ന്യൂയോർക്ക്: വീടുകളിൽ സാധാരണയായി വളർത്തുന്ന ഓമനമൃഗങ്ങളാണ് പൂച്ചയും, നായകളും. ചില രാജ്യങ്ങളിൽ ഇവയെ ഭക്ഷണത്തിനായും ഉപയോഗിക്കും. ചൈനക്കാരാണ് കൂടുതലും പട്ടിയും പൂച്ചയുമെല്ലാം കൊന്ന് ഭക്ഷിക്കുന്നത്. അവിടെ എല്ലാം ഇതൊക്കെ സാധാരണ സംഭവങ്ങളാണ്. ചൈനയിൽ ഇതൊക്കെ വാങ്ങാൻ മാത്രം പ്രത്യേകം ചന്ത വരെ ഉണ്ട്.

പക്ഷെ നേരെ തിരിച്ച് ചില രാജ്യങ്ങളിൽ ഇതൊക്കെ വലിയ കുറ്റമാണ്. അങ്ങനെ ഒരു സംഭവമാണ് അമേരിക്കയിൽ നടന്നിരിക്കുന്നത്. ഒരു സ്ത്രീയെ പൂച്ചയെ കൊന്ന് ഭക്ഷിച്ചതിന് ഒരു വർഷത്തെ തടവിന് കോടതി ശിക്ഷിച്ചതാണ് സംഭവം.

അമേരിക്കയിലെ ഒഹായോയില്‍ പൂച്ചയെ കൊന്ന് ഭക്ഷിച്ച സ്ത്രീയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഓഹിയോയിലെ സ്പ്രിംഗ്ഫീൽഡിലെ ഹെയ്തിയൻ കുടിയേറ്റക്കാർ പ്രാദേശിക വളർത്ത് മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്നു എന്നതിനെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് സംഭവം നടന്നത്.

ഇതിനിടെ, കുറ്റക്കാരിയെന്ന് തെളിഞ്ഞ 27 കാരിയായ അലക്സിസ് ഫെറൽ ഒരു കുടിയേറ്റക്കാരിയല്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 16-ായിരുന്നു സംഭവം. വിവരം ലഭിച്ച് ഫെറലിന്‍റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍ പതിഞ്ഞ ഫൂട്ടേജുകളില്‍ അയൽക്കാര്‍ നോക്കി നില്‍ക്കെ വീട്ടിന് വെളിയില്‍ റോഡിന് നടുക്ക് വച്ച് ഫെറൽ, പൂച്ചയെ കൊന്ന് ഭക്ഷിക്കാന്‍ തയ്യാറെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

അതിരൂക്ഷമായിട്ടാണ് കോടതി കേസിൽ നിരീക്ഷണം നടത്തിയത്. “നിങ്ങൾ എന്താണ് ചെയ്യുന്നത്? എന്തിനാണ് പൂച്ചയെ കൊന്നത്?" എന്ന് പോലീസ് ഉദ്യോഗസ്ഥർ ഫെറലിനോട് ചോദിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു. കുറ്റ വിചാരണ വേളയില്‍ ഫെറലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജഡ്ജി പ്രതികരിച്ചത്.

ഫെറലിനെ 'ദേശീയ നാണക്കേട്' എന്നായിരുന്നു ജഡ്ജി വിശേഷിപ്പിച്ചത്. “നിങ്ങൾ ഈ ജില്ലയെ തന്നെ നാണംകെടുത്തി. നിങ്ങൾ ഈ രാജ്യത്തെ തന്നെ നാണംകെടുത്തി. അതിലും പ്രധാനമായി, നിങ്ങൾ സ്വയം ലജ്ജിച്ചു. ജഡ്ജി പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

അതേസമയം, ഇവർ മയക്കുമരുന്നിന് അടിമയാണെന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഫെറലിന് മാനസിക ചികിത്സ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. ഈ നടന്ന കുറ്റകൃത്യം എന്നിൽ ഉണ്ടാക്കിയ നിരാശയും ഞെട്ടലും വെറുപ്പും എനിക്ക് പ്രകടിപ്പിക്കാൻ കഴിയില്ല, അവൾ സമൂഹത്തിന് “തികച്ചും അപകടകാരിയാണ് ” ജഡ്ജി വിധി പ്രസ്ഥാവിക്കവെ വ്യക്തമാക്കി. 'ഏറ്റവും അസ്വസ്ഥമാക്കുന്ന കേസുകളിൽ ഒന്ന്' എന്നായിരുന്നു കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ പറഞ്ഞു.