ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും. നിരവധി വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടാനുമാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ

ആദ്യസന്ദര്‍ശനമാണിത്. അതിനാല്‍ തന്നെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മണിപ്പൂരിലെ വംശീയ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

8,500 കോടി രൂപയുടെ 17 വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മിസോറാം സന്ദര്‍ശിച്ച് വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള പുതിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. മണിപ്പൂരിലെ സംഘര്‍ഷമേഖലയിലാണ് പ്രധാനമന്ത്രി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുക.

ചരിത്രത്തിലാദ്യമായി മിസോറാമിനെ ഭാരതത്തിന്റെ റെയില്‍വേ ശൃംഖലയുമായി കൂട്ടിയിണക്കുന്ന ഭൈരബി സായ് രംഗ് റെയില്‍വേ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചുരാചന്ദ്പൂരില്‍ 7,300 കോടിയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ ഇംഫാലിലെ കാംഗ്ല കോട്ടയില്‍ 1,200 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുമെന്ന് മണിപ്പൂര്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു.

മിസോറാമിലെ അക്രമബാധിത പ്രദേശങ്ങളിലെ ആളുകളുമായി പ്രധാനമന്ത്രി സംവദിക്കും. അവിടെ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

സന്ദര്‍ശനത്തിന് മണിക്കൂറുകള്‍..ഏറ്റമുട്ടി പോലീസും അക്രമികളും..പാര്‍ട്ടി വിട്ട് പ്രവര്‍ത്തകരും

മണിപ്പൂരിലെ വംശീയ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. അതിനാല്‍ തന്നെ സുരക്ഷ ശക്തമാക്കിയെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.

ചുരാചന്ദ്പൂരിലാണ് സംഭവം. മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.

സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തു. ദ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

മണിപ്പൂരില്‍ ദേശീയപാത രണ്ട് തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ സര്‍ക്കാരും കുക്കി സംഘടനകളും തമ്മില്‍ ധാരണയായി.

ഉപരോധങ്ങള്‍ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം.കൂടാതെ പാര്‍ട്ടിയിലും നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ച് പ്രതിഷേധം അറിയിച്ചു. 43 ലേറെ പ്രവര്‍ത്തകരാണ് ഇന്ന് പാര്‍ട്ടിവിട്ടത്.

മണിപ്പൂരില്‍ ഉഖ്രുല്‍ ജില്ലയിലെ ഫുങ്യാര്‍ മണ്ഡലത്തില്‍ നിന്നാണ് 43 പേര്‍ ബി.ജെ.പി വിട്ടത്. മണ്ഡലം പ്രസിഡന്റ്, മഹിളാ, യുവ, കിസാന്‍ മോര്‍ച്ചകളുടെ തലവന്മാര്‍, ബൂത്ത് പ്രസിഡന്റുമാര്‍ എന്നിവരടക്കമാണ് രാജിവച്ചത്. നാഗാ സമുദായക്കാര്‍ക്ക് ആധിപത്യമുള്ള മേഖലയാണിത്. പാര്‍ട്ടിക്കുള്ളിലുള്ളിലെ നിലവിലെ അവസ്ഥയില്‍ ആശങ്കാകുലരാണെന്നും താഴെ തട്ടിലുള്ള നേതാക്കളെ വേണ്ടത്ര വിശ്വാസത്തിലെടുക്കുന്നില്ലെന്നും രാജിക്കത്തില്‍ പറയുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യം.. പ്രതീക്ഷകളും പ്രത്യാശകളും

2023 മെയ് മാസത്തിലാണ് മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്. ശേഷം ഇതുവരെമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.

മണിപ്പൂരില്‍ മെയ്‌തേയ്- കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 260-ലേറെ പേരാണ് കൊല്ലപ്പെട്ടത്.

അറുപതിനായിരത്തിലേറേ പേര്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളിലാണ് താമസിക്കുന്നത്. കലാപം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചൊഴിഞ്ഞിരുന്നു. മണിപ്പൂരില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദര്‍ശിക്കുകയും പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

അതേസമയം മോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തി. കഴിഞ്ഞ മാസങ്ങളില്‍ ചെറിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനാല്‍, പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഒരു വലിയ കാര്യമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.'മണിപ്പൂര്‍ വളരെക്കാലമായി പ്രശ്നങ്ങളിലാണ്. പ്രധാനമന്ത്രി മോദിയുടെ ഇപ്പോഴത്തെ സന്ദര്‍ശനം ഒരു വലിയ കാര്യമല്ല. വോട്ട് മോഷണമാണ് പ്രധാന പ്രശ്നം,' വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.