വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന വിമാനാപകടം അപകടം തന്നെയാണോ അതോ അട്ടിമറിയാണോ എന്ന സംശയം വ്യാപകമാകുന്നു. ഇക്കാര്യത്തില്‍ സംശയം ഉണ്ടാക്കുന്ന നിരവധി കാരണങ്ങളാണ് ഉള്ളത്. സൈനിക ഹെലികോപ്ടറുകള്‍ സാധാരണയായി യാത്രാ വിമാനങ്ങളുടെ റൂട്ടില്‍ സഞ്ചരിക്കാറില്ല.

ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം ഒമ്പത് മണിയോടെയാണ് അപകടത്തില്‍ പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് എത്തുന്നത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുമ്പാണ് സൈനിക ഹെലികോപ്ടര്‍ വിമാനവുമായി കൂട്ടിയിടിക്കുന്നത്. തുടര്‍ന്ന് രണ്ടായി പിളര്‍ന്ന വിമാനം പോട്ടോമാക് നദിയില്‍ പതിക്കുകയായിരുന്നു. വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 64 പേരാണ് ഉണ്ടായിരുന്നത്. ഹെലികോപ്ടറില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

പരിശീലന പറക്കല്‍ നടത്തുകയായിരുന്നു ഹെലികോപ്ടര്‍ എന്നാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചു എന്ന കൃത്യമായ കണക്ക് പുറത്തു വിട്ടിട്ടില്ലെങ്കിലും യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഇതു വരെ 28 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വിമാനം കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഉള്ള യാത്രാവിമാനം എങ്ങനെയാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടതെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്.

അമേരിക്കയുടെ തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു വിമാനത്താവളത്തിലാണ് ഇങ്ങനെയൊരു അപകടം ഉണ്ടായത് എന്നതും അധികൃതരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഹെലികോപ്ടര്‍ വിമാനത്തിലേക്ക് ഇടിച്ചുകയറ്റുക തന്നെ ആയിരുന്നു എന്നാണ് പലരും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ആരാണെന്ന കാര്യം അടിയന്തരമായി പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. യാത്രക്കാരില്‍ ആരെയെങ്കിലും ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യം പരിശോധിക്കണമെന്നും ചിലര്‍ പറയുന്നു.

ഇത്തരത്തില്‍ ഒരു സന്ദര്‍ഭം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടണമെമെന്ന് വിദഗ്ധരായ പൈലററുമാര്‍ക്ക് അറിയാമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനം വരുന്നത് കാണുന്ന ഹെലികോപ്ടര്‍ പൈലറ്റ് എന്ത് കൊണ്ട് ദിശമാറ്റാന്‍ ശ്രമിച്ചില്ല എന്നതാണ് മറ്റൊരു ചോദ്യം. അപകടകാരണം എന്താണെന്ന കാര്യം അധികൃതര്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. കൂടാതെ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് ഹെലികോപ്ടര്‍ പൈലറ്റിനോട് വിമാനം വരുന്നത് കാണുന്നില്ലേ എന്ന ചോദിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു.

ഇതിനെതിരെ പ്രസിഡന്റ് ട്രംപ് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിമാനം കാണുന്നില്ലേ എന്ന് ചോദിക്കുന്നതിന് പകരം എന്താണ് ചെയ്യേണ്ടത് എന്നല്ലേ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍മാര്‍ പറയേണ്ടത് എന്നും ട്രംപ് ചോദിച്ചിരുന്നു. 1982 ലും ഇതേ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടിരുന്നു.