കണ്ണൂര്‍ : എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തിലെ നിര്‍ണ്ണായക തെളിവുകളിലേക്ക് പോകാന്‍ പോലീസിന് മടിയോ? നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍ ഉണ്ടായിരുന്നു. 14ന് വൈകിട്ടു യാത്രയയപ്പ് ചടങ്ങു കഴിഞ്ഞ് അദ്ദേഹം പോകുമ്പോള്‍ ഒരു താക്കോല്‍ ഡ്രൈവര്‍ ഷംസുദ്ദീനെ ഏല്‍പിച്ചു. മറ്റൊന്നു കയ്യില്‍വച്ചു. രാത്രി 8.55നു ചെങ്ങന്നൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന നവീന്‍ ബാബു ട്രെയിനില്‍ കയറാതെ ക്വാര്‍ട്ടേഴ്‌സിലേക്കു മടങ്ങിയത് എപ്പോള്‍, എങ്ങനെ എന്ന് ഇപ്പോഴും വ്യക്തമല്ല. നവീന്‍ ബാബു കാറില്‍ ഇറങ്ങിയ സ്ഥലത്തേയും ക്വാര്‍്‌ട്ടേഴ്‌സിന് മുന്നിലേയും സിസിടിവി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. എന്നാല്‍ പോലീസ് ഇതിന് തുനിയുന്നില്ലെന്നാണ് സൂചന. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തു എന്ന് പറയുന്ന ദിവസം ടിവി പ്രശാന്ത് ക്വാര്‍ട്ടേഴ്‌സിന് മുന്നിലെത്തിയിരുന്നു. ഇതിന്റെ സിസിടിവി പുറത്തു വന്നു. എന്നാല്‍ സംഭവ ദിവസം നവീന്‍ ബാബു എങ്ങനെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യമൊന്നും കിട്ടിയതുമില്ല. മുനീശ്വരം ക്ഷേത്രത്തിന് അടുത്താണ് നവീന്‍ ബാബു കാറില്‍ ഇറങ്ങിയത്. അതിന് ശേഷമുള്ള നവീന്‍ ബാബുവിന് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല.

അതിനിടെ നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് ഹുസൂര്‍ ശിരസ്തദാര്‍ പ്രേംരാജ്, ജൂനിയര്‍ സൂപ്രണ്ട് പ്രേമന്‍ എന്നിവര്‍ക്കാണെന്ന് വ്യക്തമായി. 15ന് പുലര്‍ച്ചെ 4.58ന് വാട്‌സാപ്പില്‍ ഭാര്യ മഞ്ജുള, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊബൈല്‍ നമ്പരുകളാണ് അയച്ചുകൊടുത്തത്. 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചനയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്. പ്രേംരാജ്, പ്രേമന്‍, എഡിഎമ്മിന്റെ ഡ്രൈവര്‍ എം.ഷംസുദ്ദീന്‍ എന്നിവരുടെ മൊഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി രേഖപ്പെടുത്തി. നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത് ഷംസുദ്ദീനും കലക്ടറുടെ ഗണ്‍മാനും ക്വാര്‍ട്ടേഴ്‌സിനു സമീപം താമസിക്കുന്ന മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായിരുന്നു. ഡ്രൈവര്‍ എത്തുമ്പോള്‍ വീട് തുറന്നിട്ട നിലയിലായിരുന്നു. വാതില്‍ തുറന്നിട്ട് ഒരാള്‍ ആത്മഹത്യ ചെയ്യുമോ എന്ന ന്യായമായ ചോദ്യവും അവശേഷിക്കുന്നു. ഈ പരിസരത്തെ സിസിടിവിയില്‍ എല്ലാ സത്യവും ഉണ്ടെന്നാണ് ഏവരും വിശ്വസിക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് സംഭവങ്ങള്‍ എത്തിയതിന് പിന്നിലെ ക്രിമിനല്‍ ഗൂഡാലോചന പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട്. പിപി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ വെളിപ്പെടുത്തല്‍ അടക്കം നിര്‍ണ്ണായകമാണ്. കേസില്‍ നിന്നും തലയൂരാന്‍ തെറ്റായ വാദങ്ങളാണ് ദിവ്യ മുമ്പോട്ട് വയ്ക്കുന്നതെന്ന് വ്യക്തം. എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എഡിഎം ഓഫീസില്‍ നിന്ന് തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു. പ്രശാന്തനെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. അതേ ദിവസം വീട്ടിനുള്ളില്‍ വച്ചാണ് കളക്ടറെ പ്രശാന്തന്‍ കണ്ടതെന്നാണ് പറഞ്ഞു വച്ചത്. എന്നാല്‍ ആ കൂടിക്കാഴ്ച പുറത്തായിരുന്നു. പ്രശാന്തന്റേയും എഡിഎമ്മിന്റേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് രേഖപ്പെടുത്താനുള്ള ഗൂഡാലോചനയായി ഇതിനെ കാണാം.

കണ്ണൂര്‍ പള്ളിക്കുന്നില്‍ കെഎംഎം വിമന്‍സ് കോളേജിന് സമീപത്തെ ക്വാര്‍ട്ടേര്‍സിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്. ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ വീട്ടിലേക്ക് പ്രശാന്തന്‍ കയറയിട്ടില്ല. നവീന്‍ ബാബു മരിക്കുമെന്നും അന്ന് ചര്‍ച്ച ചെയ്യാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനിവാര്യമാണെന്ന ക്രിമിനല്‍ ബുദ്ധിയല്ലേ ഈ വരവിന് പിന്നിലെന്ന സംശയം ശക്തമാണ്. പെട്രോള്‍ പമ്പിന് നിരാക്ഷേപപത്രം (എന്‍ഒസി) നല്‍കുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവര്‍ ലക്ഷ്യമിട്ടത് കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിന് എതിരായ അച്ചടക്കനടപടി എന്ന വാദം ശക്തമാണ്. യാത്രയയപ്പു യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുകയും പിന്നാലെ പരാതി നല്‍കുകയും ചെയ്താല്‍ അതു വിവാദമാകുമെന്നും ഉദ്യോഗസ്ഥനെതിരെ അന്വേഷണം വരുമെന്നുമായിരുന്നു നിഗമനം. ഇതിന് വേണ്ടി ചില മുന്‍കൂട്ടി തിരക്കഥകളും നടന്നു. പലവിധ കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതാണു പതിവ്. വകുപ്പുതല നടപടികള്‍ 6 മാസത്തിലേറെ നീളും. വിരമിക്കാന്‍ ഏതാനും മാസം മാത്രമാണ് അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നത്. അതായത് പെന്‍ഷന്‍ അടക്കം ഉടന്‍ കിട്ടാത്ത രീതിയില്‍ വകുപ്പു തല നടപടികള്‍ മാറും. നവീന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ഇറങ്ങിയ ശേഷമാണ് പമ്പിന് എന്‍ഒസി ലഭിക്കുന്നത്. 10 ദിവസത്തോളം ഉദ്യോഗസ്ഥന്റെ വിടുതല്‍ കലക്ടര്‍ വൈകിച്ചെന്നും പിന്നീടു വ്യക്തമായി. ഇതിനിടെ നടന്ന സംഭവങ്ങള്‍ എന്തെല്ലാമാണെന്ന് പൊലീസിന്റെ വിശദ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. എഡിഎമ്മിന്റെ മരണത്തിനു കാരണമായ ആക്ഷേപങ്ങളിന്മേല്‍ വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീത നവീന്‍ ബാബുവിന് നല്‍കുന്നത് ക്ലീന്‍ ചിറ്റാണ്.

നവീന്‍ ബാബുവിനെ മരണത്തിലേക്കു തള്ളിവിട്ട സംഭവം അസാധാരണ കേസായി പരിഗണിക്കേണ്ടതാണെങ്കിലും പൊലീസ് കൈകാര്യം ചെയ്യുന്നത് തികഞ്ഞ ലാഘവത്തോടെ. അന്വേഷണത്തിനു റവന്യു, ആരോഗ്യ വകുപ്പുകള്‍ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും പൊലീസ് അന്വേഷണം നടത്തുന്നത് സര്‍വീസ് റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥനാണ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ക്കാണ് റവന്യു വകുപ്പില്‍ അന്വേഷണച്ചുമതല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ആരോഗ്യ വകുപ്പില്‍ അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം നടത്തുന്നതാകട്ടെ സ്റ്റേഷന്‍ ഓഫിസറായ ടൗണ്‍ ഇന്‍സ്‌പെക്ടറും. എസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കേണ്ട കേസാണിതെന്ന അഭിപ്രായം ശക്തമാണ്.