തൃശൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന 'ഓപ്പറേഷന്‍ കമലിന്' സമാനമായ അട്ടിമറി നീക്കങ്ങളിലൂടെ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഇടതുകോട്ട തകര്‍ന്നു. നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 23 വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) ഭരിച്ചിരുന്ന പഞ്ചായത്തില്‍, ബിജെപി അംഗങ്ങളുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളുടെയും പിന്തുണയോടെയാണ് ടെസി ജോസ് വിജയം നേടിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയും ബിജെപിയുമായി ചേര്‍ന്ന് ടെസി ജോസിനെ പിന്തുണയ്ക്കുകയുമായിരുന്നു.

24 അംഗങ്ങളുള്ള മറ്റത്തൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 10 സീറ്റുകളും, കോണ്‍ഗ്രസിന് 8 സീറ്റുകളും, ബിജെപിക്ക് 4 സീറ്റുകളും ലഭിച്ചിരുന്നു. രണ്ട് കോണ്‍ഗ്രസ് വിമതരും വിജയിച്ചിരുന്നു. ഇതോടെ എല്‍ഡിഎഫിനും യുഡിഎഫിനും (രണ്ട് വിമതരുടെ പിന്തുണയോടെ) 10 സീറ്റുകള്‍ വീതമായി തുല്യതയിലായി.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനുള്ളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് വിമതനായി വിജയിച്ച കെ.ആര്‍. ഔസേപ്പിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ.ആര്‍. ഔസേപ്പ് എല്‍ഡിഎഫുമായി ധാരണയിലെത്തുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു.

ഔസേപ്പിന്റെ ഈ നീക്കത്തില്‍ വിശ്വാസവഞ്ചന ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ച് പ്രതിഷേധിച്ചു. ഡിസിസി അധ്യക്ഷന് രാജിക്കത്ത് നല്‍കിയ ഈ എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്നീട് സ്വതന്ത്രരായി നിലകൊണ്ടു. തുടര്‍ന്ന് ഈ എട്ട് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ചേര്‍ന്ന് രണ്ടാമത്തെ കോണ്‍ഗ്രസ് വിമതയായ ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായിരുന്നെങ്കിലും, ടെസി ജോസ് വിജയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തിയും എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ കൂട്ടുകെട്ടിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. കൂടാതെ, എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയ കെ.ആര്‍. ഔസേപ്പിന് തടയിടുക എന്നതും കോണ്‍ഗ്രസ് അംഗങ്ങളുടെ ഈ നീക്കത്തിന് കാരണമായി. ഈ സംഭവം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തുന്ന 'ഓപ്പറേഷന്‍ കമല്‍' മോഡലിന് സമാനമാണെന്നും വിലയിരുത്തലുകളുണ്ട്. ബിജെപിയുമായി കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് മറ്റത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.

അതേസമയം മറ്റത്തൂരില്‍, കോണ്‍ഗ്രസ് സംഘടനാനടപടിയെടുത്തു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.