- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്രിട്ടന് നയം വ്യക്തമാക്കി - കെയറര്‍മാരെ പോലെ അടിസ്ഥാന ശമ്പളം ഉള്ളവരെ ഇനി വേണ്ട; പൗരത്വ കാലാവധി പത്തു വര്‍ഷമായാലും ഡോക്ടര്‍, എഞ്ചിനീയര്‍, നഴ്സ് തുടങ്ങിയ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ബാധകമാകില്ല; ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷന്‍ തുണയാകും; മാറ്റങ്ങള്‍ യുകെയില്‍ എത്തിയവരെ ബാധിക്കില്ലെന്ന് സൂചനകള്‍; കേരളത്തില്‍ ഉള്ളവരുടെ യുകെ മോഹം അസ്തമിക്കും; യുകെയില്‍ ഉള്ളവര്‍ പേടിക്കേണ്ടത് അഞ്ചും ആറും അധ്യായത്തിലെ നിര്‍ദേശങ്ങളും കുരുക്കുകളും
കെയറര്‍മാരെ പോലെ അടിസ്ഥാന ശമ്പളം ഉള്ളവരെ ഇനി വേണ്ട; കേരളത്തില്‍ ഉള്ളവരുടെ യുകെ മോഹം അസ്തമിക്കും
ലണ്ടന്‍: മികച്ച യോഗ്യത ആവശ്യം ഇല്ലാത്ത കെയറര്‍ ജോലിക്ക് ഉള്‍പ്പെടെ മലയാളികളടക്കം പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ ഇരച്ചെത്തിയതോടെ കണക്കുകള്‍ കൈവിട്ടു പോയ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒടുവില്‍ നയം വ്യക്തമാക്കി രംഗത്ത്. തുടര്‍ച്ചയായി ദുരുപയോഗം ചെയ്യപ്പെട്ടതിലൂടെ അരലക്ഷം ആളുകള്‍ എങ്കിലും യാതൊരു യോഗ്യതയും ഇല്ലാതെ കെയര്‍ വിസ നേടി യുകെയില്‍ എത്തി എന്ന് കണക്കുകള്‍ പറഞ്ഞതോടെ ആ വിസ ഇനി വിദേശികള്‍ക്ക് നല്‍കേണ്ട എന്ന നിര്‍ണായക തീരുമാനമാണ് ഇന്നലെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടത്. ഇക്കാര്യം ഞായറാഴ്ച ബിബിസിയുടെ പ്രഭാത പരിപാടിയില്‍ പങ്കെടുക്കവെ ഹോം സെക്രട്ടറി യുവേറ്റ കൂപ്പറും പ്രതിപക്ഷ ഹോം സെക്രെട്ടറി ക്രിസ് ഫിലിപ്പും ഒന്നിച്ചു നടത്തിയ ചര്‍ച്ചയില്‍ തന്നെ വെളിപ്പെട്ടിരുന്നതിനാല്‍ ഏവരും ഏറെ ആശങ്കകളോടെയാണ് ഇന്നലെ നടന്ന പാര്‍ലിമെന്റ് നടപടികള്‍ വീക്ഷിക്കാന്‍ തയ്യാറായത്.
തുടര്‍ന്ന് പ്രതീക്ഷിക്കപ്പെട്ടതു പോലെയുള്ള നിര്‍ദേശങ്ങള്‍ തന്നെയാണ് പാര്‍ലിമെന്റില്‍ എത്തിയ വൈറ്റ് പേപ്പറില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ഇന്ന് യുകെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിയേറ്റം തന്നെയാണ് എന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഒക്കെ പ്രതികരിക്കുന്നുണ്ട് എന്ന് ബിബിസി ഫോര്‍ റേഡിയോ നടത്തിയ വെളിപ്പെടുത്തിയ ഏറെ പ്രധാനമായി മാറുകയാണ്. പ്രത്യേകിച്ചും യുകെയില്‍ ഇനിയും സെറ്റില്‍ ചെയ്യാത്ത കുടിയേറ്റക്കാര്‍ അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ വീക്ഷിക്കണമെന്ന വിലയിരുത്തലാണ് കെയര്‍ വിസയും പി ആര്‍ കാലാവധിയും മാറ്റി വച്ചാല്‍ വൈറ്റ് പേപ്പറില്‍ നിര്‍ണായകമായി മാറുന്നത്. വൈറ്റ് പേപ്പറിന്റെ അഞ്ചും ആറും അധ്യായങ്ങള്‍ യുകെയില്‍ എത്തിയ ഏതൊരു കുടിയേറ്റക്കാരനും എപ്പോള്‍ വേണമെങ്കിലും തിരിച്ചടി സമ്മാനിക്കാന്‍ കരുത്തുള്ളതുമാണ്. പ്രത്യേകിച്ചും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ കാര്യത്തില്‍.
രാവിലെ മുതല്‍ ആശങ്ക നിറഞ്ഞ കോളുകള്‍, ഒടുവില്‍ ആശ്വാസം
ഇന്നലെ രാവിലെ മുതല്‍ യുകെയില്‍ അടുത്ത കാലത്തെത്തിയ മലയാളികള്‍ ആശങ്കയോടെയാണ് വിവരങ്ങള്‍ അറിയാന്‍ മറുനാടന്‍ മലയാളിയെയും ഇമിഗ്രേഷന്‍ സോളിസിറ്റര്‍മാരെയും ഒക്കെ വിളിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഭയപ്പെട്ടത് പോലെ നിലവില്‍ യുകെയില്‍ എത്തിയ ആളുകളെ ഇപ്പോള്‍ പുറത്തു വന്ന മാറ്റങ്ങള്‍ ബാധിക്കില്ല എന്നാണ് പ്രാഥമിക നിഗമനം. യുകെയില്‍ കെയര്‍ വിസ കാലാവധി തീരുന്നവരും പിആറിന് അപേക്ഷിക്കാന്‍ അടുത്തെത്തി നില്‍ക്കുന്നവരും ഒക്കെയാണ് ഭയത്തോടെ പാര്‍ലിമെന്റില്‍ നിന്നും എത്തുന്ന നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്തത്. എന്നാല്‍ ഒറ്റയടിക്ക് കുടിയേറ്റക്കാര്‍ ബ്രിട്ടന്‍ ഉപേക്ഷിച്ചാല്‍ അടിസ്ഥാന മേഖലകളില്‍ അടക്കം ബ്രിട്ടന് മുന്നോട്ടു പോകാനാകില്ല എന്ന വ്യക്തത വന്നതോടെയാണ് നിലവില്‍ യുകെയില്‍ എത്തിയവരെ ബാധിക്കാത്ത നിലയില്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വരാനാഗ്രഹിക്കുന്നവരെ മടുപ്പിക്കുന്ന നിര്‍ദേശങ്ങള്‍ ഏറെ
അതേസമയം ആദ്യം എങ്ങനെയും യുകെയില്‍ എത്തുക, പിന്നീട് ഒത്തില്ലെങ്കില്‍ മറ്റ് സ്ഥലം പിടിക്കുക എന്നൊക്കെയുള്ള മലയാളി നീക്കങ്ങള്‍ക്ക് തടയിടുന്ന നിര്‍ദേശങ്ങള്‍ വൈറ്റ് പേപ്പറില്‍ നിറയുന്നത് യുകെ മോഹം മനസ്സില്‍ സൂക്ഷിക്കുന്ന നാട്ടിലും മറുനാട്ടിലും ഉള്ള മലയാളികള്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ്. പൗരത്വം നേടാന്‍ പത്തു വര്‍ഷം കാത്തിരിക്കണമെന്ന നിര്‍ദേശം ആരുടേയും മനസ് മടുപ്പിക്കുന്ന പ്രധാന നിര്‍ദേശമാണ്. സ്റ്റുഡന്റ് വിസയില്‍ എത്തുന്നവരില്‍ പാതിയില്‍ അധികവും മടങ്ങുന്നില്ല എന്ന കണക്കുകള്‍ മുന്നില്‍ നില്‍ക്കവേ പിഎസ്ഡബ്ല്യു വിസയില്‍ വരുത്തിയ ആറുമാസത്തെ വെട്ടിക്കുറയ്ക്കല്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും. മുന്‍പ് ഇത് ഒരു വര്‍ഷമോ അഥവാ ഈ അനുകൂല്യമോ നല്‍കേണ്ടതില്ല എന്ന കടുത്ത നിര്‍ദേശമാണ് സര്‍ക്കാരിനെ തേടി എത്തിയതെങ്കിലും യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തിന് തിരിച്ചടിയാകും എന്ന കാര്യം വ്യക്തമായതോടെയാണ് ആറു മാസം മാത്രം വെട്ടിച്ചുരുക്കാന്‍ ലേബര്‍ സര്‍ക്കാര്‍ തയ്യാറായത്.
എന്‍എച്ച്എസിന് വേണ്ടി നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ചേര്‍ത്ത് നിര്‍ത്തും, എഞ്ചിനീയര്‍മാരും ഭയക്കേണ്ട
കൂടുതല്‍ വരുമാനം നേടുന്ന തൊഴില്‍ ചെയ്യുന്നവര്‍ എന്നതിനേക്കാള്‍ ഉപരി ഇപ്പോഴും വിദേശ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ആശ്രയിച്ചു മുന്നോട്ടു പോകുന്ന എന്‍എച്ച്എസിന് കടിഞ്ഞാണ് വീഴാതിരിക്കാന്‍ ശ്രദ്ധയോടെയുള്ള പ്രഖ്യാപനമാണ് ലേബര്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ഈ വിഭാഗം രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കും കരുത്താണ് എന്ന തിരിച്ചറിവ് പരസ്യമായി പ്രഖ്യാപിച്ചാണ് ഈ മേഖലയില്‍ എത്തുന്നവര്‍ക്ക് പത്തു വര്‍ഷം കാത്തിരിക്കാതെ ഫാസ്റ്റ് ട്രാക്ക് റൂട്ടില്‍ നേരത്തെ പൗരത്വ അപേക്ഷ നല്‍കാന്‍ സാധിക്കും എന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഇവര്‍ക്ക് നിലവിലേത് പോലെ അഞ്ചു വര്‍ഷം എന്ന കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷന്‍ നല്‍കാന്‍ സാധിച്ചേക്കും എന്നാണ് ഇമിഗ്രേഷന്‍ സോളിസിറ്റേഴ്‌സ് വിലയിരുത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള നാളെയുടെ വിധി നിര്‍ണയിക്കുന്ന മേഖലയില്‍ ജോലി ചെയ്യാന്‍ ആളെ ആവശ്യമാണ് എന്ന നിലയില്‍ ഇത്തരം ജോലികള്‍ക്ക് എത്തുന്നവരെ സര്‍ക്കാര്‍ പ്രത്യേകമായി ചേര്‍ത്ത് പിടിക്കും എന്നതും ഇന്നലെ പുറത്തു വിട്ട മാര്‍ഗനിര്‍ദേശങ്ങളിലെ പ്രധാന പോയിന്റ്.
ഓരോ കുടിയേറ്റക്കാരും ഭയക്കേണ്ട കുരുക്കും വൈറ്റ് പേപ്പറില്‍ കണ്ടെത്താനാകും, മയമില്ലാത്ത പുറത്താക്കല്‍ പ്രതീക്ഷിക്കാം
കുറ്റകൃത്യങ്ങളോടും കുടിയേറ്റ നിയമത്തിന് എതിരായതുമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരോട് ഒരു മയവും ഇല്ലാത്ത നടപടികള്‍ ആകും സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരിക എന്നാണ് 80 പേജുള്ള വൈറ്റ് പേപ്പറിലെ 57 മത്തെ പേജില്‍ വ്യക്തമാക്കുന്നത്. ഏതാനും മാസം മുന്‍പ് പ്രധാനമന്ത്രി യുകെയില്‍ നിന്നും 25,000 പേരെ നാടുകടത്തി എന്ന പ്രഖ്യാപനം നടത്തിയതും തൊട്ടു പിന്നാലെ മാധ്യമങ്ങള്‍ അത് കളവാണെന്ന് കണ്ടു പിടിച്ചതും വലിയ വാര്‍ത്തയായി മാറിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി എന്ന മട്ടില്‍ മേനി നടിക്കാന്‍ സര്‍ക്കാര്‍ പുറത്തു വിട്ട കണക്ക് തെറ്റായിരുന്നു എന്ന് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണ്. ആകെ 8000 കുടിയേറ്റക്കാരെയാണ് കഴിഞ്ഞ വര്‍ഷം പുറത്താക്കിയതെന്നു വൈറ്റ് പേപ്പറിലെ ഡെമോ ഗ്രാഫ് വ്യക്തമാക്കുന്നു. ഇതില്‍ 2500ലേറെ അഭയാര്‍ത്ഥി വിസ തേടി എത്തിയവരും അവശേഷിക്കുന്നവര്‍ സാധാരണ കുടിയേറ്റക്കാരുമാണ് എന്ന വസ്തുതയാണ് വൈറ്റ് പേപ്പര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ നാടുകടത്തിയവരില്‍ നല്ല പങ്കും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ ആണെന്നതാണ് ഓരോ കുടിയേറ്റക്കാരും പ്രത്യേകം നിരീക്ഷിക്കേണ്ടത്.
ആകെ എണ്ണായിരത്തോളം പേരെ മടക്കി അയച്ചതില്‍ 5000 പേരും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ ആയിരുന്നു എന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലായി മാറുകയാണ്. സാധാരണ നാട് കടത്തപെടുന്നവര്‍ കുടിയേറ്റ നിയമം ലംഘിച്ചവര്‍ ആയിരിക്കും എന്ന പൊതു ധാരണ തകിടം മറിയുന്ന കണക്കുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഇങ്ങനെ മടക്കി അയക്കപെട്ടവരില്‍ പാതിയോളം പേരും യൂറോപ്യന്‍ വംശജരും ബാക്കി ഉള്ളവര്‍ മറ്റു രാജ്യങ്ങളില്‍ പെട്ടവരും ആണെന്നും കണക്കുകളില്‍ വ്യക്തമാണ്. ഇതോടെ കുറ്റകൃത്യം തടയുക എന്നതിന്റെ ഭാഗമായി ഇത്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെ കയ്യോടെ നാടുകടത്തുക എന്ന ലക്ഷ്യം സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ നിസാര കാരണങ്ങള്‍ക്ക് പോലും ക്രിമിനല്‍ കേസിനെ നേരിടേണ്ടി വരുന്ന സാഹചര്യം മലയാളികള്‍ ഉള്‍പ്പെടയുള്ള കുടിയേറ്റ സമൂഹം ഒഴിവാക്കണമെന്ന പാഠമാണ് ഇന്നലത്തെ വൈറ്റ് പേപ്പറില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയിരിക്കുന്ന ഊരാക്കുടുക്ക്.
ബ്രിട്ടനില്‍ സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ വലയ്ക്കും
സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് ഇവിടെ താമസിക്കുന്നവര്‍ക്ക് വിസാ കാലാവധി കഴിയുമ്പോഴേക്കും അവരുടെ പൗരത്വവും ഓട്ടോമാറ്റിക് സെറ്റില്‍മെന്റും അവസാനിപ്പിക്കും. പകരം കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ പത്ത് വര്‍ഷം താമസിക്കേണ്ടതുണ്ട്. നഴ്സുമാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി രാജ്യത്തിന് മികച്ച സംഭാവന നല്‍കാന്‍ കഴിയുന്നവരെ സര്‍ക്കാരിന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. കുടിയേറ്റക്കാരും അവരുടെ ആശ്രിതരും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന നിബന്ധന കര്‍ശനമാക്കും. പല വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷ നിലവാരം കുറഞ്ഞതാണ് എന്നതാണ് വാസ്തവം. നേരത്തേ വന്‍ തോതില്‍ നടന്നിരുന്ന കുടിയേറ്റം ഇപ്പോള്‍ മന്ദഗതിയാലായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
കെയറര്‍മാര്‍ക്ക് എന്തു സംഭവിക്കും?
പുതിയ നിയമങ്ങളിലെ ഏറ്റവും സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ട ഘടകങ്ങളില്‍ ഒന്ന് കെയര്‍ വര്‍ക്കര്‍മാരുടെ വിസ നിയമങ്ങളിലെ വന്‍ മാറ്റങ്ങളാണ്. ഡെഡിക്കേറ്റഡ് കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കിയിരുന്നു. യുകെയിലെ സ്ഥാപനങ്ങള്‍ ഇനി വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിനെ ആശ്രയിക്കേണ്ടതില്ലെന്നും പകരം തദ്ദേശീയരായ തൊഴിലാളികളെ പരിശീലിപ്പിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2028 വരെയുള്ള കാലയളവില്‍ യുകെയിലുള്ള കെയര്‍ വര്‍ക്കര്‍മാര്‍ക്ക് അവരുടെ വിസ നീട്ടാന്‍ അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വേണ്ടത്ര യോഗ്യതയില്ലാത്ത നാല്‍പ്പതിനായിരത്തോളം കെയര്‍ വിസക്കാരെയാണ് പലരും ചേര്‍ന്ന് യുകെയിലേക്ക് കൊണ്ടു വന്നതെന്നാണ് കണക്ക്. എന്നാല്‍ ബ്രിട്ടനിലെ ചില മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നത് പുതിയ തീരുമാനം കെയര്‍ മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ്.
കൂടുതല്‍ വിദേശ കുറ്റവാളികളെ ഇപ്പോള്‍ നാടുകടത്തുമോ?
വിദേശ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റക്കാരായി എത്തുന്ന കുറ്റവാളികളെ കുറിച്ചും അവരുടെ കുറ്റകൃത്യങ്ങളെ കുറിച്ചും കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുമെന്നും അവരെ ജയിലില്‍ അടയ്ക്കുന്നതിനേക്കാള്‍ വിസ റദ്ദാക്കുകയും നാട് കടത്തുകയും ചെയ്യുന്നതിന് മുന്‍ഗണന നല്‍കാനുമാണ് നീക്കം. കുറ്റവാളികള്‍ തങ്ങളെ നാടു കടത്തുന്നതിനെതിരെ അപ്പീല്‍ നല്‍കുമ്പോള്‍ കുടുംബ ജീവിതത്തിനുള്ള അവകാശം സംരക്ഷിക്കുന്ന യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ എട്ട് ചൂണ്ടിക്കാട്ടാന്‍ സാധ്യതയുണ്ട്. ഇതിനെ നേരിടാന്‍ ജഡ്ജിമാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് എങ്ങനെയാണ് നടപ്പിലാക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ബ്രിട്ടനില്‍ കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പോലും നാടു കടത്തല്‍ ഒഴിവാക്കുന്നതിനായി ഈ ഭേഗദതി പ്രയോജനപ്പെടുത്താറുണ്ട്.
വിദേശ വിദ്യാര്‍ത്ഥികളെ പുതിയ മാറ്റം എങ്ങനെ ബാധിക്കും?
ബ്രിട്ടനില്‍ ഓരോ വര്‍ഷവും ഒന്നരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രാജുവേറ്റ് വിസകള്‍ നല്‍കുന്നത്. ഇത് മൊത്തം കുടിയേറ്റത്തിന്റെ പത്ത് ശതമാനാണ്. നിലവില്‍, ഈ വിസ ഉടമകള്‍ക്ക് അവരുടെ കോഴ്‌സിന് ശേഷം രണ്ട് വര്‍ഷം യുകെയില്‍ തുടരാം. എന്നാല്‍ ഈ കാലയളവ് ഇപ്പോള്‍ 18 മാസമായി കുറയ്ക്കുകയാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന കോളജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കുമുള്ള പരീക്ഷകളും കര്‍ശനമാക്കും. തീരെ നിലവാരം ഇല്ലാത്ത ഒരു വര്‍ഷം മാത്രമുള്ള കോഴ്സുകള്‍ ചിലര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാനെത്തുവര്‍ പിന്നീട് യുകെയില്‍ തുടരുന്നതാണ് രീതി.
കുടിയേറ്റക്കാര്‍ കൂടുതല്‍ യോഗ്യതകള്‍ നേടണമോ?
2021നും 2024 നും ഇടയില്‍ താഴ്ന്ന ജോലികള്‍ക്കുള്ള വിസകളുടെ അനുപാതം വര്‍ധിച്ച സാഹചര്യത്തില്‍ തൊഴില്‍ വിസകള്‍ക്കുള്ള നൈപുണ്യ പരിധി ഇപ്പോള്‍ ബിരുദ തലത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ഉത്തരവാദിത്തമുള്ള ഏജന്‍സികള്‍ അംഗീകരിച്ച അഭയാര്‍ത്ഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവിലുള്ള സ്‌കില്‍ഡ്-വര്‍ക്കര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഒരു കുടിയേറ്റ തൊഴിലാളിയെ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് 32 ശതമാനമായി വര്‍ദ്ധിപ്പിക്കും. നിലവില്‍ വലിയ സ്ഥാപനങ്ങള്‍ക്ക് ഒരു സ്‌കില്‍ഡ് തൊഴിലാളിയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ആദ്യ വര്‍ഷത്തേക്ക് 1,000 പൗണ്ടും തുടര്‍ന്നുള്ള ഓരോ ആറ് മാസ കാലയളവിലും 500 പൗണ്ടുമാണ് ചിലചെലവാകുന്നത്.
പുതിയ മാറ്റം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ എന്തു മാറ്റം വരുത്തും?
പുതിയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷം പേരുടെ എങ്കിലും കുറവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഈ മാറ്റങ്ങള്‍ കുടിയേറ്റക്കാരുടെ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍സ കീര്‍ സ്റ്റാര്‍മറും വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ തന്നോട് സഹകരിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024 ജൂണ്‍ വരെയുള്ള കാലയളവില്‍ യുകെയിലേക്കുള്ള മൊത്തം കുടിയേറ്റം താല്‍ക്കാലികമായി 7,28,000 ആണെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ ഏകദേശം 1,207,000 ആളുകള്‍ യുകെയിലേക്ക് കുടിയേറിയതായി കണക്കാക്കപ്പെടുന്നു.