- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങളിലൂടെ പ്രചരിച്ചത് നടന്‍ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗം; ദേവസ്വം സൂക്ഷിക്കുക കൗണ്ടര്‍ ഫോയില്‍ മാത്രം; രസീതിന്റെ ബാക്കി കൊണ്ടു പോയത് ആര്? ശബരിമലയിലെ വഴിപാട് വിവാദത്തില്‍ മോഹന്‍ലാലിനെതിരെ പരസ്യ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്; ബോര്‍ഡിനെതിരെ ആരോപണം ഉയര്‍ത്തിയ സൂപ്പര്‍താര നിലപാടില്‍ സര്‍ക്കാരിനും അതൃപ്തി
തിരുവനന്തപുരം: മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രത്തില്‍ പ്രശസ്ത നടന്‍ മമ്മൂട്ടിയുടെ പേരില്‍ താന്‍ നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയ വേളയില്‍ നടന്‍ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. ഇതേ രീതിയില്‍ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറില്‍ എത്തി പണം ഒടുക്കിയ ആള്‍ക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യാശിക്കുന്നുവെന്ന് പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ മോഹന്‍ലാലിനെതിരെ പരസ്യമായി തന്നെ ദേവസ്വം ബോര്‍ഡ് രംഗത്ത് വരികയാണ്. സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് മോഹന്‍ലാലിനെതിരെ പരസ്യ പ്രതികരണം ദേവസ്വംബോര്‍ഡ് നടത്തിയത്.
ശബരിമലയിലെ വഴിപാട് രസീത് ചോര്‍ത്തിയത് ദേവസ്വം ബോര്‍ഡിലെ ആരോ ആണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതൃപ്തി പരസ്യമാകുമ്പോള്‍ മോഹന്‍ലാല്‍ ഇനി എന്ത് നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം. എമ്പുരാന്റെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടിയ്ക്കായി ശബരിമലയില്‍ നടത്തിയ വഴിപാട് കാര്യം ചോദ്യമായി എത്തിയത്. ഇതിന് മോഹന്‍ലാല്‍ നല്‍കിയത് ഈ മറുപടിയാണ്. 'മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥന നടത്തിയത് എന്തിന് പറയണം. ശബരിമലയില്‍ പോയി, ഞാന്‍ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വഴിപാട് രസീത് ചോര്‍ത്തിക്കൊടുത്തത്. പ്രാര്‍ഥന നടത്തിയത് എന്തിന് പറയണം. അതെല്ലാം വ്യക്തിപരമല്ലേ. നിങ്ങള്‍ക്കുവേണ്ടി ഒരാള്‍ പ്രാര്‍ഥന നടത്തുന്നത് എന്തിന് പറയണം. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് എല്ലാവരും പറയും, എന്നിട്ട് വേറെ എന്തെങ്കിലും പോയി പറയും. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞാല്‍ പ്രാര്‍ഥിച്ചിരിക്കണം'- മോഹന്‍ലാല്‍ പറഞ്ഞു. അതായത് ദേവസ്വം ബോര്‍ഡാണ് വിവാദത്തിന് കാരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുവച്ചു. മോഹന്‍ലാലിന്റെ പ്രതികരണം ചാനലുകളില്‍ പോലും വാര്‍ത്തയായി. ഇതിനിടെയാണ് ആ വഴിപാട് നടന്നത് എങ്ങനെയെന്ന മാധ്യമ പ്രവര്‍ത്തകന്റെ അവകാശ വാദം ദേവസ്വം ബോര്‍ഡ് ചര്‍ച്ചയാക്കാനായി പരസ്യ വിമര്‍ശനം നടത്തുന്നത്.
മോഹന്‍ലാല്‍ ശബരിമലയില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ കൃഷ്ണ മോഹന്റെ ഫെയ്സ് ബുക്ക് കുറിപ്പിലാണ് വഴിപാടിന് പിന്നിലെ കാര്യ കാരണങ്ങളുള്ളതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. സത്യം അതായിരിക്കെ എങ്ങനെ ദേവസ്വമാണ് വിവരം ചോര്‍ത്തിയെന്ന് പറയുമെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് ഉയര്‍ത്തുന്നത്. ഈ മുകളിലെ കുറിപ്പിനൊപ്പം മോഹന്‍ലാല്‍ തന്റെ കൈപ്പടയില്‍ എഴുതി നല്‍കിയ കുറിപ്പ് അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ ലേഖകന്‍ ഫെയ്സ് ബുക്കിലിട്ടിട്ടുണ്ട്. അതായത് വിവരം മാധ്യമ പ്രവര്‍ത്തകരിലേക്ക് എത്തിയത് മോഹന്‍ലാല്‍ വഴിയാണ്. മാധ്യമ പ്രവര്‍ത്തകനെ കൊണ്ട് കുറിപ്പെടുത്ത ശേഷം അത് ദേവസ്വം ബോര്‍ഡ് ചോര്‍ത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ മോഹന്‍ലാല്‍ ആയതു കൊണ്ട് പരസ്യ പ്രതികരണത്തിന് ബോര്‍ഡ് നില്‍ക്കില്ല. ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് സൂപ്പര്‍ താരത്തിനെതിരെ പരസ്യ നിലപാട് പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ അതൃപ്തിയിലാണ്.
ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദര്‍ശനത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി. മോഹന്‍ലാല്‍ ശബരിമലയില്‍ ഉള്ളപ്പോള്‍ തന്നെ മമ്മൂട്ടിയുടെ പേരിലെ നേര്‍ച്ചാ രസീത് പുറത്തായിരുന്നു. ഇതോടെ ഈ പൂജയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടി വരുമോ എന്ന തോന്നല്‍ മോഹന്‍ലാലിനുണ്ടായി. ഇതുകൊണ്ടാണ് രാത്രിയില്‍ തന്നെ സന്നിധാനത്ത് നിന്നും ലാല്‍ മടങ്ങിയതെന്നും സൂചനകളുണ്ട്.
അതിനിടെ മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുല്ല രംഗത്തു വന്നിരുന്നു. വഴിപാടിനെ നിശിതമായി വിമര്‍ശിച്ചാണ് രംഗത്ത് എത്തിയത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മുട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കില്‍ അദ്ദേഹം മാപ്പുപറയണം എന്നും അബ്ദുള്ള പറയുന്നു. ഇത്തരം വിവാദങ്ങളില്‍ അടക്കം മമ്മൂട്ടിയെ കൊണ്ടു ചെന്നെത്തിച്ചത് മോഹന്‍ലാലിന്റെ വഴിപാട് രസീത് ചോര്‍ച്ചയിലെ പിഴവാണെന്നതാണ് വസ്തുത.