പത്തനംതിട്ട: എറണാകുളം മഹാരാജാസില്‍ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിത കഥ ആസ്പദമാക്കി എടുത്ത സിനിമയുടെ സംവിധായകന്‍ 2.30 കോടി രൂപ കബളിപ്പിച്ചു കൈക്കലാക്കിയെന്ന പരാതിയുമായി സിനിമയുടെ നിര്‍മാതാവ് കോടതിയില്‍. ശബരിമല കരാറുകാരനായ റാന്നി ബ്ലോക്ക് പടി സ്വദേശി പി.ജി. സുനില്‍കുമാര്‍ ആണ് നാന്‍ പെറ്റ മകനേ എന്ന ചിത്രത്തിന്റെ സംവിധായകനും സിപിഎം ചാരുംമൂട് ഏരിയാ കമ്മറ്റി അംഗവുമായ സജി എസ്. പാലമേലിനെതിരേ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. സുനില്‍ കോടതിയില്‍ ഹാജരായി മൊഴിയും നല്‍കിയിട്ടുണ്ട്. പലപ്പോഴായി 2.30 കോടി രൂപ സിനിമയുടെ പേര് പറഞ്ഞ് കൈക്കലാക്കിയെന്നും അതിന്റെ യുട്യൂബ് അവകാശങ്ങള്‍ സഹിതം സജി വിറ്റ് കാശ് പോക്കറ്റിലാക്കിയെന്നും സുനില്‍കുമാര്‍ ആരോപിക്കുന്നു.

സജിയും സുനിലും ഒരുമിച്ച് ശബരിമലയില്‍ കരാറുകാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018-19 കാലഘട്ടത്തിലാണ് സിനിമ നിര്‍മിക്കണമെന്ന ആവശ്യവുമായി സജി സുനിലിനെ സഹായത്തിന് സമീപിച്ചത്. മൂന്ന പേര്‍ ചേര്‍ന്ന് ഒന്നരക്കോടി രൂപ മുടക്കിയാല്‍ പടം എടുക്കാമെന്നായിരുന്നു സജി പറഞ്ഞിരുന്നത്. രണ്ടു പേര്‍ 50 ലക്ഷം വീതം മുടക്കുമെന്നും ശേഷിച്ച 50 ലക്ഷം സുനില്‍ ഇടണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ആദ്യമൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് സുനില്‍ ഒഴിഞ്ഞു മാറി. എന്നാല്‍, നയപരമായി സംസാരിച്ച് സുനിലിനെ ഇതിലേക്ക് സജി ഇറക്കുകയായിരുന്നു. ആദ്യം 50 ലക്ഷം മതിയെന്ന് പറഞ്ഞ് തുടങ്ങിയ സിനിമയ്ക്ക് പിന്നീട് സുനില്‍ മാത്രമായി നിര്‍മാതാവ്. 50 ലക്ഷം വീതം തരാമെന്ന് പറഞ്ഞ രണ്ടു പേരും പിന്മാറിയെന്നും മുടക്കിയ പണം തിരികെ കിട്ടണമെങ്കില്‍ സിനിമ പൂര്‍ത്തിയാക്കണമെന്നും സജി പറഞ്ഞു.

ഇതോടെ ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും ശബരിമലയിലെ കരാറില്‍ നിന്ന് ലഭിച്ച വരുമാനവും ചേര്‍ത്ത് സിനിമ പൂര്‍ത്തിയാക്കി. കേരളത്തില്‍ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കണ്ടാല്‍ മാത്രം മതി പടം വിജയിക്കാന്‍ എന്നായിരുന്നു സജി സുനിലിനെ ധരിപ്പിച്ചിരുന്നത്. പടം റിലീസ് ചെയ്യുകയും തീയറ്ററില്‍ ഓടുകയും ചെയ്തു. സാറ്റലൈറ്റ് അവകാശം കൈരളി ചാനലിന് കൊടുത്ത വകയില്‍ 23 ലക്ഷം രൂപ കിട്ടി. അത് മാത്രമാണ് തനിക്ക് മടക്കി കിട്ടിയ പണമെന്ന് സുനില്‍ പറയുന്നു. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ പോസ്റ്ററില്‍ നിര്‍മാതാവിന്റെ സ്ഥാനത്ത് സുനിലിന്റെ പേരായിരുന്നു. എന്നാല്‍, സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍മാതാവ് സജി ആണ്.

ഒരു കരാര്‍ പോലും വയ്ക്കാതെയാണ് നിര്‍മാണത്തിന് പണം മുടക്കിയതെന്ന് സുനില്‍ പറയുന്നു. അത് സജിയെ വിശ്വസിച്ചാണ്. ബാങ്ക് അക്കൗണ്ട് വഴി മാത്രം 1.18 കോടി രൂപ കൈമാറിയിരുന്നു. ആ തെളിവുകള്‍ വച്ചാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച് റാന്നി പോലീസിലും മുഖ്യമന്ത്രിക്കും സുനില്‍ പരാതി നല്‍കിയിരുന്നു. സജി എസ്. പാലമേല്‍ ചാരുംമൂട് ഏരിയ കമ്മറ്റിയംഗമായതിനാല്‍ ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ ഇടപെട്ടു. ഇവര്‍ നേരിട്ട് റാന്നി സ്റ്റേഷനിലെത്തി പറഞ്ഞതോടെ പരാതി പൂഴ്ത്തി. ഇതേ തുടര്‍ന്നാണ് തനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നതെന്നു സുനില്‍ പറഞ്ഞു. തനിക്ക് ഒരു പരിചയവുമില്ലാത്ത മേഖലയിലേക്ക് വലിച്ചിറക്കി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സജി സി.പി.എം തണലില്‍ വിലസുകയാണെന്നും സുനില്‍ ആരോപിച്ചു.