തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാറിന്റെ നിര്‍ദേശം.

എറണാകുളം ജില്ലയിലെ മുനമ്പത്ത് വര്‍ഷങ്ങളായി താമസിക്കുന്നവരും വഖഫ് ബോര്‍ഡുമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഉടമസ്ഥതയെക്കുറിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനാണ് ജുഡീഷ്യല്‍ കമ്മിഷന്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ അടക്കം വേഗത്തില്‍ പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുനമ്പത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലാകാലങ്ങളായി താമസിക്കുന്നവരും വഖഫ് ബോര്‍ഡുമായി ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

അന്വേഷണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍

1, പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിന്റെ പഴയ സര്‍വേ നമ്പര്‍ 18,1ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക.

2, പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണം.

അതേസമയം ജുഡീഷ്യല്‍ കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണസമിതി അറിയിച്ചു. പരിഗണനാ വിഷയങ്ങള്‍ ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്നും വിശദമായി പരിശോധിച്ചുവരികയാണെന്നും കണ്‍വീനര്‍ ജോസഫ് ബെന്നി വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.


ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുനമ്പത്തെ താമസക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തിനകം വിഷയം വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിധത്തിലാണ് കമ്മീഷനെ നിയോഗിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അത് വരെ താമസക്കാര്‍ക്ക് വഖഫ് നോട്ടീസുകള്‍ അയക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

2019ല്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഭൂമി കരമടക്കാന്‍ രീതിയിലേക്ക് കൊണ്ടുവരണമെന്നാണ് മുനമ്പത്തെ പ്രതിഷേധക്കാരൂടെ ആവശ്യം.