വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കറ്റ് ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിന് തിരിച്ചറിയാനാകാത്തവിധം രൂപമാറ്റം സംഭവിച്ചുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. പെന്റഗണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍ അദ്ദേഹം സ്ഥിരീകരിച്ചത്.

പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മുജ്തബ ഖമനേയി നടത്തിയ ആദ്യ പ്രസ്താവനയില്‍ ശബ്ദമോ ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥയുടെ തെളിവായി യുഎസ് ചൂണ്ടിക്കാട്ടുന്നു. 'ഇറാന്റെ പക്കല്‍ ധാരാളം ക്യാമറകളും റെക്കോഡിംഗ് സംവിധാനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം പുറത്തുവിട്ടത്? അദ്ദേഹം ഭയന്നിരിക്കുകയാണ്, പരിക്കേറ്റിരിക്കുന്നു, ഇപ്പോള്‍ ഒളിവിലാണ്,' ഹെഗ്സെത്ത് പരിഹസിച്ചു.

പിതാവ് അലി ഖമനേയിയുടെ മരണശേഷം അധികാരമേറ്റ മൊജ്തബയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ആധികാരികതയില്ലെന്നും, നിലവില്‍ ഇറാന്റെ നിയന്ത്രണം ആരുടെ കൈയിലാണെന്ന് ആ രാജ്യത്തിന് പോലും അറിയില്ലെന്നും യുഎസ് അവകാശപ്പെടുന്നു. യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരശേഷി 90 ശതമാനവും, ഡ്രോണ്‍ ആക്രമണ ശേഷി 95 ശതമാനവും തകര്‍ക്കപ്പെട്ടതായി ഹെഗ്സെത്ത് വ്യക്തമാക്കി. ഏകദേശം 15,000 ശത്രുതാവളങ്ങളെ സഖ്യകക്ഷികള്‍ ഇതുവരെ തകര്‍ത്തു.

മൊജ്തബ കോമയിലാണെന്നും ആക്രമണത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടുവെന്നും ഗുരുതരമായ വയറിലെ മുറിവുകളോ കരളിന് ക്ഷതമോ സംഭവിച്ചിട്ടുണ്ടാകാമെന്നും നേരത്തെ 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അതീവ സുരക്ഷാ വലയത്തില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കിവരികയാണെന്നും നില അതീവ ഗുരുതരമാണെന്നും രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സണ്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒരുകാലോ അല്ലെങ്കില്‍ ഇരുകാലുകളുമോ മുറിച്ചുമാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ പ്രതികരണം

മൊജ്തബ ഖമനേയിയുടെ പേരില്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്റെ പിതാവിന്റെയും കൊല്ലപ്പെട്ട ഇറാന്‍ പൗരന്മാരുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇത് മൊജ്തബ നേരിട്ട് പറയുന്നതിന് പകരം വാര്‍ത്താ അവതാരകന്‍ വായിക്കുകയായിരുന്നു.

യുദ്ധമുഖത്തെ മറ്റ് സംഭവവികാസങ്ങള്‍:

ഇറാഖില്‍ യുഎസ് ഇന്ധന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ യുഎസ് നിരീക്ഷിച്ചു വരികയാണ്. ഇറാന്‍ യുദ്ധം ഏകദേശം 8 ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്നും, എല്ലാ ആക്രമണങ്ങളെയും പൂര്‍ണ്ണമായി തടയാന്‍ യുഎസിന് കഴിയില്ലെന്നും ഹെഗ്സെത്ത് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.