കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന് എതിരെ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പെട്രോള്‍ പമ്പ് അപേക്ഷകന്‍ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂര്‍ ജയ് സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് വിജിലന്‍സ് ഡയറക്ടറേറ്റ് നല്‍കിയ മറുപടി. എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു നേരത്തെ പ്രശാന്ത് ഉയര്‍ത്തിയ വാദം. ഇത് വ്യാജ പരാതിയെന്നും പിന്നീട് തെളിഞ്ഞിരുന്നു. വിജിലന്‍സ് മറുപടിയും ഇത് ശരിവെക്കുന്നു. നവീന്‍ ബാബുവിനെതിരെ വകുപ്പിലും പരാതികളില്ല. ഒരു പരാതിയും എഡിഎമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയും കണ്ണൂര്‍ കളക്ടറേറ്റും മറുപടി നല്‍കിയത്.

2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബു മരിച്ചത്. യാത്രഅയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ നവീനിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ തുടക്കം മുതല്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.

മരണം കൊലപാതകാണെന്നും ദിവ്യയുടെ രാഷ്ട്രീയ സ്വാധീനം കാരണം ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പോരായ്മകളുണ്ട്. ശരീരം തൂങ്ങിനിന്നതിലുമേറെ സമയം തറയില്‍ കിടന്നിട്ടുണ്ടാകാമെന്നാണ് ഹൃദയം നിലച്ചശേഷമുള്ള രക്തമൊഴുക്കിന്റെ ഗതി സൂചിപ്പിക്കുന്നത്.

കൊലപ്പെടുത്തിയശേഷം തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. വായില്‍ നിന്ന് ഉമിനീര്‍ ഒഴുകിയിട്ടില്ല. മരണം നേരത്തേ നടന്നുവെന്ന സൂചനയാണിത്. നാക്കുകടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നു സംശയിക്കാവുന്ന തെളിവാണിത്. അടിവസ്ത്രത്തിലെ രക്തക്കറയ്ക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉത്തരമില്ല. മൂത്രാശയക്കല്ലാകാം കാരണമെന്ന് ഡോക്ടര്‍ പിന്നീട് നല്‍കിയ മൊഴിയാണ് കോടതി കണക്കിലെടുത്തത്. ദിവ്യയും കണ്ണൂര്‍ കളക്ടറും സാക്ഷി പ്രശാന്തനും ഗൂഢാലോചന നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.