- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കന്‍ സ്കൂളിലെ വെടിവെപ്പില്‍ മരണം നാലായി; വെടിയുതിര്‍ത്തത് പതിനഞ്ചുകാരി പെണ്‍കുട്ടി; നതാലി സാമന്തക്ക് തോക്ക് ലഭിച്ചത് എങ്ങനെയെന്നും വെടിവെപ്പിലേക്ക് നയിച്ചത് എന്തെന്നും അന്വേഷണം; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍
അമേരിക്കന്‍ സ്കൂളിലെ വെടിവെപ്പില്‍ മരണം നാലായി
വാഷിംങ്ടണ്‍: അമേരിക്കയിലെ വിസ്‌കോസിനിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേരെം വെടിവെച്ചു കൊന്ന വിദ്യാര്‍ത്ഥിനിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടു. പതിനഞ്ചുകാരിയായ നതാലി സാമന്ത റുപ്നൗ ആണ് ആക്രമണം നടത്തിയത്. ഇന്നലെയാണ് സംഭവം നടന്നത്. അധ്യാപകരും വിദ്യാര്‍ഥികളുമായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിസ്‌കോസിന്‍ തലസ്ഥാനമായ മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏതാണ്ട് 400 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇതേസ്‌കൂളിലെ തന്നെ വിദ്യാര്‍ഥിനിയാണെന്ന് നേരത്തേ തന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആക്രമണം നടത്തിയ നതാലിയെ പിന്നീട് മരിച്ച നിലയില്‍ സ്‌കൂളില്‍ നിന്ന് കണ്ടെത്തി. ഈ കുട്ടി സ്‌ക്കൂളില്‍ തോക്കുമായിട്ടാണ് എത്തിയതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നഥാലിയുടെ കുടുംബം പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
ആക്രമണത്തിന് പ്രകോപനമായ കാരണത്തെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സ്‌കൂളില്‍ കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാര്‍ഥിനി മൂന്ന് മണിക്കൂറിന് ശേഷമാണ് തോക്ക് പുറത്തെടുത്ത് ആക്രമണം നടത്തിയത്. ആദ്യ വെടിശബ്ദം മുഴങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ പരക്കം പാഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ നേരത്തെ തന്നെ പരിശീലനങ്ങള്‍ നല്‍കിയിരുന്നതിനാല്‍ മിക്കവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നു. കുട്ടികളേയും അധ്യാപകനേയും വെടിവെച്ചതിന് ശേഷം സ്വയം വെടിവെച്ച നഥാലി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരിച്ചത്. നഥാലിയുടെ കുടുംബത്തിന് തോക്ക് ബിസിനസ് ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുകയാണ്.
വിദ്യാര്‍ത്ഥിനിയെ വെടിവെയ്ക്കാനായി പ്രകോപിപ്പിച്ച കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. അതിനിടയില്‍ നഥാലിയ ഭിന്നലിംഗക്കാരിയാണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചു. വളരെ നേരത്തേ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് ഈ പെണ്‍കുട്ടി സ്‌ക്കൂളില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടി കുറേ നാളായി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചു വരികയാണെന്നും ഇക്കാര്യം ചില കുറിപ്പുകളില്‍ നഥാലിയ വ്യക്തമാക്കിയിരുന്നു എന്നും പറയപ്പെടുന്നു. ഈ കുറിപ്പുകള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.
അമേരിക്കയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇതേപോലെയുള്ള 322 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടുമുമ്പത്തെ വര്‍ഷം അത് 349 ആയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കയിലെ തന്നെ മറ്റൊരു സ്‌കൂളില്‍ ഒരു 17-കാരന്‍ നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ സെപ്തംബറിലും അമേരിക്കയിലെ ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെയ്പ്പില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടത് രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമായിരുന്നു. ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.