കൊച്ചി: മലപ്പുറത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പീഡന ആരോപണത്തിന് പിന്നില്‍ പി.വി.അന്‍വറെന്ന ആരോപണവുമായി ജില്ലയിലെ സിപിഎം നേതാക്കള്‍. വാര്‍ത്ത ചിത്രീകരിക്കാന്‍ വീട് നല്‍കിയത് അന്‍വര്‍ പറഞ്ഞിട്ടെന്ന് ഏരിയാ കമ്മിറ്റി അംഗം പറയുന്നു. മനോരമാ ടിവിയാണ് വര്‍ത്ത പുറത്തു വിട്ടത്. ഇതോടെ പീഡന പരാതിയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണ്. എസ്.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മലപ്പുറം പൊന്നാനിയിലെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന വാര്‍ത്ത ചിത്രീകരിച്ചത് ആസൂത്രിതമാണന്നും അസ്വാഭാവികതയുണ്ടെന്നും ദൃക്‌സാക്ഷികളായ സിപിഎം നേതാക്കള്‍ മനോരമ ന്യൂസിസിനോട് പറഞ്ഞു. മലപ്പുറം മുന്‍ എസ്പി. എസ്. സുജിത്ദാസും ഡിവൈഎസ്പി. വി.വി. ബെന്നിയും സിഐ വിനോദ് വലിയാട്ടൂരും പീഡനത്തിന് ഇരയാക്കിയെന്ന പരാതി മുന്‍പ് കേട്ടിട്ടില്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.എം.സിദ്ദീഖ്. വീട്ടമ്മ വെളിപ്പെടുത്തല്‍ നടത്തിയ ചിത്രീകരണം നടന്ന വീടിന്റെ ഉടമയും സിദ്ദിഖാണ്. പി.വി. അന്‍വറും നിലവില്‍ സസ്‌പെന്‍ഷനിലുള്ള എസ്.ഐയുമാണ് ആസൂത്രണത്തില്‍ പ്രധാന പങ്കുവഹിച്ചതെന്ന് പൊന്നാനിയിലെ സിപിഎം നേതാക്കള്‍ പറയുന്നു.

പി.വി. അന്‍വറും പരാതി ഉന്നയിച്ച വീട്ടമ്മയും ചാനല്‍ കാമറയും എത്തിയപ്പോഴാണ് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമായതെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം ഖലിമുദ്ദീന്‍ വിശദീകരിച്ചു. സിപിഎം സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് പി വി. അന്‍വര്‍ വിളിച്ചപ്പോള്‍ ഖലിമുദ്ദീനും ഏരിയ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും ടി.എം. സിദ്ദീഖിന്റെ വീട്ടിലെത്തിയത്. ചാനല്‍ കാമറയ്ക്കു മുന്നില്‍ പരാതിക്കാരിയായ വീട്ടമ്മ പറയുന്ന ക്രമത്തില്‍ തന്നെ തെറ്റുകളുണ്ടായിരുന്നു. കാമറയ്ക്കു മുന്നില്‍ പറയാന്‍ സഹായിച്ചതും വിട്ട ഭാഗങ്ങള്‍ പൂരിപ്പിച്ചു നല്‍കിയതും നിലവില്‍ സസ്‌പെന്‍ഷനിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്താണെന്നാണ് ആരോപണം. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ഈ അഭിമുഖത്തെയാണ് മനോരമ വാര്‍ത്ത ചോദ്യം ചെയ്യുന്നത്. എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ തലേദിവസം മുതല്‍ സംസാരിച്ചിട്ടുണ്ടെന്നും സിപിഎം നേതാക്കളെ അതിന് ഉപകരണമാക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. മുന്‍കൂട്ടിയുളള തിരക്കഥയുടെ അടിസ്ഥാനത്തിലുളള കാര്യങ്ങളാണ് തന്റെ വീട്ടില്‍ നടന്നതെന്ന് ടി.എം.സിദ്ദീഖ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയില്‍ യഥാര്‍ഥത്തില്‍ എന്തു നടന്നുവെന്ന ബോധ്യം പാര്‍ട്ടിക്കുണ്ടെന്നും അത് ആവശ്യമുള്ള ഘട്ടത്തില്‍ കോടതിയെ അറിയിക്കുമെന്നും പൊന്നാനിയിലെ സിപിഎം നേതാക്കള്‍ വിശദീകരിച്ചു.

പൊന്നാനി സ്വദേശിനിയുടെ പീഡനാരോപണത്തില്‍ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. മുട്ടില്‍മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് സ്ത്രീയെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നും വി.വി. ബെന്നി ആവശ്യപ്പെട്ടു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മരംമുറിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വകാര്യ ചാനല്‍ ഉടമകളാണെന്നാണ് ഡിവൈ.എസ്.പി. പറഞ്ഞുവെക്കുന്നത്. വീട്ടമ്മയുടെ ആരോപണങ്ങള്‍ക്കുപിന്നില്‍ മുട്ടില്‍ മരംമുറിക്കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാമെന്ന് കഴിഞ്ഞദിവസം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നല്‍കി. ഈ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഗുരുതര ആരോപണമാണ് ബെന്നി ഉന്നയിച്ചത്. ഇതില്‍ അന്വേഷണം നടക്കുമ്പോഴാണ് പുതിയ ആരോപണങ്ങളാണ്.

നൂറുശതമാനവും താന്‍ നിരപരാധിയാണ്. ഒരുകുറ്റവും ചെയ്തിട്ടില്ല. മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ ഡിവൈ.എസ്.പി.യായിരുന്നപ്പോള്‍ പൊന്നാനി എസ്.എച്ച്.ഒ.യ്ക്ക് എതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് നിര്‍ദേശംനല്‍കിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിയുകയും എസ്.പി.ക്ക് അങ്ങനെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപുറമേ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളിയെന്ന് ബെന്നി പറയുന്നു. മലപ്പുറം മുന്‍ പോലീസ് മേധാവി സുജിത്ദാസ്, മുന്‍ തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, പൊന്നാനി ഇന്‍സ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലാണ് പൊന്നാനി സ്വദേശിയായ സ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്.

2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡിവൈ.എസ്.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരേ പരാതി നല്‍കാന്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. സുജിത്ദാസിനെതിരേ രംഗത്തുവരാന്‍ ധൈര്യംപകര്‍ന്നത് പി.വി. അന്‍വര്‍ എം.എല്‍.എ.യാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.