ലണ്ടന്‍: വിപണിയില്‍ മത്സരം കനത്തതോടെ ജീവനക്കാരുടെ എണ്ണം കുറച്ച്, പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ ആരംഭിച്ചിരിക്കുകയാണ് പല വമ്പന്‍ കമ്പനികളും. അതോടൊപ്പം തന്നെ ജീവനക്കാര്‍ക്ക് മേലുള്ള സമ്മര്‍ദ്ധം വര്‍ദ്ധിപ്പിച്ച്, അവരുടെ കാര്യക്ഷമത പരമാവധിയില്‍ എത്തിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനായി അവര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കും എന്നത് ഒരു വസ്തുത തന്നെയാണ്.

മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയെ പോലുള്ള ഒരു വന്‍ കോര്‍പ്പറേറ്റ് സ്ഥാപനം, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഒരിക്കലും ചെയ്യില്ല എന്ന് നമ്മളൊക്കെ ഉറപ്പിച്ചിരുന്ന കാര്യമാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. അടുത്തിടെ മെറ്റ ചില ജീവനക്കാരെ പിരിച്ചു വിട്ടത്, 25 ഡോളറിന്റെ മീല്‍സ് അലവന്‍സ് അവര്‍ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നതിനാണ്. സ്റ്റാന്‍ലി വാട്ടര്‍ ബോട്ടിലുകള്‍ വാങ്ങാന്‍ ക്രമം തെറ്റിച്ച ചില ജീവനക്കാരെ ടാര്‍ഗറ്റും പിരിച്ചു വിട്ടിരുന്നു.

ഒരേ സമയം ഒന്നിലധികം പരിശീലന വീഡിയോകള്‍ കണ്ടു എന്ന് ആരോപിച്ച് ആഗോള തലത്തില്‍ അക്കൗണ്ടിംഗ്, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്‍കുന്ന ഏണസ്റ്റ് ആന്‍ഡ് യംഗ് എന്ന കമ്പനിയും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇത്തരത്തില്‍ പിരിച്ചു വിടപ്പെടുന്നവരുടെ എണ്ണം കുറവാണെങ്കിലും, തങ്ങള്‍ക്ക് ആവശ്യമില്ല എന്ന് തോന്നുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനികള്‍ ഏത് നടപടിയും സ്വീകരിക്കും എന്നതിന് ഉത്തമ ഉദാഹരണങ്ങളായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ജീവനക്കാരുടെ ആവശ്യകത വര്‍ദ്ധിക്കുമ്പോള്‍, നിയമങ്ങള്‍ പലതും മാറ്റിവെച്ച് ഉദാരമായ റിക്രൂട്ടിംഗ് സമീപനം കൈക്കൊള്ളുന്ന കമ്പനികള്‍, ആളുകള്‍ ആവശ്യത്തിലധികമാവുകയും, ചിലരെ പറഞ്ഞു വിടുകയും ചെയ്യേണ്ടുന്ന സാഹചര്യമെത്തുമ്പോള്‍ നിയമങ്ങള്‍ കര്‍ശനമാക്കും. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ കമ്പനികള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ല. ടെഡെസ്‌കോയിലും, അടുത്തിടെ ഭക്ഷണത്തിനായി നല്‍കിയ സ്‌റ്റൈപ്പെന്‍ഡുകള്‍ ഉപയോഗിച്ച് പലവ്യഞ്ജനനങ്ങള്‍ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.