- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി; എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ല; ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി
നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല
ന്യൂഡല്‍ഹി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മരണത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മരണം ആത്മഹത്യയാണെന്ന നിഗമനത്തിനപ്പുറം പൊലീസ് നരഹത്യാ സാധ്യത കണക്കിലെടുത്ത് അന്വേഷണം നടത്തുന്നില്ല. കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോയെന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നില്ല. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈരുധ്യമുണ്ട്. ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ കുടുംബത്തിന് വിശ്വാസമില്ല. അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
കേസിലെ പ്രതി പി.പി.ദിവ്യക്ക് ഉന്നത സ്വാധീനമുണ്ടെന്നും നേരത്തെ ഹൈക്കോടതിയില്‍ കുടുംബം ആരോപിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്ററെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിബിഐ അന്വേഷണ ആവശ്യം തള്ളിയത്.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)