- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം മിസൈലുകളെ തിരിച്ചറിയും; പിന്നെ ദിശ കണ്ടെത്തി നേരെ കുതിക്കും; 90 ശതമാനം ആക്രമണങ്ങളും തടയും; മഴ പോലെ എത്തിയാലും ഇസ്രയേലിന് ത്രിതല ആകാശ സുരക്ഷ: അറിയാം അയണ്‍ ഡോമിനൊപ്പം ഡേവിഡ് സ്ലിങ്ങിനെയും ആരോയെയും
അറിയാം അയണ്‍ ഡോമിനൊപ്പം ഡേവിഡ് സ്ലിങ്ങിനെയും ആരോയെയും
ജെറുസലേം: കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് ഇറാന്‍ 181 മിസൈലുകളാണ് തൊടുത്തു വിട്ടത്. അവയെല്ലാം തന്നെ ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനം തകര്‍ത്ത് തള്ളിയിരുന്നു എന്നാണ് പൊതുേവ മാധ്യമങ്ങളെല്ലാം തന്നെ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് മിസൈലാക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലിന്റെ കൈവശമുളളത് അയണ്‍ഡോം മാത്രമല്ല എന്നതാണ്.
മിസൈലുകളെ നേരിടാന്‍ ത്രിതല സംവിധാനം
മിസൈലുകള്‍ പ്രതിരോധിക്കുന്നതിന് വന്‍ സംവിധാനങ്ങളാണ് ഇസ്രയേല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ത്രിതല സംവിധാനമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ കൈവശമുളളത്. അയണ്‍ഡോം കൂടാതെ ആരോ, ഡേവിഡ്സ് സ്ലിംഗ് എന്നിവയാണ് പ്രധാനമായും മിസൈല്‍ തടയുന്ന ഇസ്രയേലിന്റെ വജ്രായുധങ്ങള്‍. ഹ്രസ്വദൂര മിസൈലുകള്‍ തകര്‍ക്കുന്നതിനാണ് കൂടുതലായും അയണ്‍ഡോം ഉപയോഗിക്കുന്നത്. ഹമാസിന്റെയും ഹൂതി വിമതരുടേയും എല്ലാം ആക്രമണങ്ങള്‍ തടഞ്ഞിരുന്നത് അയണ്‍ഡോമുകളാണ്.
ഒരു മിസൈല്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി പുറപ്പെടുമ്പോള്‍ തന്നെ അയണ്‍ഡോം അക്കാര്യം മനസിലാക്കുകയും അവയുടെ കൃത്യമായ മാര്‍ഗ്ഗത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ മിസൈലിനെ തകര്‍ക്കുകയും ചെയ്യും. 2011 ലാണ് അയണ്‍ഡോം സംവിധാനം ഇസ്രയേല്‍ പ്രതിരോധത്തിന്റെ ഭാഗമായി മാറിയത്. അന്ന് മുതല്‍ ആയിരക്കണക്കിന് മിസൈലുകളേയും റോക്കറ്റുകളെയും ഡ്രോണുകളേയുമാണ് ഈ സംവിധാനം തകര്‍ത്തിട്ടുള്ളത്.
2006 ല്‍ ലബനനുമായുള്ള യുദ്ധത്തിന് ശേഷമാണ് അമേരിക്കയുടെ സാങ്കേതിക സഹായത്തോടെ ഇസ്രയേല്‍ ഇവ നിര്‍മ്മിച്ചത്. അയണ്‍ഡോമിന് ഒപ്പം തന്നെ ആരോയും, ഡേവിഡ്സ് സ്ലിംഗ് സംവിധാനവും ഇസ്രയേല്‍ ഉപയോഗിച്ച് തുടങ്ങിയത് ഈ വര്‍ഷം ഏപ്രില്‍ മുതലാണ്. ഏപ്രില്‍ മാസത്തിന് ശേഷം ഇറാന്‍ അയച്ച മുന്നൂറോളം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമാണ് ഈ സംവിധാനങ്ങളിലൂടെ ഇസ്രയേല്‍ തോല്‍പ്പിച്ചിട്ടത്.
മിസൈല്‍ പുറപ്പെടുമ്പോഴേ അറിയും
ഓരോ അയണ്‍ ഡോമിനും 10 മിസൈല്‍ പ്രതിരോധ ബാറ്ററികളാണ് ഉളളത്. ഈ ബാറ്ററി ഇസ്രയേല്‍ തന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ഇതില്‍ മൂന്ന് ഘടകങ്ങളാണുള്ളത്. ഒരു റഡാര്‍ സംവിധാനം, വരുന്ന റോക്കറ്റിന്റെ ഗതി അറിയാനായി ഒരു കമ്പ്യൂട്ടര്‍, പിന്നെയുളളത് ഒരു ലോഞ്ചറാണ്. മിസൈല്‍ എത്തുമ്പോള്‍ അതിനെ തകര്‍ക്കുന്നതാണ് ലോഞ്ചറിന്റെ ദൗത്യം.
ഓരോ അയണ്‍ഡോം ബാറ്ററിയിലും മൂന്ന് മുതല്‍ നാല് വരെ ലോഞ്ചറുകളാണ് ഉള്ളത്. 20 മിസൈലുകള്‍ വരെ ഇവയ്ക്ക് വഹിക്കാന്‍ കഴിയും. 10 ്അയണ്‍ഡോമുകള്‍ക്ക് 60 സ്‌ക്വയര്‍ മൈല്‍ ദൂരത്തിലുള്ള മേഖലക്ക് സംരക്ഷണം നല്‍കാന്‍ കഴിയും. വളരെ ദൂരെ നിന്ന് അയയ്ക്കുന്ന മിസൈലുകളെ നേരിടുന്നതിനാണ് ആരോയും, ഡേവിഡ്സ് സ്ലിംഗും ഉപയോഗിക്കുന്നത്. ആരോയില്‍ തന്നെ ആരോ 2 ആരോ 3 എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. മധ്യദൂര, ദീര്‍ഘദൂര മിസൈലുകളെ ഇവയ്ക്ക് അനായാസമായി നേരിടാന്‍ കഴിയും.
ഇറാന്‍ ഇസ്രയേലിലേക്ക് അയച്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തത് ആരോ സംവിധാനമാണ്. ഇവയ്ക്ക് ഭൂഖണ്ഡാന്തര മിസൈലുകളേയും നേരിടാനുള്ള കരുത്തുണ്ട്. 1500 മൈല്‍ വരെയെത്തി ശത്രുവിനെ നേരിടാന്‍ ആരോ 3 ക്ക് സാധിക്കും. ഡേവിഡ് സ്ലിംഗ്
ആകട്ടെ മധ്യദൂര മിസൈലുകളെയാണ് നേരിടുന്നത്. ലബനനില്‍ നിന്ന് ഹിസ്ബുള്ള അയയ്ക്കുന്ന മിസൈലുകള്‍ നേരിടുന്നത് ഇവയാണ്. മറ്റൊരു പ്രത്യേകത ജനവാസ മേഖലയില്‍ ഉള്‍പ്പെടാത്ത ലക്ഷ്യമുളള മിസൈലുകളെ ഈ സംവിധാനങ്ങള്‍ തടയാറില്ല എന്നതാണ്.
ചെലവേറിയ സംവിധാനം
അയണ്‍ഡോമിന്റെ ഒരു ബാറ്ററിക്ക് എന്ത് ചെലവ് വരും എന്നതാണ് നമ്മെ അമ്പരപ്പിക്കുന്ന ഒരു കാര്യം. 80 ബില്യണ്‍ പൗണ്ടാണ് ഒരു മുഴുവന്‍ ബാറ്ററി സംവിധാനത്തിനായി ചെലവാക്കേണ്ടത്. ഓരോ ഇന്റര്‍സെപ്റ്ററിനും നാല്‍പ്പതിനായിരം പൗണ്ടാണ് ചെലവ്. അമേരിക്കയും യുക്രൈനും എല്ലാം ഇപ്പോള്‍ ഇസ്രയേലിന്റെ ഈ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്.