രണ്ടുതവണ മരണം അതിന്റെ കാഠിന്യത്തില്‍ എന്നെ തൊട്ടിട്ടുണ്ട്; വയനാടന്‍ കാഴ്ച്ചകള്‍ അതിലും വേദനാജനകം; സന്ദര്‍ശനാനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ശനിയാഴ്ച്ചയാണ് മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചത്.ആര്‍മി ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക യുണിഫോമിലായിരുന്നു നടന് എത്തിയത്.തന്റെ കൂടി ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് മുഖേന വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി മൂന്നുകോടിരൂപയും സ്കൂളിന്റെ പുനര്‍നിര്‍മ്മാണവും അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വയനാട്ടിലെ യാത്രയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
രണ്ടുതവണ മരണം അതിന്റെ കാഠിന്യത്തില്‍ തന്നെ തൊട്ടിട്ടുണ്ട്. ആദ്യത്തേത് ജ്യേഷ്ഠന് പ്യാരിലാലിന്റെ വേര്‍പാട്. രണ്ടാമത്തേത് നടന് ആലുംമൂടന്‍ ചേട്ടന്റേത്. ആലുംമൂടന്‍ എന്റെ മടിയില്‍ക്കിടന്നാണ് മരണത്തിലേക്കുമറഞ്ഞത്. എന്നാല്‍, ഈ സന്ദര്‍ഭങ്ങളിലൊന്നും അനുഭവിക്കാത്ത ഒരു മാനസികാവസ്ഥയിലൂടെയാണ് ശനിയാഴ്ചയുടെ പകല്‍ താന്‍ കടന്നുപോയതെന്നാണ് മോഹന്‍ലാല്‍ കുറിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ പിതാവായ തന്നോട് തന്നെ മകളുടെ വേര്‍പാടിനെക്കുറിച്ച് മാതാപിതാക്കള്‍ സംസാരിച്ചപ്പോള്‍ അവരുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെയാണ് സങ്കല്പിച്ചത്. ഇങ്ങനെയല്ലാതെ എങ്ങനെയാണ് നാം ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും ഉള്‍ക്കൊള്ളുക? എന്നും താരം പങ്കുവെക്കുന്നു. മാതൃഭുമി ദിനപത്രത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ തന്നെ അനുഭവം വിവരിക്കുന്നത്..
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
കനാല്പ്പത്തിയഞ്ചു വര്‍ഷത്തിലധികമായിത്തുടരുന്ന അഭിനയജീവിതത്തില്‍ വിവിധതരത്തിലുള്ള കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായ ജീവിതങ്ങളുള്ളവരായിരുന്നു. വിവിധ വികാര-വിചാരങ്ങളുള്ളവരായിരുന്നു. ആ വികാരങ്ങളില്‍ കടുത്ത ദുഃഖവും വേര്‍പാടും ജീവിതദുരന്തങ്ങളും ഉണ്ടായിരുന്നു. രണ്ടുതവണ മരണം അതിന്റെ കാഠിന്യത്തില്‍ എന്നെ തൊട്ടിട്ടുണ്ട്. ആദ്യത്തേത് ജ്യേഷ്ഠന് പ്യാരിലാലിന്റെ വേര്‍പാട്. രണ്ടാമത്തേത് നടന് ആലുംമൂടന്‍ ചേട്ടന്റേത്. ആലുംമൂടന്‍ എന്റെ മടിയില്‍ക്കിടന്നാണ് മരണത്തിലേക്കുമറഞ്ഞത്. എന്നാല്‍, ഈ സന്ദര്‍ഭങ്ങളിലൊന്നും അനുഭവിക്കാത്ത ഒരു മാനസികാവസ്ഥയിലൂടെയാണ് ശനിയാഴ്ചയുടെ പകല്‍ ഞാന്‍ കടന്നുപോയത്.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ എന്റെ ബറ്റാലിയനായ 122 ഇന്‍ഫന്ററിയുടെ ഒപ്പം വയനാട്ടിലെ ദുരന്തമേഖലകളിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ, ചെളിയില്‍ നടന്നപ്പോള്‍ വാക്കുകളില്‍ എഴുതിഫലിപ്പിക്കാന്‍ സാധിക്കാത്തതരത്തിലുള്ള ശൂന്യത എന്നെ പൊതിഞ്ഞു.
തകര്‍ന്നില്ലാതായ ഒരു നാട്. അവിടെ സ്നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന മനുഷ്യര്‍ എങ്ങോ മറഞ്ഞുപോയിരിക്കുന്നു. അവരുടെ ശബ്ദങ്ങളെല്ലാം തിരിച്ചുവരാത്തവിധം വാര്‍ന്നുപോയിരിക്കുന്നു. അവര്‍കണ്ട സ്വപ്നങ്ങളെയെല്ലാം ചെളിയും മണ്ണും വെള്ളവും വിഴുങ്ങി.
ലത്തീഫ് എന്നൊരാള്‍ വന്നിട്ടുപറഞ്ഞു: 'കുടുംബത്തെ രണ്ടുദിവസംമുമ്പ് മാറ്റിത്താമസിപ്പിച്ചതുകൊണ്ട് ജീവന് രക്ഷപ്പെട്ടു. വീട്, ഭൂമി എല്ലാം നഷ്ടപ്പെട്ടു. ഇനി എല്ലാം ആദ്യമേ തുടങ്ങണം സര്". ലത്തീഫ് പറയുന്നതെല്ലാം ഞാന്‍ കേട്ടുനിന്നു. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരു മനുഷ്യന് ജീവിതം ആദ്യംമുതലേ തുടങ്ങുന്നത് മനസ്സില്‍ക്കണ്ടപ്പോള്‍ എനിക്ക് പേടിതോന്നി, അതിലേറെ സങ്കടവും.
'അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് യൂണിഫോമിട്ട കുഞ്ഞുശരീരം കണ്ടപ്പോഴാണ് അവളാണ് എന്നറിഞ്ഞത്. എന്റെ കണ്മുന്നില് കളിച്ചുനടന്ന കുട്ടിയായിരുന്നു" -സൈന്യത്തിന്റെ ബേസ് ക്യാമ്പായ സ്കൂളിനടുത്തുവെച്ച് അവിടത്തെ ടീച്ചര്‍ പറഞ്ഞു. കാണാത്ത ആ മോളുടെ മുഖം ഞാന്‍ സങ്കല്പിച്ചു. ഒരു പെണ്‍കുട്ടിയുടെ പിതാവായ എന്നെത്തന്നെ അവളുടെ മാതാപിതാക്കളുടെ സ്ഥാനത്ത് ഞാന്‍ സങ്കല്പിച്ചു. ഇങ്ങനെയല്ലാതെ എങ്ങനെയാണ് നാം ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും ഉള്‍ക്കൊള്ളുക?
അതിനിടയിലാരോ പറഞ്ഞു: 'സാര്‍ ഞങ്ങളുടെ നാടായ വിലങ്ങാട്ടും ഉരുള്‍പൊട്ടലുണ്ടായി. മരണം ഇല്ലാത്തതുകൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല. ഞങ്ങളുടെ എല്ലാം ഒലിച്ചുപോയി". എനിക്കതിന് മറുപടിപറയാനൊന്നുമുണ്ടായിരുന്നില്ല. വലിയ ദുരന്തങ്ങള്‍ ചെറിയവയെ വിഴുങ്ങുന്നുണ്ടായിരിക്കാം.
ദുരന്തഭൂമിയിലൂടെ ഓരോ അടിയും മുന്നോട്ടുവെക്കുമ്പോള്‍ ഞാന്‍ മനസ്സാ നമിച്ചത് അവിടത്തെ സന്നദ്ധപ്രവര്‍ത്തകരെയാണ്. പട്ടാളവും കേരള പോലീസും കേരള പോലീസിന്റെ സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും എന്‍.ഡി.ആര്.എഫുകാരും അഗ്നിരക്ഷാ വിഭാഗവും നാട്ടുകാരും ജെ.സി.ബി. ഓടിക്കുന്നവരും സര്‍ക്കാര്‍സംവിധാനങ്ങളുമായി ബന്ധപ്പെട്ടവരും ജനപ്രതിനിധികളും ഡോക്ടര്‍മാരും നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമടക്കമുള്ള ഒരു വലിയസംഘം. അവരെ തൊട്ടുനിന്നപ്പോള്‍ മനുഷ്യനാണ് എന്നതില്‍ എനിക്ക് അഭിമാനം തോന്നി.
ബെയ്ലി പാലത്തിലൂടെ നടന്നപ്പോള്‍ ഞാന്‍ ഇന്ത്യന്‍ പട്ടാളത്തിന് ഒരു ബിഗ് സല്യൂട്ട് കൊടുത്തു.എന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് ദുരന്തഭൂമിയുടെ പുനര്‍നിര്‍മാണത്തിന് കൂടെയുണ്ടാവും. ഇതുവരെ ചെയ്തതിനെക്കാള്‍ ഉത്തരവാദിത്വമുള്ള ജോലിയാണ് ഇനിയുള്ളത്. ശേഷിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. ഒറ്റപ്പെട്ടുപോയവര്‍ക്ക് തണലാവണം. നമുക്കതിന് സാധിക്കും എന്ന് ദുരന്തഭൂമിയിലെ സമര്‍പ്പിതരായ സന്നദ്ധപ്രവര്‍ത്തകരുടെ കണ്ണുകള്‍ എന്നോടു പറയുന്നു. നമ്മുടെ നാടിന്റെ ചരിത്രം എന്നെ ഓര്‍മ്മിപ്പിക്കുന്നു.