- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കിട്ടുന്ന വിമാനത്തില്‍ കയറി രക്ഷപ്പെട്ടോണം! ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം; പ്രാണരക്ഷാര്‍ത്ഥം എംബസി പൂട്ടി ബ്രിട്ടന്‍; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ട്രംപിന്റെ 'കൊലയാളി' ഡ്രോണുകള്‍'; മിസൈല്‍ കേന്ദ്രങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് ചാമ്പലാക്കും; ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം; ഏതുനിമിഷവും ആക്രമണം
ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം

ടെഹ്‌റാന്‍: പശ്ചിമേഷ്യ അതീവ ജാഗ്രതയില്‍. യുഎസും, ഇറാനും തമ്മിലുള്ള വെല്ലുവിളികളെയും ഭീഷണികളെയും തുടര്‍ന്ന് മേഖലയിലെ വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് ജാഗ്രതയിലാണ് ഇസ്രയേലും, ബ്രിട്ടനുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍. ഇസ്രായേലിലെ യുഎസ് എംബസിയിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യം വിടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പുകളെത്തുടര്‍ന്ന് മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുകയാണ്. അമേരിക്കന്‍ പൗരന്മാരോട് ഇസ്രായേലിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അവിടെയുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചു.
മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനിലെ എംബസി ജീവനക്കാരെ താല്‍ക്കാലികമായി ഒഴിപ്പിച്ചതായി ബ്രിട്ടന്‍ വെള്ളിയാഴ്ച അറിയിച്ചു. എംബസി ഇപ്പോള്‍ പരിമിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, അടിയന്തര ഘട്ടങ്ങളില്‍ പോലും നേരിട്ടുള്ള കോണ്‍സുലര്‍ സഹായം ലഭ്യമാകില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍ ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാനുള്ള തങ്ങളുടെ ശേഷി ഇപ്പോള്‍ പരിമിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനെ ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍. കൂടാതെ വലിയ സൈനിക വിന്യാസമാണ് അമേരിക്ക നിലവില്‍ ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ, സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് അത്യാവശ്യ വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇസ്രായേല്‍ വിടാന്‍ അനുമതി നല്‍കുന്നതായി യുഎസ് എംബസി വെള്ളിയാഴ്ച അറിയിച്ചു.
എംബസിയുടെ വെബ്സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.
'സുരക്ഷാ അപകടസാധ്യതകള്‍ മുന്‍നിര്‍ത്തി, മിഷന്‍ ഇസ്രായേലിലെ അത്യാവശ്യ വിഭാഗത്തില്‍പ്പെടാത്ത യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യം വിട്ടുപോകാന്‍ 2026 ഫെബ്രുവരി 27-ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കി.'വാണിജ്യ വിമാനങ്ങള്‍ ലഭ്യമായിരിക്കുമ്പോള്‍ തന്നെ ഇസ്രായേല്‍ വിട്ടുപോകുന്നതിനെക്കുറിച്ച് ആളുകള്‍ ആലോചിക്കേണ്ടതാണ്,' എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ 'ഇന്നുതന്നെ അത് ചെയ്യണം' എന്ന് യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി എംബസി ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയിലില്‍ നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഇറാന് നേരെ ആക്രമണത്തിന് ഉത്തരവിട്ട ട്രംപ്, അമേരിക്കയുമായി കരാറിലേര്‍പ്പെട്ടില്ലെങ്കില്‍ വീണ്ടും സൈനിക നടപടിയുണ്ടാകുമെന്ന് ടെഹ്റാനോട് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക അമിത ആവശ്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍
ഒരു കരാറിലെത്തണമെങ്കില്‍ അമേരിക്ക തങ്ങളുടെ 'അമിതമായ ആവശ്യങ്ങള്‍' ഉപേക്ഷിക്കണമെന്ന് ഇറാന്‍ വെള്ളിയാഴ്ച വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഒമാന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ നല്‍കിയ ശുഭപ്രതീക്ഷയെ ഈ പ്രസ്താവന മങ്ങലേല്‍പ്പിച്ചു. ഇറാന്റെ ആണവ പരിപാടിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ജനീവയില്‍ അമേരിക്കന്‍-ഇറാന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ വ്യാഴാഴ്ച നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം.
യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക, ഇറാന്റെ ആണവ നിലയങ്ങള്‍ പൊളിച്ചുനീക്കുക തുടങ്ങി യുഎസ് ഉന്നയിച്ച പ്രധാന വിഷയങ്ങളില്‍ ഇരുവിഭാഗവും ഭിന്നത തുടരുന്നതിനാല്‍ പുതിയ ചര്‍ച്ചകളും കരാറില്ലാതെ അവസാനിച്ചുവെന്ന് 'ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനുമായുള്ള സൈനിക സംഘര്‍ഷം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര പരിഹാരത്തിനായുള്ള അവസാന ശ്രമത്തിലാണ് അമേരിക്ക. ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറുമാണ്. ഫെബ്രുവരി 19-ന് ഒരു കരാറിലെത്താന്‍ ട്രംപ് ഇറാനു 15 ദിവസത്തെ സമയം നല്‍കിയിരുന്നു. ചര്‍ച്ചകള്‍ തങ്ങളുടെ ആണവ പദ്ധതിയില്‍ മാത്രം ഒതുങ്ങണമെന്ന് ഇറാന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, ഇറാന്റെ മിസൈല്‍ പദ്ധതികളും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അവര്‍ നല്‍കുന്ന പിന്തുണയും വെട്ടിക്കുറയ്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.
സൈനിക വിന്യാസത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് വെള്ളിയാഴ്ച വടക്കന്‍ ഇസ്രായേല്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക വിന്യാസം
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, 'ടാസ്‌ക് ഫോഴ്‌സ് സ്‌കോര്‍പിയോണ്‍' എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള യുഎസ് സൈനിക ഡ്രോണ്‍ യൂണിറ്റിനെ വിന്യസിക്കാന്‍ യുഎസ് അനുമതി നല്‍കി. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഇപ്പോള്‍ നടത്തുന്നത്. അതിന്റെ ഭാഗമാണ് മാരകമായ ഈ ഡ്രോണ്‍ യൂണിറ്റും. ഡിസംബറില്‍ അറേബ്യന്‍ ഗള്‍ഫില്‍ വിജയകരമായി പരീക്ഷിച്ച ഈ കാമികാസെ ഡ്രോണുകള്‍ക്ക് ഒന്നിന് ഏകദേശം 35,000 ഡോളര്‍ ആണ് ചിലവ് വരുന്നത്.
ഇറാന്റെ ആണവ നിലയങ്ങള്‍, റോഡ് ശൃംഖലകള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിടാനാണ് ഈ ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുകയെന്നാണ് വിവരം.
അരിസോണയില്‍ നിര്‍മ്മിക്കുന്ന ഈ ഡ്രോണുകള്‍ ആക്രമണങ്ങള്‍ക്കും, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും, കടല്‍മാര്‍ഗമുള്ള ആക്രമണങ്ങള്‍ക്കും രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ അത്യാധുനിക ഡ്രോണുകള്‍ സജ്ജമായിക്കഴിഞ്ഞിരിക്കുന്നത് എന്നതിനാല്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.
അത്യാധുനിക എഫ്-22 റാപ്റ്റര്‍ യുദ്ധവിമാനങ്ങളെയും അമേരിക്ക ഇസ്രായേലില്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍, മിഡില്‍ ഈസ്റ്റില്‍ അമേരിക്കയ്ക്ക് ഒരു ഡസനിലധികം യുദ്ധക്കപ്പലുകളുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍, ഒമ്പത് ഡിസ്‌ട്രോയറുകള്‍, മറ്റ് മൂന്ന് യുദ്ധക്കപ്പലുകള്‍ എന്നിവയാണവ. ഒരേസമയം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നത് അപൂര്‍വ്വമാണ്. ആയിരക്കണക്കിന് നാവികരും ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളും വഹിക്കുന്നവയാണ് ഇവ.


