തിരുവനന്തപുരം/കോഴിക്കോട്: കോണ്‍ഗ്രസ് സഹയാത്രികയും എഴുത്തുകാരിയുമായ എം.എ. ഷഹനാസ് ഒരേസമയം സൈബര്‍ വേട്ടയാടലിനും നിയമപോരാട്ടത്തിനും നടുവില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ താന്‍ നേരിടുന്ന അതിരൂക്ഷമായ സൈബര്‍ ആക്രമണത്തിനെതിരെ ഷഹനാസ് മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കി. അതേസമയം, എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് നല്‍കിയ മാനനഷ്ടക്കേസില്‍ കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടി വന്നതും ഷഹനാസിന് തിരിച്ചടിയായി.

മുഖ്യമന്ത്രിക്ക് പരാതി: 'ആത്മഹത്യയുടെ വക്കില്‍'

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചതെന്ന് ഷഹനാസ് പരാതിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എം.പി എന്നിവരുടെ അനുയായിയായ നിബു വര്‍ഗീസ് എന്നയാളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നത്.

മോശമായ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നുവെന്നും ഇത് കുടുംബജീവിതത്തെ ബാധിക്കുന്നുവെന്നും പരാതിയിലുണ്ട്. ഈ ട്രോമ താങ്ങാനാകുന്നില്ലെന്നും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഷഹനാസ് മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. നിബു വര്‍ഗീസിന്റെ പ്രൊഫൈല്‍ ലിങ്കുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരായി

തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതിന് പിന്നാലെ, കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഷഹനാസ് ഹാജരായി. എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി.

2022-ല്‍ വി.ആര്‍. സുധീഷിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സുധീഷിന്റെ ആവശ്യം. ഈ കേസില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഷഹനാസ് ഹാജരായത്.