റാന്റെ ആണവക്രേന്ദങ്ങള്‍ ആക്രമിച്ചുകൊണ്ടും, മുതിര്‍ന്ന നേതാക്കളെയൊക്കെ കാലപുരിക്കയച്ചുകൊണ്ടും, ഇസ്രയേലല്‍ നടത്തിയ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലേക്ക് ലോകത്തെ കൊണ്ടെത്തിച്ചിരുന്നു. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലായെങ്കിലും, യുദ്ധഭീതി പുര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടില്ല. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഉന്നതരെ ഒറ്റയടിക്ക് തട്ടിക്കളഞ്ഞ, ഇസ്രയേല്‍ ചാരസംഘടനായ മൊസാദിന്റെ രീതികള്‍ വലിയ തോതില്‍ ചര്‍ച്ചയാവുന്ന സമയമാണിത്. അപ്പോഴാണ് ഇറാന്റെ ആണവ ശക്തിയുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സെന്‍ ഫക്രിസാദയെ വധിച്ചതിന്റെ ചില രഹസ്യങ്ങള്‍ പുറം ലോകം അറിയുന്നത്.

കനത്ത സുരക്ഷയില്‍ ജീവിച്ചിരുന്ന, ഫക്രിസാദ എന്ന 59കാരനെ 2020 നവംബര്‍ 27നാണ് മൊസാദ് കൊലപ്പെടുത്തിയത്. ഭാര്യക്കും 12 അംഗരക്ഷകര്‍ക്കും ഒപ്പം സഞ്ചരിച്ചിരുന്ന ഫക്രിസാദയെ, പട്ടാപ്പകല്‍ വെടിവെച്ചിടുമ്പോള്‍ അടുത്തിരുന്ന ഒരാള്‍ക്കും ഒരു പോറലുപോലും ഏറ്റില്ല. ഇത്രയും ക്ലിനിക്കല്‍ പ്രിസിഷനില്‍ എങ്ങനെയാണ് മൊസാദിന് കൊല നടത്താന്‍ കഴിയുന്നതാണ് എന്നതിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ്, പ്രശസ്ത ഇസ്രയേല്‍ മാധ്യമമായ ജറുസലേം പോസ്റ്റ് പുറത്തുവിടുന്നത്.

സയന്‍സ്ഫിക്ഷന്‍ മോഡലില്‍ ഒരു കൊല

ശരിക്കും ഹോളിവുഡ് സിനിമകളെയും സയന്‍സ് ഫിക്ഷന്‍ സിനിമകളെയും വെല്ലുന്ന രീതിയിലായിരുന്നു മൊസാദ് ഫക്രിസാദെയുടെ കൊല നടത്തിയത്. റിമോട്ട്-കണ്‍ട്രോള്‍ഡ്, സാറ്റലൈറ്റ്-ലിങ്ക്ഡ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് നടത്തിയ ഫയറിങ്ങായിരുന്നു അത്. ഇസ്രായേല്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പിന്നീട് ജറുസലേം പോസ്റ്റിനോട് ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്കാണ് ഫക്രിസാദയെ കൊലപ്പെടുത്തിയത്. ഈ തോക്കും സ്ഫോടകവസ്തുക്കളും ഇറാനിലേക്ക് കഷണങ്ങളായാണ് മൊസാദ് കടത്തിയത്. എട്ട് മാസത്തിനിടെ 20 പേരടങ്ങുന്ന ഒരു സംഘം ഇറാനില്‍ രഹസ്യമായി ശേഖരിച്ച് ഫക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിച്ചതുമായിരുന്നു. ഇറാനില്‍ അതിശക്തമായി മൊസാദിന്റെ നെറ്റ്വര്‍ക്ക് ഉണ്ടായിരുന്നു.

മൊസാദിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ഏജന്റുമാര്‍ ഒരു നീല നിസ്സാന്‍ പിക്കപ്പ് ട്രക്ക് തന്ത്രപരമായി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. ട്രക്കില്‍ ഒളിപ്പിച്ചിരുന്നത് 7.62 മില്ലിമീറ്റര്‍ യുഎസ് നിര്‍മ്മിത എം240ഇ മെഷീന്‍ ഗണ്ണായിരുന്നു, ആയിരക്കണക്കിന് മൈലുകള്‍ അകലെയായിരുന്നു ഇതിന്റെ ഓപ്പറേറ്റര്‍. ആക്രമണത്തിനുശേഷം, പ്രധാന റോഡില്‍ മറ്റൊരു കാര്‍ തകര്‍ന്നു കിടന്നിരുന്നു. അതില്‍ ഫക്രിസാദെയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി കൊലപാതക സ്ഥലത്തിന് മുക്കാല്‍ മൈല്‍ മുമ്പ് ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് ഫയറിങ്ങ് ഉണ്ടായത്.

ടെഹ്‌റാനില്‍ നിന്ന് ഏകദേശം 40 മൈല്‍ കിഴക്ക് കറുത്ത നിസ്സാന്‍ ടീന സെഡാനില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഫക്രിസാദക്ക് വെടിയേറ്റത്. കാറില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഫക്രിസാദ അവിടെ നിന്ന് എണീറ്റ് വരുമ്പോഴാണ്, വീണ്ടും വെടിയേറ്റത്. ഈ സെക്കന്‍ഡറി ഗണ്‍ ഒളിപ്പിച്ചുവെച്ചതാണ് ഫക്രിസാദയുടെ മരണത്തില്‍ നിര്‍ണ്ണായകമായത് എന്നാണ് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്ടാപ്പകല്‍ മൂന്ന് മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ആക്രമണത്തിലാണ് ഇറാന്റെ ന്യൂക്ലിയര്‍ ബുദ്ധികേന്ദ്രത്തെ മൊസാദ് വധിച്ചത്. ഒരു മിനിറ്റില്‍ ആറായിരത്തോളം വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ ശേഷിയുള്ള ആയുധമാണിത്. നിരവധി ക്യാമറകളുള്ള അത്യാധുനിക ആയുധമാണിത്.

കൃത്രിമ ബുദ്ധിയുടെ സഹായം തേടിയതുകൊണ്ടാണ് അദ്ദേഹത്തിന് സമീപത്തുണ്ടായ ഭാര്യയ്ക്ക് പോലും പരിക്കേല്‍ക്കാതിരുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫക്രിസാദയെ കൃത്യമായി മാപ്പിംഗ് ചെയ്യുകയായിരുന്നു. ഇത് അനുസരിച്ചാണ് റോബോട്ടിംഗ് ഗണ്‍ പ്രവര്‍ത്തിച്ചത്. ഫക്രിസാദയ്ക്ക് നേരെ 15ഓളം റൗണ്ട് വെടിവ്ച്ചാണ് കൊലപാതകം നടപ്പിലാക്കിയത്.

നേരത്തെ പാളിയ പദ്ധതി

നേരത്തെയും പലതവണ നോക്കിയിട്ടും മൊസാദിന് നടക്കാതെപോയതാണ് ഈ കൊലപാതകം. 2016 മുതല്‍ 2021 ജൂണ്‍ വരെ യോസി കോഹന്‍ മൊസാദിന്റെ ഡയറക്ടറായിരുന്നപ്പോഴാണ് പദ്ധതി ഫലം കണ്ടത്. മുന്‍ മൊസാദ് തലവനായ മെയര്‍ ദഗന്റെ ടീം (2002-2011) 2009ല്‍ ഫക്രിസാദെയെ വധിക്കാന്‍ വലിയ ശ്രമം നടത്തിയിരുന്നു. അന്ന് ഈ പ്രൊജക്റ്റിന് വേണ്ടി വരുന്ന ചെലവുകളും, നേട്ടങ്ങളെയും കുറിച്ചുള്ള തര്‍ക്കങ്ങളമാണ് ദഗനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിന്ന് തടഞ്ഞതെന്ന്, ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 -ല്‍ ഫക്രിസാദെ വധിക്കപ്പെടുമ്പോഴേക്കും, ടെഹ്‌റാനില്‍ ആയിരക്കണക്കിന് പ്രവര്‍ത്തിക്കുന്ന പഴയ തലമുറ സെന്‍ട്രിഫ്യൂജുകളും, നൂറുകണക്കിന് നൂതന സെന്‍ട്രിഫ്യൂജുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അന്നും 60 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടന്നിരുന്നു. പകരക്കാരനാകാന്‍ കഴിയുന്ന വലിയൊരു കൂട്ടം ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു.

'ഫക്രിസാദ നേരത്തെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷനായിരുന്നെങ്കില്‍, ഇത്രയും ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമായിരുന്നു എന്നതില്‍ സംശയമില്ല,' മുന്‍ മൊസാദ് ഡയറക്ടര്‍ തമിര്‍ പര്‍ഡോ (2011-2016) ജറുസലോം പോസ്റ്റിനോട് പറഞ്ഞു. എങ്കിലും ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള, ആണവ രംഗത്ത് 25 വര്‍ഷത്തെ പരിചയമുള്ള ഫക്രിസാദയെ തീര്‍ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കരുതുന്നത്.

1990 കളുടെ അവസാനത്തില്‍ തന്നെ ഇറാന്‍ ആണവശക്തിയിലേക്ക് ഉയര്‍ന്നിരുന്നു. അന്ന് ഇസ്രായേല്‍ നടത്തിയ ഇടപെടലാണ് പദ്ധതിവൈകിച്ചത്. പക്ഷേ ഇപ്പോഴും കാര്യങ്ങള്‍ സുരക്ഷിതമായതായി പറയാന്‍ കഴിയില്ല എന്നാണ് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി രണ്ടാം നിര ശാസ്ത്രഞ്ജന്‍മ്മാര്‍ ഇറാന് ഉണ്ട് എന്നത് തന്നെയാണ് ഈ സംശയത്തിന് കാരണം.