ടെഹ്റാന്‍: തലസ്ഥാനമായ ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ശനിയാഴ്ചയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തിന് ഉടന്‍ മറുപടി നല്‍കുമെന്ന് ഇറാന്‍. യുഎസിന്റെ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങള്‍ക്ക് ആനുപാതികമായ മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതിനു മറുപടിയായി ഇറാന്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ സൈനികമായി ഇടപെടുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിനെ അവഗണിക്കാന്‍ ഇറാന്‍ തീരുമാനിച്ചതോടെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുമോയെന്നാണ് ലോകം ഭയക്കുന്നത്.

ഇലാം, ഖുസെസ്ഥാന്‍, ടെഹ്റാന്‍ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും പരിമിതമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും ഇറാന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. മേഖലയില്‍ ഇറാനും അതിന്റെ നിഴല്‍ സംഘങ്ങളും മാസങ്ങളായി നടത്തി വരുന്ന ആക്രമണത്തിന് മറുപടിയായാണ് രാജ്യത്തെ സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പദ്ധതികളോടെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രണം.

നൂറോളം യുദ്ധവിമാനങ്ങളും മിസൈല്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് വ്യോമമാര്‍ഗമുള്ള ഇസ്രയേലിന്റെ ആക്രമണം. അഞ്ചാം തലമുറ എഫ്-35 അഡിര്‍ ഫൈറ്റര്‍ ജെറ്റുകള്‍, എഫ്-15ഐ അറ്റാക്ക് ജെറ്റുകള്‍, എഫ്-16ഐ ഡിഫന്‍സ് ജെറ്റുകള്‍ എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 2000 കിലോമീറ്റര്‍ പരിധിയില്‍ ഈ ജെറ്റുകളെ ഒരുക്കിനിര്‍ത്തി. നൂറ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയത്.




ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. ജെറ്റുകളെ 25-മുതല്‍ 30 വരെയുള്ള ഗ്രൂപ്പുകളാക്കി നിര്‍ത്തിയായിരുന്നു ആക്രമണ പദ്ധതി. 10 ജെറ്റുകളെ മിസൈല്‍ ആക്രമണം നടത്താനായി മാത്രം നിയോഗിച്ചു. സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

എണ്ണ സംഭരണികളേയും ആണവ കേന്ദ്രങ്ങളേയും ആക്രമിക്കാതിരിക്കാന്‍ ഇസ്രയേല്‍ അതീവ ജാഗ്രത പുലര്‍ത്തി. ആക്രമണം കൂടുതല്‍ രൂക്ഷമാകാതിരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണം പ്രതിരോധിച്ചെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് ഇറാന്റെ പ്രതികരണം.

ഒക്ടോബര്‍ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തത്. ഹിസ്ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചത്.




ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് ഇസ്രയേല്‍ ഡിഫെന്‍സീവ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ഐഡിഎഫ് പറയുന്നു .ഇറാനെതിരായ ഈ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് യുഎസ് വിശദീകരണം.

നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപത്തടക്കം സ്‌ഫോടനമുണ്ടായി. ടെഹ്റാന്‍, ഇലം, ഖുഴെസ്തകാന്‍ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്.

ഇസ്രായേല്‍ പ്രതികരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും അമേരിക്കന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുമെന്നായിരുന്നു ചില ലോകരാജ്യങ്ങളുടെ പ്രതീക്ഷ.ആക്രമണത്തോട് ഇറാന്‍ എങ്ങനെ പ്രതികരിക്കും എന്നത് വലിയ ആശങ്കയോടെയാണ് ഗള്‍ഫ് - അറബ് രാജ്യങ്ങള്‍ അടക്കം കാണുന്നത്. സംഘര്‍ഷത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ നേരത്തെ തന്നെ ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്.