കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ ക്ഷമാപണവുമായി ലോറിയുടമ മനാഫ്. ഇനി വിവാദത്തിനില്ല. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാന്‍. അത് മോശമായിപ്പോയെങ്കില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുതെന്നാണ് പറയാനുള്ളത്. - മനാഫ് പറഞ്ഞു

ഞാനൊരു പണപ്പിരിവും നടത്തിയിട്ടില്ല,മുതലെടുപ്പിനും ശ്രമിച്ചിട്ടില്ല. അതിന്റെ ആവശ്യം എനിക്കില്ല. എന്നും അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ്. നിസാരകാര്യങ്ങളിലാണ് ഇപ്പോള്‍ വിവാദം നടക്കുന്നത്. ഇന്നത്തോട് കൂടി വിവാദം അവസാനിപ്പിക്കണം. അര്‍ജുന് വേണ്ടിയാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുനെ കിട്ടിയ ശേഷം ആ യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല - മനാഫ് പറഞ്ഞു

വാഹനത്തിന്റെ ആര്‍സി സഹോദരന്റെ പേരിലാണെങ്കിലും നോക്കി നടത്തുന്നത് എല്ലാവരും ഒരുമിച്ചാണെന്നും മനാഫ് വ്യക്തമാക്കി.'അച്ഛന്റെ മരണ ശേഷം ബിസിനസ് നമ്മള്‍ നാലു സഹോദരന്മാരും ഏറ്റെടുക്കുകയായിരുന്നു. അതില്‍ സഹോദരനായ മുബീന്റെ പേരിലാണ് വാഹനങ്ങള്‍ വാങ്ങുന്നത്. കാരണം അവനാണ് യാത്ര ചെയ്യാന്‍ പെട്ടെന്ന് പറ്റുന്നത്. ഞാന്‍ ആരുടെയും കൈയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നും എനിക്കില്ല. എന്റെ അക്കൗണ്ട് നമ്പര്‍ എല്ലാം വച്ച് പരിശോധിക്കാം.

ഇന്ന് സ്‌കൂളില്‍ ഒരു ചടങ്ങ് ഉണ്ടായിരുന്നു. അവര്‍ മുന്‍പ് എനിക്ക് പണം നല്‍കുന്നുവെന്ന് പറഞ്ഞിരുന്നു. ആ പണം ഞാന്‍ സ്വീകരിച്ചില്ല. പകരം അത് അര്‍ജുന്റെ മകന് നല്‍കാന്‍ ശ്രമിച്ചു. മകന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചതാണ് ഞാന്‍ ഇപ്പോള്‍ ചെയ്ത തെറ്റ്.ചില പരിപാടിയില്‍ പോകുമ്പോള്‍ തരുന്ന പണം അര്‍ജുന്റെ മകന് കൊടുക്കാന്‍ ആഗ്രഹിച്ച് പോയതാണ് ഞാന്‍ ചെയ്ത തെറ്റ്. ഇന്ന് ഞാന്‍ പരിപാടിയ്ക്ക് പോയപ്പോള്‍ പണം വാങ്ങിയില്ല. അവന് ഭാവിയില്‍ ഉപയോഗം ചെയ്യുമെന്ന് കരുതി ചെയ്തതാണ്. മാപ്പ് ചോദിക്കുന്നു. എന്റെ കുടുംബത്തിന്റെ ഒരു ഭാഗമാണ് അര്‍ജുന്റെ കുടുംബം എന്ന് കരുതിയ ആളാണ് ഞാന്‍. യൂട്യൂബ് ചാനലില്‍ നിന്ന് ഞാന്‍ അര്‍ജുന്റെ ഫോട്ടോ മാറ്റി.

കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരാണ് അര്‍ജുന്റെ വിഷയം കൂടുതല്‍ പുറത്തുകൊണ്ടുവന്നത്. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും അര്‍ജുനെ തിരിച്ച് എത്തിക്കാന്‍ കഴിയുമായിരുന്നില്ല.മാദ്ധ്യമപ്രവര്‍ത്തകരാണ് പെട്ടെന്ന് ന്യൂസ് വന്നാല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങി തന്നത്. ഞാന്‍ ഒറ്റയ്ക്കാണ് അവിടെ നിന്നത് അതിനാലാണ് ഞാന്‍ ചാനല്‍ തുടങ്ങിയത്.

ലോറിയുടമ മനാഫ് എന്ന് ആ യൂട്യൂബ് ചാനലിന് പേര് ഇട്ടത് ആദ്യം ചാനലുകളിലില്‍ എന്റെ പേര് അങ്ങനെയാണ് വന്നത് അതിനാലാണ്. ഇന്ന് രണ്ട് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സ് എനിക്കായി. അര്‍ജുനെ കണ്ടെത്തിയ ശേഷം ചാനല്‍ നിര്‍ത്താം എന്നാണ് കരുതിയത്. ഒരു യൂട്യൂബ് ചാനലില്‍ നിന്ന് എന്ത് കിട്ടുമെന്നുപോലും അറിയില്ല. ഒരു വിവാദത്തിനും എനിക്ക് താല്‍പര്യമില്ല. വീണ്ടും പറയുന്നു അര്‍ജുനെ കണ്ടെത്തുന്ന കാര്യം പറയാനും അത് മറ്റുള്ളവരെ ഓര്‍മപ്പെടുത്താനുവേണ്ടിയാണ് ചാനല്‍ തുടങ്ങിയത്. ഷിരൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ലോറി ഉടമ മനാഫും കുടുംബവും.