മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ എങ്ങും കണ്ണീരും വിങ്ങലും മാത്രമാണ്. എല്ലാവരും മറക്കാന്‍ ആഗ്രഹിക്കുന്ന രാത്രിയായിരുന്നു ആ ഉരുള്‍ പൊട്ടിയ ദിവസം. ഉറ്റവരും ഉടയവരുമെല്ലാം നഷ്ടമായവര്‍ക്ക് ഇനി എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ്. ജീവിതകാല സമ്പാദ്യം മുഴുവന്‍ ദുരന്തത്തില്‍ നഷ്ടമായവരുമുണ്ട്. നടിക്കത്തോടെയാണ് പലരും തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്നത്. അവിശ്വസനീയമായ രക്ഷപ്പെടലുകളുടെ കഥയാണ് അവര്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്. ദൈവത്തെ മാത്രം വിളിച്ച്, ഒരു സഹായ ഹസ്തത്തിന് കാത്ത് ഉറ്റവരെയും മുറുകെപ്പിടിച്ച് തള്ളിനീക്കിയ രാത്രിയെന്നാണ് അവര്‍ ഞെട്ടലോടെ പറയുന്നത്.

ഞെട്ടിക്കുന്ന അനുഭവം അവര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. 'ഒരു കമ്പിയില്‍ പിടിച്ചുതൂങ്ങി മൂന്നര മണിക്കൂറാണ് നിന്നത്. ഒരു കുട്ടിയും ഒമ്പതാളുകളും. ദൈവത്തെ മാത്രമാ വിളിച്ചത്, വേറൊന്നും ഞങ്ങള്‍ സംസാരിച്ചില്ല. ഇപ്പോള്‍ ജീവന്‍ പോകും എന്നുതന്നെയാ കരുതിയത്. കണ്‍മുന്നില്‍ എല്ലാം ഒലിച്ചുപോവുകയായിരുന്നു. നെഞ്ചിനടുത്തോളം വെള്ളംകയറി. നാല് ഭാഗത്തും കല്ലും മണ്ണും വെള്ളവുംകൊണ്ട് നിറഞ്ഞു. ഓടിയാലൊന്നും രക്ഷപ്പെടാന്‍ പറ്റില്ലായിരുന്നു. പിടിച്ചുതൂങ്ങി നിന്ന കമ്പിയും വീടും മറിഞ്ഞ് വീഴാന്‍ പോയപ്പോഴാണ് പെട്ടെന്ന് ഒരു വലിയ തെങ്ങ് വന്ന് ചാഞ്ഞത്. അത് വീട് താങ്ങിനിര്‍ത്തി. ആ തെങ്ങിനാണ് നന്ദി പറയേണ്ടത്… അതുകൊണ്ടാണ് രക്ഷപ്പെട്ടത്'.

എങ്ങും നടുക്കമാണ്. ഉരുള്‍പൊട്ടല്‍ ഏറ്റവും ആഘാതമുണ്ടാക്കിയ ചൂരല്‍മലയില്‍ നാലാം ദിവസവും രക്ഷാദൗത്യം തുടരുകയാണ്. മണ്ണിനടിയില്‍ ഇനിയാരെങ്കിലും ബാക്കിയുണ്ടോ എന്ന പരിശോധനയാണ് നടത്തുന്നത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് തിരിച്ചില്‍. അതേസമയം, ഉരുള്‍പൊട്ടലില്‍ അവശേഷിച്ച അപൂര്‍വം വീടുകളുടെ അവസ്ഥയും അതീവ ദയനീയമാണ്. ഒരാള്‍പൊക്കത്തിലാണ് ബാക്കിയായ വീടുകളില്‍ മലവെള്ളം കയറിയിറങ്ങിയത്.

മുണ്ടക്കൈ ദുരന്തത്തില്‍ പ്രവാസിയായ സരിത കുമാറിന് നഷ്ടമായത് 10 ബന്ധുക്കളെയാണ്. സമാനമായ അനുഭവാണ് മ്റ്റു പലര്‍ക്കും. സരിതയുടെ ചേച്ചിയുടെ വീട്ടില്‍ അന്തിയുറങ്ങിയ ബന്ധുക്കളും പരിസരവാസികളുമായ 10 പേരെ മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. എട്ടുവയസ്സുകാരി അവന്തിക മാത്രമാണ് ബാക്കിയായത്. മലപ്പുറം സ്വദേശിയായ സരിതയുടെ സഹോദരി രജിത വിവാഹശേഷം ഭര്‍ത്താവിന്റെ വീടായ മുണ്ടക്കൈയിലായിരുന്നു താമസം. മുണ്ടക്കൈയിലെ വീട്ടില്‍ സഹോദരി ഭര്‍ത്താവിന്റെ അമ്മ നാഗമ്മയും (78) മറ്റു മക്കളും അവരുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു. സഹോദരിയും ഭര്‍ത്താവും കുഞ്ഞുങ്ങളും ദുരന്ത ദിവസം അടിവാരത്തെ വീട്ടിലായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സരിത പറയുന്നു.

മഴ ശക്തമായപ്പോള്‍ സമീപത്തുണ്ടായിരുന്ന ബന്ധുക്കളെല്ലാം നാഗമ്മയുടെ വീട്ടില്‍ ഒന്നിച്ചുകൂടുകയായിരുന്നു. അത് കൂട്ട ദുരന്തത്തിലേക്കാണ് വഴിവെച്ചതെന്നു മാത്രം. നാഗമ്മക്ക് പുറമെ മകള്‍ മരുതാ (48), മരുതയുടെ ഭര്‍ത്താവ് രാജന്‍ (59), മക്കളായ ഷിജു (23), ജിനു (26), ജിനുവിന്റെ ഭാര്യ പ്രിയങ്ക (23), സഹോദരന്റെ മകള്‍ വിജയലക്ഷ്മി (30), അവരുടെ ഭര്‍ത്താവ് പ്രശോഭ് (38), മകന്‍ അശ്വിന്‍ (14) എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ഇതില്‍ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരുതയുടെ മകള്‍ ആന്‍ഡ്രിയ (15), പ്രശോഭ്, ജിനു എന്നിവരുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. രക്ഷപ്പെട്ട അവന്തിക വിജയലക്ഷ്മിയുടെയും പ്രശോഭിന്റെയും മകളാണ്. ആരോ കൈയിലെടുത്തോടിയതുകൊണ്ടു മാത്രമാണ് അവന്തിക രക്ഷപ്പെട്ടത്. അവന്തികയുടെ പിതാവിന്റെ ബന്ധുക്കളാണ് ഇപ്പോള്‍ ആശുപത്രിയില്‍ കൂടെയുള്ളത്.