കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതഞ്ഞ് നിരവധി പേര്‍ കിടപ്പുണ്ട്. എന്നാല്‍, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായതയിലാണ്. ജീവന് വേണ്ടി ഒരു പിടിവള്ളി കാത്തിരിക്കയാണ് ചെളിയില്‍ പുതഞ്ഞ് ഒരാള്‍. എന്നാല്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് എങ്ങോട്ടും എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് എങ്ങും.

മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണ്. ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ് ആള് കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താന്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല.

നടുക്കന്ന ഈ ദൃശ്യങ്ങള്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. നരക തുല്യാണ് അവസ്ഥയെന്നാണ് എംഎല്‍എ ചൂയിപ്പിക്ുകന്നത്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. താല്‍ക്കാലിക പാലം നിര്‍മിച്ചാല്‍ മാത്രമേ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയുള്ളൂ.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും പഞ്ചായത്ത് മെമ്പര്‍ സികെ നൂറുദ്ദീന്‍ മറുനാടനോട് പറഞ്ഞു. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. തീര്‍ത്തും നിസ്സഹായവസ്ഥയിലാണ് നാട്ടുകാര്‍.

ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്തുള്ളവര്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും തടസമായിരിക്കുകയാണ്. പാറക്കെട്ടില്‍ പിടിച്ചുനില്‍ക്കാന്‍ ആളുകള്‍ വിളിച്ചുപറയുന്നുണ്ട്.മേപ്പാടി മുണ്ടക്കൈ സര്‍ക്കാര്‍ യുപി സ്‌കൂളിന് സമീപത്താണ് കുടുങ്ങി കിടക്കുന്നത്.

അതിനിടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ വാര്‍ത്തയും എത്തിയിരുന്നു. ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.

മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും കണ്ണൂര്‍ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.