മുംബൈ: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിയ്ക്കെതിരെ യുഎസില്‍ ഉയര്‍ന്ന കൈക്കൂലി-തട്ടിപ്പ് കേസ് കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരു ഭാഗത്ത് നീക്കം നടത്തുന്നതിനിടെ അമേരിക്ക കേസില്‍ സ്വീകരിച്ചേക്കാവുന്ന നടപടിക്രമങ്ങള്‍ ചര്‍ച്ചയാകുന്നു. കേസില്‍ കുറ്റവാളിയെന്നു തെളിഞ്ഞാല്‍ 20 വര്‍ഷം വരെ അദാനിക്ക് അടക്കം തടവു ലഭിച്ചേക്കാം. എന്നാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ നിയമപരമായി തന്നെ അദാനിക്കു സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ചാണു ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജി കമ്പനി ഉല്‍പാദിപ്പിച്ച സൗരോര്‍ജം ഉയര്‍ന്ന വിലയ്ക്കു വാങ്ങുന്നതിനായി കൈക്കൂലി നല്‍കിയെന്നതാണ് കേസ്. കൈക്കൂലിക്കാര്യം മറച്ചുവച്ച് യുഎസില്‍നിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപ സമാഹരണം നടത്തി. ഇത് യുഎസിലെ അഴിമതി വിരുദ്ധ നിയമത്തിനെതിരാണ്.

തട്ടിപ്പ്, കൈക്കൂലി കേസുകളിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് അദാനിയ്‌ക്കെതിരെ ഉയരുന്ന ആരോപണം. ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്.

മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. അദാനി ഗ്രീന്‍, അസുര്‍ പവര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കൂടാതെ അദാനി ഗ്രീന്‍ അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറിലധികം (14,78,31,68,750 രൂപ) സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്ട് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. 2020നും 2024നും ഇടയില്‍ അദാനിയും അനുയായികളും സൗരോര്‍ജ കരാറുകള്‍ നേടുന്നതിനായി 250 മില്യണ്‍ ഡോളറിലധികം (21,12,21,75,000 രൂപ) ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാനും ഇവര്‍ ലക്ഷ്യമിട്ടതായി കുറ്റപത്രത്തില്‍ ആരോപിച്ചു.

കമ്പനികള്‍ ബിസിനസ് നേട്ടത്തിനുവേണ്ടി വിദേശ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കൈക്കൂലി നല്‍കുന്നത് യുഎസില്‍ നിയമവിരുദ്ധമാണ്. അതുമറച്ചുവച്ച് നിക്ഷേപ സമാഹരണം നടത്താനും പാടില്ല. 20 കോടി ഡോളറാണ് വായ്പയായും ബോണ്ടുകളായും യുഎസില്‍നിന്ന് അദാനി സമാഹരിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. യു എസ് കോടതിയിലെ ക്രിമിനല്‍ കേസിനു പുറമേ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. യുഎസിന്റെ അഴിമതി വിരുദ്ധ നിയമമായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. അദാനി ഇന്ത്യയിലാണെങ്കില്‍ അദ്ദേഹത്തെ കൈമാറാന്‍ യുഎസ് ആവശ്യപ്പെടും. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം അദാനിക്കെതിരെ കുറ്റങ്ങള്‍ ചുമത്താന്‍ കഴിയുമോ എന്നും മനുഷ്യാവകാശ ലംഘനമുണ്ടോയെന്നും ഇന്ത്യന്‍ കോടതികള്‍ വിലയിരുത്തും. യുഎസിനു കൈമാറുന്നത് എതിര്‍ത്തുകൊണ്ട് ഗൗതം അദാനിക്ക് നിയമപരമായി മുന്നോട്ടുവരാന്‍ സാധിക്കും. സ്വാഭാവികമായും അറസ്റ്റുള്‍പ്പെടെയുള്ള യുഎസിന്റെ നിയമനടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും.

ഇന്ത്യ അദാനിയെ യുഎസിനു കൈമാറുകയോ അദാനി കീഴടങ്ങുകയോ ചെയ്താല്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ക്കെതിരെ വാദിക്കാം. ഒരു ഒത്തുതീര്‍പ്പിനും അവര്‍ക്കു ശ്രമിക്കാം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇത് അനുവദിക്കണമെന്നില്ല. പ്രോസിക്യൂഷന്‍ നിരത്തുന്ന തെളിവുകള്‍ക്കെതിരെയുള്ള വാദങ്ങളും അദാനിയടക്കം എട്ടു പേര്‍ക്കെതിരെയാണു കുറ്റം ചുമത്തിയിരിക്കുന്നത് എന്നതിനാല്‍ ഈ സഹപ്രതികള്‍ പ്രത്യേകം വിചാരണ നേരിടേണ്ടി വരുമെന്നുള്ളതും നിയമനടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ട്.

കുറ്റവാളിയാണെന്നു കണ്ടെത്തിയാല്‍ കൈക്കൂലിക്കേസില്‍ അഞ്ചുവര്‍ഷം വരെയും വഞ്ചന, ഗൂഢാലോചന കേസുകളില്‍ 20 വര്‍ഷം വരെയും തടവു ശിക്ഷ ലഭിച്ചേക്കാം. ഇതിനുപുറമേ നിശ്ചിത തുക പിഴയുമൊടുക്കേണ്ടി വന്നേക്കാം. ശിക്ഷ എന്തുതന്നെ വിധിച്ചാലും അദാനിയുടെ അഭിഭാഷകര്‍ അപ്പീലിനു ശ്രമിക്കും. നിയമനടപടികള്‍ വീണ്ടും നീണ്ടുപോകും.

കുറ്റം നിഷേധിച്ചോ ഹര്‍ജിയുമായോ അദാനി ഇതുവരെ യുഎസ് കോടതിയില്‍ ഹാജരായിട്ടില്ല. അതേസമയം ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ബോണ്ട് വില്‍പന നിര്‍ത്തിവയ്ക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുവരുന്നു

യുഎസ് നികുതിവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതോടെ ഇന്നലെ തകര്‍ന്നടിഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇന്ന് കരകയറ്റം. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്കു കടക്കുന്നതിനു മുമ്പ് അദാനി എനര്‍ജി സൊല്യൂഷന്‍സ് ഒഴികെയുള്ള കമ്പനികളുടെയും ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

അദാനി എനര്‍ജി സൊല്യൂഷന്‍സ് 3.3% നഷ്ടത്തില്‍ വ്യാപാരം ചെയ്യുന്നു. അംബുജ സിമന്റ് 5.06%, എസിസി 3.59%, ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 3.12%, അദാനി ഗ്രീന്‍ എനര്‍ജി 2.54%, അദാനി പോര്‍ട്‌സ് 1.53%, അദാനി ടോട്ടല്‍ ഗ്യാസ് 1.75% എന്നിങ്ങനെ നേട്ടത്തിലാണുള്ളത്. അദാനി പവര്‍ 1.23%, അദാനി വില്‍മര്‍ 0.51%, എന്‍ഡിടിവി 1.38% എന്നിങ്ങനെയും ഉയര്‍ന്ന് വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 25% വരെ നിലംപൊത്തുകയും സംയോജിത വിപണിമൂല്യത്തില്‍നിന്ന് ഒറ്റദിവസം 2.25 ലക്ഷം കോടിയോളം രൂപ കൊഴിയുകയും ചെയ്തിരുന്നു.

സൗരോര്‍ജ കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും ഇക്കാര്യം മറച്ചുവച്ച്, കമ്പനി സുതാര്യവും നിയമങ്ങള്‍ പാലിച്ചുമാണു പ്രവര്‍ത്തിക്കുന്നതെന്നു തെറ്റിദ്ധരിപ്പിച്ച് യുഎസ് നിക്ഷേപകരില്‍നിന്നു മൂലധനം സമാഹരിച്ചെന്നും കാട്ടിയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎസ് നികുതിവകുപ്പ് വഞ്ചന, അഴിമതി, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ ചാര്‍ത്തി കേസെടുത്തതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും. അദാനി ഗ്രൂപ്പ് യുഎസിലെ കടപ്പത്ര (ബോണ്ട്) വില്‍പനയും കേസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. 60 കോടി ഡോളര്‍ (ഏകദേശം 5,000 കോടി രൂപ) സമാഹരിക്കാനുള്ള നീക്കമാണ് ഉപേക്ഷിച്ചത്.

യുഎസ് നികുതിവകുപ്പ് ചുമത്തിയ കേസ് അടിസ്ഥാനരഹിതമാണെന്നും തെളിവുസഹിതം സ്ഥിരീകരിക്കാത്തിടത്തോളം ആരോപണവിധേയര്‍ നിരപരാധിയാണെന്നും യുഎസിന്റെ നീക്കത്തിനെതിരെ നിയമവഴി തേടുമെന്നും അദാനി ഗ്രൂപ്പ് ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. പൂര്‍ണമായും നിയമങ്ങള്‍ അനുസരിച്ചും സുതാര്യമായുമാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ഗ്രൂപ്പ് പറഞ്ഞിരുന്നു. കേസെടുത്തുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എസ് ആന്‍ഡ് പി, മൂഡീസ് തുടങ്ങിയ റേറ്റിങ് എജന്‍സികള്‍ അദാനി ഗ്രൂപ്പിന്റെ റേറ്റിങ് താഴ്ത്തിയെങ്കിലും ഓഹരികളുടെ ഇന്നത്തെ വ്യാപാരത്തെ ഇത് ഉലച്ചിട്ടില്ല.

ജിക്യുജിയുടെ ഓഹരിയും നേട്ടത്തില്‍

ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉള്‍പ്പെടെ കനത്ത തിരിച്ചടികളുണ്ടായ സാഹചര്യത്തില്‍ വന്‍തോതിലുള്ള നിക്ഷേപവുമായി അദാനി ഗ്രൂപ്പ് ഓഹരികളുടെ 'രക്ഷയ്ക്കെത്തിയ' യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ്, ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ നയിക്കുന്ന ജിക്യുജി പാര്‍ട്‌ണേഴ്‌സ്. അദാനി ഗ്രൂപ്പിനെതിരായ യുഎസിന്റെ നീക്കത്തിനു പിന്നാലെ ഇന്നലെ ഓസ്‌ട്രേലിയന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജിക്യുജിയുടെ ഓഹരിവിലയും 25% വരെ ഇടിഞ്ഞിരുന്നു.

കേസിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിലെ നിക്ഷേപം പുനഃപരിശോധിക്കുമെന്ന് ജിക്യുജി വ്യക്തമാക്കിയിരുന്നു. ഇന്ന് ജിക്യുജിയുടെ ഓഹരിവില 15% തിരിച്ചുകയറിയിട്ടുണ്ട്. അദാനി ഗ്രൂപ്പില്‍ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 80,000 കോടി രൂപയോളമാണ് ജിക്യുജി നിക്ഷേപിച്ചിട്ടുള്ളത്.