തിരുവനന്തപുരം: ജി സുധാകരന്‍ നേരത്തെ തന്നെ പാര്‍ടി മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലയെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണെന്നും, അദ്ദേഹത്തിന് എന്ത് വേണമെന്ന് ജനാധിപത്യപരമായി തീരുമാനിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അങ്ങനെ പാര്‍ടി ബന്ധം പരസ്യമായി ഉപേക്ഷിച്ച ശേഷമാണ് സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അമ്പലപ്പുഴ മണ്ഡലം നിലവില്‍ പാര്‍ടി സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുള്ള മണ്ഡലമാണ്. ആ വിജയം ഇത്തവണയും ആവര്‍ത്തിക്കും. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കമ്മിറ്റി നടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ഉടനെ തന്നെ പേരുകള്‍ പ്രഖ്യാപിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള സംഘടനാ തയ്യാറെടുപ്പുകള്‍ നല്ലരീതിയില്‍ നടന്നുവരികയാണ്. ബൂത്ത് തലം വരെ പാര്‍ടി തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ സജീവമായിക്കഴിഞ്ഞു. താഴെത്തലത്തിലുള്ള പരിശോധന കൂടി പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കും. വമ്പിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ പാര്‍ട്ടിയുമായി വഴിപിരിഞ്ഞ ജി സുധാകരനെ അവഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്നും സുധാകരന്‍ മത്സരിച്ചാലും ഭീഷണിയില്ലെന്നും നേതൃത്വം വിലയിരുത്തി. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വര്‍ഗവഞ്ചകനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി ഒട്ടിച്ചിരുന്നു.

സുധാകരന്റെ ജന്മനാടായ ചാരുംമൂട്ടില്‍ സിപിഐഎം നേതാക്കളുടെ നേതൃത്വത്തില്‍ സുധാകരനെതിരെ പ്രകടനവും നടന്നിരുന്നു. 'കുലംകുത്തി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇനിയും അത്തരത്തിലുള്ള പ്രചരണങ്ങളോ പ്രകടനങ്ങളോ നടത്തേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ തീരുമാനം.

സിപിഎഎമ്മുമായി ഇടഞ്ഞ ജി സുധാകരന്‍ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല,' സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ രാത്രിയില്‍ ജി സുധാകരനെതിരെ ജന്മനാട്ടില്‍ സിപിഐഎം പ്രകടനം നടത്തിയിരുന്നു. ചാരുമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനര്‍ ഉയര്‍ന്നിരുന്നു. കുലംകുത്തിയെന്ന് അധിക്ഷേപിച്ചാണ് ബാനര്‍. 'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ സുധാകരനെ അനുകൂലിക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹത്തിനൊപ്പം പോകാനായി കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകരുണ്ടെന്നും അമ്പലപ്പുഴ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് പറഞ്ഞിരുന്നു.