- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവാടത്തിലെ നിര്‍മാണപ്രവൃത്തികളും സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല; നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം; സ്‌റ്റേഡിയത്തിന്റെ പറമ്പിലെ മരമെല്ലാം വെട്ടിമാറ്റുകയത് സ്പോണസര്‍ക്ക് നേട്ടം; മാര്‍ച്ചില്‍ മെസി വരില്ലെന്ന് വ്യക്തം; അര്‍ജന്റീനിയന്‍ തള്ളി ഇനിയെങ്കിലും നിര്‍ത്താം
കൊച്ചി: മാര്‍ച്ചിലും അര്‍ജന്റീനിയന്‍ ടീമോ ലെയണല്‍ മെസിയോ കേരളത്തില്‍ എത്തില്ലെന്ന് ഉറപ്പായി. മെസിയുടെ വരവുമായി ബന്ധപ്പെട്ട പരിവുകളിലൂടെ കോടികള്‍ കൈക്കലാക്കിയിരുന്നു. സമയപരിധി അവസാനിച്ചതോടെ കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പാതിവഴിയില്‍ നിര്‍ത്തി സ്റ്റേഡിയം ജിസിഡിഎയെ തിരിച്ചേല്‍പിച്ച് സ്പോണ്‍സര്‍ നല്‍കുന്നത് ഇനി മെസി വരില്ലെന്ന സന്ദേശം തന്നെയാണ്. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വ്യക്തത വരുത്താന്‍ ജിസിഡിഎ വിശദീകരണം നല്‍കും. വ്യക്തമായ കരാര്‍ ഇല്ലാതെയായിരുന്നു സ്റ്റേഡിയം ജിസിഡിഎ സ്പോണ്‍സര്‍ക്കു കൈമാറിയത്. മെസി അടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തിലേക്കെത്തുമെന്ന സ്‌പോണ്‍സറുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇത്.
മെസി കേരളത്തില്‍ വരുമെന്നാണ് ഇപ്പോഴും സ്‌പോണ്‍സര്‍ ആവര്‍ത്തിക്കുന്നത്. അങ്ങനെ എങ്കില്‍ സ്‌റ്റേഡിയത്തിലെ നവീകരണം തുടരേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ സ്‌റ്റേഡിയം കൈമാറുന്നു. ഇതോടെ മെസി മാര്‍ച്ചിലെ അന്താരാഷ്ട്ര വിന്‍ഡോയിലും കേരളത്തില്‍ എത്തില്ലെന്ന് ഉറപ്പായി. മെസി കേരളത്തില്‍ വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ച ദിവസം നവംബര്‍ 16 ആയിരുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെസിയുടെ 'ഗോട്ട് ടൂര്‍ 2025' ല്‍ ഹൈദരാബാദിനെ കൂടി ഉള്‍പ്പെടുത്തിയെന്നാണ് സ്ഥിരീകരണം. 2025 ഡിസംബര്‍ 13 ന് ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ 'രേവന്ത് റെഡ്ഡി 9 ് െലയണല്‍ മെസി 10' എന്ന സ്വപ്നതുല്യമായ മത്സരത്തിനും ഹൈദരാബാദ് സാക്ഷ്യം വഹിക്കും. കൊച്ചിയ്ക്ക് പകരമാണ് ഈ മത്സരം. ഈ പ്രഖ്യാപനത്തോടെയാണ് മെസി കേരളത്തില്‍ വരില്ലെന്ന് ഉറപ്പായത്. ഇതോടെ സ്‌റ്റേഡിയവും കൈമാറി.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 26നാണ് സ്പോണ്‍സര്‍ സ്റ്റേഡിയം ഏറ്റെടുത്തത്. നവംബര്‍ 30നകം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പറഞ്ഞിരുന്നത്. എന്നാല്‍, സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പാര്‍ക്കിംഗ്, കവാടത്തിലെ നിര്‍മാണപ്രവൃത്തികള്‍, സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊന്നും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം. സ്‌റ്റേഡിയത്തിന്റെ പറമ്പിലെ മരമെല്ലാം വെട്ടിമാറ്റുകയും ചെയ്തു. ലയണല്‍ മെസിയെ കൊണ്ടുവരുമെന്നും ഇതിനായി 70 കോടി രൂപ ചെലവില്‍ സ്റ്റേഡിയം പുതുക്കിപ്പണിയും എന്നുമായിരുന്നു സ്പോണ്‍സറുടെ വാഗ്ദാനം. ഇതിനു പിന്നാലെ സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പുതിയ കവാടം, സീറ്റ് മാറ്റല്‍, വിവിഐപി ഏരിയ പുതുക്കിപ്പണിയല്‍, ഫ്‌ലഡ് ലൈറ്റ്, ടര്‍ഫ് നവീകരണം അടക്കമുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. അര്‍ജന്റീനിയന്‍ ടീമിന്റെ വരവ് ഉറപ്പിക്കാതെയായിരുന്നു ഇതെല്ലാം.
അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ഒക്ടോബറില്‍ വ്യക്തമാക്കി. ഇതോടെ നിര്‍മാണപ്രവൃത്തികളില്‍ മെല്ലെപ്പോക്ക് തുടര്‍ന്നു. ഇതിനെതിരേ സ്റ്റേഡിയം കെട്ടിടത്തിലെ കടയുടമകള്‍ രംഗത്തെത്തിയിരുന്നു. പെയിന്റിംഗ് ജോലികളും പുതിയ സീറ്റ് ഘടിപ്പിക്കുന്നതും പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. ജിസിഡിഎ നേരിട്ട് സ്റ്റേഡിയം കൈമാറിയിട്ടില്ലെന്നും സ്പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ മുഖേനയാണു കരാറെന്നുമായിരുന്നു ജിസിഡിഎയുടെ വാദം. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജിസിഡിഎ പണം ചെലവഴിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നിരുന്നു. കരാര്‍ കാലാവധി അവസാനിച്ചതോടെ സ്റ്റേഡിയം കേരള സ്പോര്‍ട്സ് ഫൗണ്ടേഷന്‍ തിരിച്ചെടുത്തു. പൂര്‍ത്തിയാകാനുള്ള ജോലികളില്‍ ഏതാനും ചിലത് സ്പോണ്‍സര്‍ ചെയ്യുമെന്നാണു ജിസിഡിഎ അറിയിക്കുന്നത്.
ഏതായാലും മലയാളികള്‍ക്ക് ഹൈദരാബാദില്‍ പോയാല്‍ മെസിയെ കാണാം. മെസി നയിക്കുന്ന ടീമിനെ ഹൈദരാബാദില്‍ നേരിടുന്നത് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നയിക്കുന്ന ടീമാണെന്നുള്ള പ്രത്യേകതകൂടിയുണ്ട്. രേവന്ത് റെഡ്ഡി 9-ാം നമ്പര്‍ ജഴ്സിയും മെസി 10-ാം നമ്പര്‍ ജഴ്സിയും ധരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രതിഭകളായിരിക്കും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകുക. 'ഡിസംബര്‍ 13 ന് ഹൈദരാബാദ് മെസിയെ സ്വാഗതം ചെയ്യുകയും കളിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യും. നമ്മുടെ നാടിനും മെസിയെന്ന ഇതിഹാസത്തെ കാണാന്‍ സ്വപ്നം കണ്ട ഓരോ ഫുട്‌ബോള്‍ ആരാധകനും ഇത് ആവേശകരമായ നിമിഷമാണ്. അഭിമാനത്തോടുകൂടിയാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ ഹൈദരാബാദ് ഒരുങ്ങിയിരിക്കുന്നത്' മെസിയുടെ ഹൈദരാബാദ് സന്ദര്‍ശനം സ്ഥിരീകരിച്ചുകൊണ്ട് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
മെസിയും ഇന്‍സ്റ്റഗ്രാമില്‍ ഹൈദരാബാദ് സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. 'ഇന്ത്യയുടെ സ്‌നേഹത്തിന് നന്ദി! GOAT ടൂര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കും! കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ക്കൊപ്പം ഹൈദരാബാദിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ കാണാം, ഇന്ത്യ' മെസി കുറിച്ചു. അതേസമയം, അഹമ്മദാബാദിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ് ഹൈദരാബാദിനെ 'ഗോട്ട് ഇന്ത്യ' ടൂറില്‍ ഉള്‍പ്പെടുത്തിയതെന്നും അതല്ല അര്‍ജന്റീനയുടെ കൊച്ചിയിലെ സൗഹൃദ മത്സരം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഹൈദരാബാദിനെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഡിസംബര്‍ 13 ന് കൊല്‍ക്കത്തയില്‍ നിന്നായിരിക്കും മെസിയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക, അതേദിവസം വൈകുന്നേരം ഹൈദരാബാദിലും മെസിയെത്തും. തുടര്‍ന്ന് ഡിസംബര്‍ 14 ന് മുംബൈയിലും ഡിസംബര്‍ 15 ന് ഡല്‍ഹിയും സന്ദര്‍ശിക്കും. ?രാജ്യ തലസ്ഥാനത്തുവച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലായിരിക്കും പര്യടനം സമാപിക്കുക. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍, സംഗീത പരിപാടികള്‍, മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനുകള്‍, കുട്ടികള്‍ക്കുള്ള മാസ്റ്റര്‍ക്ലാസുകള്‍, അനുമോദന ചടങ്ങുകള്‍ എന്നിവയാണ് പര്യടനത്തില്‍ ഉള്‍പ്പെടുന്നത്.




