ചെന്നൈ: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടില്‍ വന്‍ സ്വീകരണമാണ് സായ് അധികൃതരും ആരാധകരും ചേര്‍ന്ന് നല്‍കിയത്. സിംഗപ്പുരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് സ്വീകരണം നല്‍കിയത്.

സിംഗപ്പൂരിലെ സെന്റോസ റിസോര്‍ട്‌സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോല്‍പിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ 13 കളികള്‍ തീര്‍ന്നപ്പോള്‍ സ്‌കോര്‍നില തുല്യമായിരുന്നു (6.56.5). അവസാന ഗെയിമിലെ ജയത്തോടെ സ്‌കോര്‍ 7.5 - 6.5 എന്ന നിലയിലായി. 14ാം ഗെയിമിലെ 55ാം നീക്കത്തില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.

എന്നാല്‍ ഇന്ത്യയുടെ അഭിമാനമായ ദൊമ്മരാജു ഗുകേഷിന്, കോടികളുടെ പ്രതിഫലം ലഭിച്ചെങ്കിലും വന്‍ നികുതിയുടെ അധിക ബാധ്യത നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ വിജയത്തിലൂടെ 11.45 കോടി രൂപയോളം പ്രതിഫലമായി ലഭിച്ചെങ്കിലും, അതിന്റെ വലിയൊരു ഭാഗം നികുതിയായി അടയ്‌ക്കേണ്ടി വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. അതായത് വരുന്ന ഐപിഎല്‍ സീസണില്‍ മഹേന്ദ്രസിങ് ധോണി കൈപ്പറ്റുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലാകും ഗുകേഷ് തിരിച്ചടയ്‌ക്കേണ്ടി വരുന്ന നികുതി.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4.67 കോടി രൂപയാണ് ഗുകേഷ് നികുതിയായി അടയ്‌ക്കേണ്ടി വരിക. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കളിക്കുന്ന ധോണിയെ അടുത്ത സീസണിലേക്ക് ടീം നിലനിര്‍ത്തിയത് 4 കോടി രൂപയ്ക്കാണ്. അതായത്, ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തേക്കാള്‍ വലിയ തുക ഗുകേഷ് നികുതിയായി നല്‍കണം.

അതിനിടെ, ഗുകേഷ് ലോക ചെസ് ചാംപ്യനായതിന് ശരിക്കും അഭിനന്ദിക്കേണ്ടത് ആദായനികുതി വകുപ്പിനെയാണെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നത്. ഗുകേഷിന് ലഭിക്കുന്ന തുകയുടെ ഏതാണ്ട് അത്ര വലിയ തുക ഇതിലൂടെ ആദായനികുതി വകുപ്പിനും ലഭിക്കുമെന്നതു തന്നെ കാരണം!

ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി നല്‍കേണ്ടത്. പ്രതിഫലം അഞ്ച് കോടിക്കു മുകളിലാണെങ്കില്‍ 37 ശതമാനം വരെ അധിക നികുതിയും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നല്‍കണം. ഫലത്തില്‍ വന്‍ പ്രതിഫലം ലഭിക്കുമ്പോള്‍ 42 ശതമാനം നികുതിയായി നല്‍കണം.

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ആകെ സമ്മാനത്തുക 2.5 മില്യന്‍ യുഎസ് ഡോളറാണ്. അതായത് ഏതാണ്ട് 21.20 കോടി രൂപ! ആകെയുള്ള 14 ഗെയിമുകളില്‍ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് ലഭിക്കുക 1.69 കോടിയോളം രൂപയാണ്. ഈ കണക്കു പ്രകാരം മൂന്നു ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയോളമാണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.

ഫലത്തില്‍ ഗുകേഷിന് 1.35 മില്യന്‍ യുഎസ് ഡോളറാണ് ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് സമ്മാനമായി ലഭിക്കുക. ഇത് ഏതാണ്ട് 11.45 കോടി രൂപയോളം വരും. ഇതിന്റെ വലിയൊരു വിഹിതം നികുതിയായി പോകും. ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ സമ്മാനമായി അഞ്ച് കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.