- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള അഭിനയ മികവിന് ദേശീയ പുരസ്ക്കാരങ്ങളില്‍ തഴഞ്ഞു; അസുഖ ബാധിതനായ ശേഷമുള്ള മടങ്ങിവരവില്‍ കണ്ടത് കളങ്കാവലിലെ സുന്ദര വില്ലനെ; മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാളത്തിന്റെ സൂപ്പര്‍താരത്തിന് ഒടുവില്‍ പദ്മഭൂഷണ്‍ എത്തുമ്പോള്‍ ആഹ്ലാദത്തില്‍ കേരളക്കര; അര്‍ഹിക്കുന്ന പുരസ്ക്കാരമെന്ന് മുഖ്യമന്ത്രിയും
ഭൂഷണ് എത്തുമ്പോള്‍ ആഹ്ലാദത്തില്‍ കേരളക്കര;

തിരുവനന്തപുരം: മലയാളികളുടെ അഹങ്കാരമാണ് മമ്മൂട്ടി എന്ന നടന്‍. പ്രായം ചെല്ലും തോറും അഭിനയത്തില്‍ മാറ്റുകൂട്ടുന്ന നടന്‍. അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം കിട്ടിയിട്ട് കാലം കുറേയായി. അതിന് ശേഷമാണ് ഇപ്പോഴാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്‌ക്കാരം ലഭിക്കുന്നത്. രോഗാവസ്ഥയില്‍ നിന്നും തിരികെ അഭിനയ ജീവിതത്തില്‍ സജീവമാകുമ്പോഴാണ് മമ്മൂട്ടിക്ക് പുരസ്‌ക്കാരം ലഭിക്കുന്നത്. കളങ്കാവല്‍ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം വലയി ചര്‍ച്ചയാകുമ്പോഴാണ് മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ എന്ന വാര്‍ത്തയെത്തുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ മമ്മൂട്ടിയെ തേടിയെത്തുന്നത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച് മാസങ്ങള്‍ക്ക് ഇപ്പുറത്താണ്.
ദേശീയ പുരസ്‌കാരവേളയില്‍ തഴയപ്പെട്ട ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായി നടത്തിയ ഞെട്ടിക്കുന്ന പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. പദ്മഭൂഷണ്‍ കൂടിയെത്തിയതോടെ സ്വയം വെട്ടിയ നേട്ടങ്ങളുടെ വഴിയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മമ്മൂട്ടി. ദേശീയ പുരസ്‌ക്കാരങ്ങള്‍ കുറച്ചുകാലമായി മമ്മൂട്ടിയെ വിട്ടു നില്‍ക്കുകയാണ്. ഇതിനിടെയാണ് രാജ്യത്തിന്റെ സുപ്രധാന പുരസ്‌ക്കാരം എത്തുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കുന്ന അതേ സായാഹ്നത്തിലാണ് പദ്മഭൂഷണ്‍ പ്രഖ്യാപിച്ചതെന്ന കൗതുകവുമുണ്ട്.
മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ച സന്തോഷത്തില്‍ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാന്‍ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വെച്ച് പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ശുപാര്‍ശ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും നല്‍കിയത് ഏറ്റവും സന്തോഷകരമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടിയെ അഭിനന്ദിക്കുന്നുവെന്നും എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനില്‍ക്കുന്നത്. ഓരോ കഥാപാത്രവും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം പകര്‍ച്ചയോടെയാണ് വിസ്മയിപ്പിക്കുന്നത്. നാലര ദശകമായ് 400 സിനിമകളിലായി പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാതലിലെ വേഷം ഏതൊരു സൂപ്പര്‍താരവും അഭിനയിക്കാന്‍ മടിക്കുന്നതായിരുന്നു. സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേത്. സിനിമയ്ക്കും അഭിനയ കലക്കും സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച മാതൃകയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു.
വ്യത്യസ്തവുമായ കഥാപാത്രങ്ങളെ തേടിയുള്ള പ്രയാണം
എന്നും അഭിനയത്തില്‍ വ്യത്യസ്തകള്‍ തേടിയുള്ള പ്രയാണത്തിലാണ് മമ്മൂട്ടി. ഈയാത്രയില്‍ പുതിയ ഊര്‍ജമാകും പദ്മഭൂഷണ്‍ എന്നാണ് വിലയിരുത്തലുകള്‍. എക്കാലവും സ്വയം പുതുക്കിപ്പണിയുന്ന അദ്ദേഹം ഓരോ കാലഘട്ടത്തിലും തന്റെ അഭിനയത്തിന്റെ രൂപവും ആഴവും പുതുതായി പുനര്‍നിര്‍മിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഏത് കാലഘട്ടത്തിലെ മമ്മൂട്ടിയാണ് മികച്ച നടന്‍ എന്ന ചോദ്യം അപ്രസക്തമാകുന്നത്.
കാലം മാറുമ്പോഴും സിനിമയുടെ ഭാഷ മാറുമ്പോഴും, മമ്മൂട്ടി അതിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. 74-ാം വയസ്സില്‍ മികച്ച നടനുള്ളസംസ്ഥാന പുരസ്‌കാരം എട്ടാം തവണയും മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്കെത്തുമ്പോള്‍, പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കുമ്പോള്‍, ആരാധകരും സിനിമാപ്രേമികളും ഒരുപോലെ അഭിമാനത്തോടെയും ആവേശത്തോടെയും കാത്തിരിക്കുകയാണ്..... ഇന്നുവരെ നാം കണ്ടിട്ടില്ലാത്ത മറ്റൊരു അതുല്യവേഷം എവിടെയോ അദ്ദേഹത്തിനായി ഇനിയും ഒരുക്കപ്പെടുന്നുണ്ടെന്ന പ്രതീക്ഷയോടെ.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണയും, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എട്ടുതവണയും മമ്മൂട്ടിയെ തേടിയെത്തി. 1981-ല്‍ 'അഹിംസ'യിലെ വാസുവെന്ന കഥാപാത്രത്തിലൂടെ മികച്ച സഹനടനായി സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടെയാണ് മമ്മൂട്ടി അവാര്‍ഡ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ, 'അടിയൊഴുക്കുകളി'ലെ കരുണന്‍ എന്ന വേഷം അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സമ്മാനിച്ചു. പിന്നീട്,1985, 1989, 1994, 2009, 2022, ഇപ്പോഴിതാ 2024 വരെ മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ നിരന്തരം അദ്ദേഹത്തെ തേടിയെത്തി.
സംസ്ഥാന പുരസ്‌കാരങ്ങള്‍
1981-ല്‍ അഹിംസ (സഹനടന്‍)
1984-ല്‍ അടിയൊഴുക്കുകള്‍
1985-ല്‍ യാത്ര, നിറക്കൂട്ട് (പ്രത്യേക ജൂറി പരാമര്‍ശം)
1989-ല്‍ ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം
1994-ല്‍ പൊന്തന്‍മാട, വിധേയന്‍, വാത്സല്യം
2004-ല്‍ കാഴ്ച
2009-ല്‍ പാലേരി മാണിക്യം
2022-ല്‍ നന്‍പകല്‍ നേരത്ത് മയക്കം
ദേശീയ പുരസ്‌കാരങ്ങള്‍
1990-ല്‍ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ
1994-ല്‍ വിധേയന്‍, പൊന്തന്‍മാട
1999-ല്‍ അംബേദ്കര്‍ (ഇംഗ്ലീഷ് ചിത്രം)
ഇതിനെല്ലാം പുറമെ 2022-ല്‍ പ്രഥമ കേരളപ്രഭ പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. 1998-ല്‍ പദ്മശ്രീ, 2010-ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടേയും കേരള സര്‍വകലാശാലയുടേയും ഡി-ലിറ്റ് ബിരുദം എന്നിവയും മമ്മൂട്ടിക്ക് ലഭിച്ചു. കൂടാതെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എന്നിവയും ഒട്ടേറെ സ്വകാര്യ പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ അദ്ദേഹത്തെ തേടിയെത്തി.
സിനിമ എന്ന മൂന്നക്ഷരത്തിനായി മുഴുവന്‍ ജീവിതവും സമര്‍പ്പിച്ച നടനാണ് മമ്മൂട്ടി. തന്റെ തന്നെ വിജയഫോര്‍മുലകള്‍ ആവര്‍ത്തിക്കാന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. ഒരിക്കല്‍ മമ്മൂട്ടിയെ കണ്ട മലയാളി പ്രേക്ഷകന്‍ പിന്നീട് അതേ ചട്ടക്കൂടിനകത്ത് അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരുകാലത്ത് അപ്പര്‍ മിഡില്‍ ക്ലാസ് മലയാളിയുടെ പ്രതിനിധിയായ കുടുംബസ്ഥനായെത്തിയ മമ്മൂട്ടിയെ പില്‍ക്കാലത്ത് നമുക്ക് അധികം കാണേണ്ടി വന്നിട്ടില്ല.
'യവനിക'യിലേയും 'അമര'ത്തിലേയും 'വടക്കന്‍ വീരഗാഥ'യിലേയും മമ്മൂട്ടി വ്യത്യസ്തനാണ്. 2000-നു ശേഷവും അദ്ദേഹം ആ പുതുമയുടെ പാതയിലായിരുന്നു. 'ലൗഡ് സ്പീക്കറി'ലെ മൈക്ക്, 'പ്രാഞ്ചിയേട്ട'നിലെ പ്രാഞ്ചി, 'മുന്നറിയിപ്പി'ലെ സി.കെ. രാഘവന്‍, 'പത്തേമാരി'യിലെ പള്ളിക്കല്‍ നാരായണന്‍. ഓരോ കഥാപാത്രങ്ങള്‍ക്കും അദ്ദേഹം പുതിയ രൂപവും ആത്മാവും കണ്ടെത്തി.
മലയാള സിനിമ എക്കാലവും മമ്മൂട്ടിയെമോഹിപ്പിക്കുന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ കാണാം. മലയാള സിനിമയ്ക്ക് തന്നെയല്ല, മറിച്ച തനിക്കാണ് സിനിമയെ ആവശ്യമെന്ന കൃത്യമായ ബോധ്യം മമ്മൂട്ടിക്കുണ്ടായിരുന്നു. മികച്ച സംവിധായകരെയും തിരക്കഥാകൃത്തുകളെയും തേടി മമ്മൂട്ടി തന്നെയാണ് അവരുടെ വാതില്‍ തട്ടിയത്. അടൂരിനെയും കെ.ജി. ജോര്‍ജിനെയും പോലുള്ള മഹാന്മാരുടെ മികച്ച ചിത്രങ്ങളില്‍ അദ്ദേഹംഭാഗമായി.
ബോംബെയില്‍ നിന്നെത്തിയ ഒരു കൂട്ടം യുവാക്കള്‍ക്ക് മമ്മൂട്ടി നല്‍കിയ ഒരു ഡേറ്റ് മലയാള സിനിമയുടെ ഗതി തന്നെ മാറ്റി. മലയാള സിനിമയെ ഉയര്‍ത്തിയ നിരവധി പുതിയ സംവിധായകരുടെ ആദ്യ ചിത്രങ്ങള്‍ മമ്മൂട്ടിയോടൊപ്പമായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട്, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നീ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. എല്ലാം തികഞ്ഞ നായകന്മാര്‍ നിറഞ്ഞുനിന്ന കാലത്ത്, അമ്മയ്ക്ക് പിറന്ന നാല് മക്കളു'ടെ കഥയുമായി 'ബിഗ് ബി' എത്തി.സി.കെ. രാഘവന്റേയും കൊടുമണ്‍ പോറ്റിയുടേയും ആ ചിരിയും ശൈലിയുമാണ് ഇന്നും സിനിമാപ്രേമികള്‍ ആവര്‍ത്തിച്ച് ആസ്വദിക്കുന്നത്. മമ്മൂട്ടി തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മലയാള സിനിമയുടെ തന്നെ വളര്‍ച്ചയുടെ അടയാളങ്ങളായി മാറി.


