- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി; നിലപാട് തള്ളി സിപിഐ; അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍; വിവാദങ്ങള്‍ക്ക് ഒടുവില്‍ ഗൂഡാലോചനയ്ക്ക് കേസെടുത്ത് പൊലീസ്; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എസ്ഐടിയുടെ പരാതിയില്‍
തൃശൂര്‍ പൂരം കലക്കലില്‍ ആദ്യത്തെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ഒടുവില്‍ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരജ്ഞന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ ആരെയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. അന്വേഷണം വഴിമുട്ടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നതോടെ ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും സജീവചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു പൊലീസ് കേസെടുത്തത് എന്നതു ശ്രദ്ധേയമാണ്.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇന്നലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് പരാതി.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് നേരത്തെ തള്ളിയിരുന്നു. പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ല എന്നായിരുന്നു എഡിജിപി അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പ്രത്യേക സംഘത്തെ രൂപീകരിച്ചെങ്കിലും കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോര്‍ട്ടാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയത്. എന്നാല്‍, എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ഡിജിപി നല്‍കിയത്. എഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം.
അന്വേഷണം നിലച്ചെന്ന വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. കേസെടുത്തെങ്കിലും എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയില്ല. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കേസെടുത്താല്‍ തിരുവമ്പാടി ദേവസ്വം പ്രതിയാകും. അതൊഴിവാക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ളോരു കേസ്. വിവിധ പരാതികളുടേയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ പൂരം അലങ്കോലപ്പെട്ടെന്നാണ് ഇന്‍സ്‌പെക്ടറുടെ പരാതി. ഈ പരാതിയിലാണ് കേസ്. പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിക്കുമ്പോഴാണ് പൊലീസ് ഗൂഡാലോചനയില്‍ പേരിനെങ്കിലും കേസെടുക്കുന്നത്.
അതേസമയം, തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ രംഗത്തെത്തി. ബിജെപിക്ക് ജയിക്കാനായി പൂരം ബോധപൂര്‍വം കലക്കിയതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതിനിടെ, ആര്‍എസ്എസിനെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പുരം കലക്കല്‍ ഒളിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. തിരുവമ്പാടി ദേവസ്വവും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. പാറമേക്കാവ് ദേവസ്വവും അന്വേഷണം ആവശ്യപ്പെട്ടു.
പിണറായിയുടെ നിസ്സാരവല്‍ക്കരിക്കല്‍ ഏറെക്കുറെ വിസ്മൃതിയിലായിരുന്ന പൂരം കലക്കല്‍, ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും സജീവചര്‍ച്ചയായി. കലക്കല്‍ സമ്മതിച്ചാല്‍ ബിജെപിയുമായുള്ള ഡീല്‍ ആക്ഷേപം മുറുകുന്ന പ്രശ്‌നമാണ് മുഖ്യമന്ത്രിയുടെ കലങ്ങിയില്ല പരാമര്‍ശത്തിന് കാരണമെന്ന സൂചനകളുണ്ട്. അതല്ല, എഡിഎമ്മിന്റെ മരണത്തില്‍ പിപി ദിവ്യക്കുള്ള സംരക്ഷണത്തിലെ ചര്‍ച്ചകള്‍ വഴി തിരിക്കാനുള്ള ശ്രമമാണോ എന്നും വിലയിരുത്തലുണ്ട്.