- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈ ദുരന്തത്തില്‍ കേരളം ആവശ്യപ്പെട്ടത് 1500 കോടി; സംസ്ഥാന ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാന്‍ ഓര്‍മ്മിപ്പിച്ചു കേന്ദ്രത്തിന്റെ മറുപടി; നാശനഷ്ടം വിലയിരുത്താന്‍ നിയോഗിച്ച ഉന്നത സമതിയുടെ റിപ്പോര്‍ട്ടും വൈകുന്നു; ദുരന്തവേളയില്‍ ലഭിക്കേണ്ട അടിയന്തര കേന്ദ്ര ധനസഹായം പോലും ലഭിക്കാതെ കേരളം
മുണ്ടക്കൈ ദുരുന്തത്തില്‍ കേരളം ആവശ്യപ്പെട്ടത് 1500 കോടി;
ന്യൂഡല്‍ഹി: മുണ്ടക്കൈ ദുരന്തബാധിതരെ കേന്ദ്രസര്‍ക്കാര്‍ തീര്‍ക്കും കൈവിടുമോ? വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നല്‍കുന്ന സ്വാഭാവിക വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സഹായം നല്‍കാറുള്ള പതിവുണ്ട്. എന്നാല്‍, കേരളത്തിന്റെ കാര്യത്തില്‍ ആ പതിവും കേന്ദ്രം തെറ്റിക്കുകയാണ്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങള്‍ക്കു ലഭിച്ചതു പോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല. ദുരന്തം വിലയിരുത്താനുള്ള കേന്ദ്ര ഉന്നത സമതിയുടെ റിപ്പോര്‍ട്ടും വൈകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രധാനമന്ത്രിയെ കണ്ടിട്ടും ധനസഹായം മാത്രം അന്യമായി നല്‍ക്കുകയാണ്.
മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനല്‍കി. ഇക്കാര്യത്തില്‍ കേരളം മറുപടി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ പ്രത്യേകം ഫണ്ട് എപ്പോള്‍ ലഭിക്കും എന്നതാണ് പ്രധാന ചോദ്യം. കേരളത്തിന് ശേഷം പ്രകൃതി ദുരന്തം ഉണ്ടായ സംസ്ഥാനങ്ങളിലും കേന്ദ്രഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ രക്ഷാസേനകളായ എസ്.ഡി.ആര്‍.എഫിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും മാനദണ്ഡപ്രകാരം അനുവദിക്കാനാവില്ലെന്നാണ് നിലപാട്. ചട്ടപ്രകാരം വിജ്ഞാപനം ചെയ്ത 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള തുക ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഉപയോഗിക്കാം.
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി നല്‍കി. ഇതില്‍ 291 കോടി നേരത്തേ തന്നെ നല്‍കിയിരുന്നു. ജൂലൈ 31ന് 145 കോടിയും ഒക്ടോബര്‍ ഒന്നിന് ബാക്കി തുകയും മുന്‍കൂറായി തന്നെ നല്‍കി. ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള പണം ദുരന്ത നിവാരണ നിധിയിലുണ്ട് എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിക്കവേ വിഷയത്തില്‍ ഹൈകോടതി കേന്ദ്രത്തോട് നിലപാട് ആരാഞ്ഞിരുന്നു. ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് കെ.വി.തോമസ് പറഞ്ഞു. പ്രധാനമന്ത്രി വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടതാണ്. ആന്ധ്രപ്രദേശും ബിഹാറുമടക്കം സംസ്ഥാനങ്ങള്‍ക്ക് കൈയയച്ച് നല്‍കിയ കേന്ദ്രം കേരളത്തിനുനേരെ കൈമലര്‍ത്തുന്നത് ദുഃഖകരമാണെന്നും കെ.വി. തോമസ് പറഞ്ഞു.
2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു. 2024-25 ല്‍ എസ്ഡിആര്‍എഫിലേക്ക് 388 കോടി രൂപ കൈമാറിയതില്‍ 291 കോടി കേന്ദ്ര വിഹിതമാണ്. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കി 3 മാസം കഴിഞ്ഞും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
കേരളം ആവശ്യപ്പെടാതെ തന്നെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കാന്‍ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോര്‍ട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാല്‍, വയനാട് സന്ദര്‍ശനം ഓഗസ്റ്റ് എട്ടിനു പൂര്‍ത്തിയാക്കിയ സംഘം മാസങ്ങള്‍ക്കു മുന്‍പേ റിപ്പോര്‍ട്ട് കൈമാറിയതാണ്.
വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ മാര്‍ഗരേഖ അനുവദിക്കുന്നില്ലെന്നു കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളില്‍നിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്നും നഷ്ടപരിഹാരം നല്‍കാനല്ലെന്നും കേന്ദ്രം പറയുന്നു. സംസ്ഥാന ദുരന്തപ്രതികരണഫണ്ടില്‍ (എസ്ഡിആര്‍എഫ്) തുക ബാക്കിയുണ്ടെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നതെങ്കിലും അതുപയോഗിച്ചു ചെയ്തുതീര്‍ക്കാവുന്നതല്ല പുനരധിവാസപ്രവര്‍ത്തനങ്ങള്‍. എഡ്ഡിആര്‍എഫിലെ 96.8 കോടി രൂപ സംസ്ഥാനവിഹിതമാണു താനും.