എയുമായി തന്നെ ചേര്‍ത്ത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് അപവാദ പ്രചരണം നടത്തിയിരുന്നു. ഇതിന്റെ ശബ്ദരേഖ അടക്കം ഷാഫി പറമ്പിലിന് പരാതി നല്‍കിയിട്ടും തനിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പിന്നീട് ഉണ്ടായതെന്നും ഷഹനാസ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയില്‍ അന്ന് തന്റെ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടി വൈകുന്നതിനെതിരെ വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.