വാഷിങ്ടൺ: പശ്ചിമേഷ്യൻ മണ്ണിൽ യുദ്ധകാഹളം മുഴങ്ങുന്നത് ഇനി മനുഷ്യന്റെ ആജ്ഞാനുസരണമല്ല, മറിച്ച് അത്യാധുനിക കൃത്രിമബുദ്ധി ടൂളുകളുടെ കണക്കുകൂട്ടലുകൾക്കൊപ്പമാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയെനിയെ വധിച്ച ഇസ്രയേൽ-യുഎസ് വ്യോമാക്രമണം പുതിയൊരു യുദ്ധയുഗത്തിന്റെ വിളംബരമായി മാറിക്കഴിഞ്ഞു. ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്നതു മുതൽ ആയുധങ്ങൾ തിരഞ്ഞെടുക്കുന്നതു വരെ എഐ നേരിട്ട് നിയന്ത്രിക്കുന്ന ഈ സംഘർഷം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകം ഭീതിയോടെ ഉറ്റുനോക്കുന്നത് യന്ത്രങ്ങൾ നയിക്കുന്ന മരണക്കളത്തെയാണ്.

മനുഷ്യചിന്തയുടെ വേഗത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഇറാന് നേരെ യുഎസും ഇസ്രയേലും എഐ ടൂളുകളെ വിന്യസിച്ചിരിക്കുന്നത്. ആദ്യ 12 മണിക്കൂറിനുള്ളിൽ മാത്രം ഇറാനിൽ ഏകദേശം 900 ആക്രമണങ്ങളാണ് നടന്നത്. ഈ മിന്നൽ നീക്കങ്ങൾക്ക് പിന്നിൽ ആന്ത്രോപിക്കിന്റെ 'ക്ലോഡ്' എന്ന എഐ സംവിധാനമാണെന്നാണ് രാജ്യാന്തര മാധ്യമമായ 'ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നത്. ഡ്രോൺ ദൃശ്യങ്ങൾ, സാറ്റലൈറ്റ് ഭൂപടങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ സിഗ്നലുകൾ എന്നിവ നിമിഷനേരം കൊണ്ട് വിശകലനം ചെയ്ത് ശത്രുവിന്റെ ഒളിത്താവളങ്ങൾ കൃത്യമായി മാർക്ക് ചെയ്യാൻ ക്ലോഡിന് സാധിച്ചു. ഗാസയിൽ നേരത്തെ പരീക്ഷിച്ച ഈ സാങ്കേതികവിദ്യ ഇറാനിലും വിജയകരമായി നടപ്പിലാക്കിയതോടെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള പ്രമുഖർക്ക് ജീവൻ നഷ്ടമായി.

പരമ്പരാഗത യുദ്ധമുറകളിൽ ദിവസങ്ങളെടുക്കുന്ന ആസൂത്രണം എഐ വഴി മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം. എന്നാൽ, ഇത് വലിയൊരു നൈതിക പ്രതിസന്ധിക്ക് വഴിതുറക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധക്കളത്തിലെ സൈനികരും നിയമവിദഗ്ധരും വെറും 'റബ്ബർ സ്റ്റാമ്പുകൾ' മാത്രമായി മാറുന്നു എന്നതാണ് പ്രധാന ആശങ്ക. എഐ നൽകുന്ന ടാർഗറ്റുകൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്ന ജോലി മാത്രമാണ് ഇപ്പോൾ മനുഷ്യർ ചെയ്യുന്നത്. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് യന്ത്രങ്ങൾക്ക് ബോധ്യമില്ലാത്തതിനാൽ, ഇത് വലിയ മാനുഷിക ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്ന് ലണ്ടൻ ക്വീൻ മേരി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡേവിഡ് ലെസ‌്‌ലി ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ലോഡ് എഐ ഉപയോഗിക്കുന്നത് വിലക്കിയിരുന്നുവെങ്കിലും സൈന്യം ഇത് അവഗണിച്ചതായാണ് സൂചന. ആന്ത്രോപിക്കിന്റെ നിബന്ധനകൾ ലംഘിച്ചുകൊണ്ട് യുദ്ധാവശ്യങ്ങൾക്കായി ഈ ടൂൾ ഉപയോഗിക്കുന്നത് പെന്റഗണിനുള്ളിൽ തന്നെ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. എങ്കിലും മറ്റൊരു സംവിധാനത്തിലേക്ക് മാറാൻ മാസങ്ങൾ എടുക്കുമെന്നതിനാൽ ക്ലോഡിനെ തന്നെ ആശ്രയിക്കാൻ സൈന്യം നിർബന്ധിതരാകുകയായിരുന്നു. ഇതിനിടെ ഓപ്പൺ എഐ പെന്റഗണുമായി പുതിയ കരാറുകളിൽ ഏർപ്പെട്ടതും പ്രതിരോധ രംഗത്തെ സാങ്കേതിക മത്സരം വർദ്ധിപ്പിച്ചിട്ടുണ്ട്.

അമേരിക്കയും ഇസ്രയേലും അത്യാധുനിക എഐ വിദ്യകൾ ഉപയോഗിക്കുമ്പോൾ, പ്രതിരോധിക്കാൻ ഇറാൻ പാടുപെടുകയാണ്. ഇറാൻ സ്വന്തമായി വികസിപ്പിക്കുന്ന എഐ പദ്ധതികൾ യുഎസ്-ചൈന ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയിലെ ഈ സംഘർഷം കേവലം ഭൂപ്രദേശത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് സാങ്കേതിക മുൻതൂക്കത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണെന്ന് വ്യക്തം.