പത്തനംതിട്ട/തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറി റീത്ത് വെച്ചതിന് പിന്നാലെ പത്തനംതിട്ടയിലെ സ്വകാര്യ വസതിക്ക് മുന്നിലും നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇടത് നേതാക്കള്‍ പ്രതികരിച്ചത്. മന്ത്രിയെ വിരട്ടാന്‍ നോക്കേണ്ടെന്നും കാടത്തരീതിയിലുള്ള സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി വി. ശിവന്‍കുട്ടിയും പി.കെ. ശ്രീമതിയും കുറ്റപ്പെടുത്തി.

പത്തനംതിട്ടയില്‍ മന്ത്രി കയര്‍ത്തു: വാക്‌പോരും സംഘര്‍ഷവും

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെ മന്ത്രി വീണാ ജോര്‍ജ് ശക്തമായി തള്ളിക്കളഞ്ഞു. ആലപ്പുഴയിലെ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ പിഴവുകളില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച മന്ത്രി, ആരോഗ്യരംഗത്തെ കുത്തകകളെ സഹായിക്കാനാണ് വി.ഡി. സതീശനും സംഘവും ശ്രമിക്കുന്നതെന്നും ആരോപിച്ചു. പത്തനംതിട്ടയില്‍ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആലോചനായോഗത്തിലും മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി.

പത്തനംതിട്ടയിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ ഒട്ടും വിട്ടുകൊടുക്കാതെയായിരുന്നു മന്ത്രിയുടെ നിലപാട്.

സ്വകാര്യാശുപത്രിയിലെ കുത്തകകള്‍ക്കുവേണ്ടിയാണ് ഈ പ്രതിഷേധം. പെര്‍ഫോം ചെയ്യാത്ത വകുപ്പെങ്കില്‍ പ്രതിഷേധമുണ്ടാകുമോ?. സര്‍ക്കാര്‍ ആശുപത്രികളിലെ നേട്ടങ്ങള്‍ കാണാതെ പോകരുത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയല്ലാതെ എന്ത് ചെയ്യും?. താന്‍ നടന്നു തന്നെ പോകും. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് പ്രതിപക്ഷം പറയൂ. സസ്‌പെന്‍ഷന്‍ ആണ് ആദ്യത്തെ നടപടി. ചില ഡോക്ടര്‍മാര്‍ രോഗികളെ തൊട്ടു നോക്കാതെ പോലും പരിശോധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ഡോക്ടര്‍മാരുടെ സമീപനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ഡിവൈഎഫ്‌ഐ ഇടപെടല്‍

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സ്ഥലം സംഘര്‍ഷഭരിതമായി. പോലീസ് ബലംപ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്.

തിരുവനന്തപുരത്ത് വന്‍ സുരക്ഷാവീഴ്ച: പൂട്ടുപൊളിച്ച് അകത്തുകയറി

തിരുവനന്തപുരം തൈക്കാട് ഹൗസില്‍ (മന്ത്രിയുടെ ഔദ്യോഗിക വസതി) പുലര്‍ച്ചെ നടന്ന പ്രതിഷേധം പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പുലര്‍ച്ചെ എത്തിയ പ്രവര്‍ത്തകര്‍ വസതിയുടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി പ്രധാന വാതിലില്‍ റീത്ത് വെച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തുള്ള മന്ത്രിമന്ദിരത്തില്‍ 15 മിനിറ്റോളം പ്രതിഷേധം നീണ്ടുനിന്നിട്ടും പോലീസ് അറിഞ്ഞില്ല എന്നത് വലിയ സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സുരക്ഷാവീഴ്ചയില്‍ കന്റോണ്‍മെന്റ് എസിപിയോട് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്.

രാഷ്ട്രീയ പോര് മുറുകുന്നു

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പ്രഖ്യാപിക്കുമ്പോള്‍, ഭരണപരാജയം മറച്ചുവെക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഡോക്ടര്‍മാരുടെ വീഴ്ചകളും സസ്‌പെന്‍ഷന്‍ നടപടികളും രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് വരും ദിവസങ്ങളില്‍ യുഡിഎഫ് നീക്കം.

വിഷയത്തില്‍ ആരോഗ്യ വകുപ്പിന് പൂര്‍ണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ള സേവനങ്ങളാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം പ്രശംസിച്ചു. എന്നാല്‍, കൃത്യമായ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുന്നതിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടന (KGMCTA) പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിമിതികള്‍ക്കിടയില്‍ ജോലി ചെയ്യുന്ന തങ്ങളെ ബലിയാടാക്കരുതെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്