- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന അപകടത്തിന് തൊട്ടുമുമ്പെ അവസാന നിമിഷം റണ്‍വേ മാറ്റാന്‍ നിര്‍ദ്ദേശിച്ചത് ആര്? വാഷിങ്ടണ്‍ വിമാനത്താവളത്തിലെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഡ്യൂട്ടിയില്‍ നിന്ന് നേരത്തെ മുങ്ങിയത് എങ്ങനെ? ഹെലികോപ്ടര്‍ അനുവദിച്ചതിനേക്കാള്‍ ഉയരത്തില്‍ പറന്നത് മനപൂര്‍വ്വമോ? അമേരിക്കയെ ഞെട്ടിച്ച വ്യോമദുരന്തത്തിലെ ദുരൂഹതകള്‍
അമേരിക്കയെ ഞെട്ടിച്ച വ്യോമദുരന്തത്തിലെ ദുരൂഹതകള്‍
വാഷിങ്ടണ്‍: 'വിമാനം തകര്‍ന്നു, വിമാനം തകര്‍ന്നു, ഞാനൊരു തീഗോളം കണ്ടു, പിന്നെ അതുപോയി': ജനുവരി 29 ന് റീഗണ്‍ വാഷിങ്ടണ്‍ ദേശീയ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളമാരുടെ സംസാരത്തിന്റെ ശബ്ദശകലമാണിത്. അമേരിക്കയെ നടുക്കിയ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറും, യാത്രാവിമാനവും തമ്മിലുളള കൂട്ടയിടിയില്‍ പൊലിഞ്ഞത് 67 ജീവനുകളാണ്. പോട്ടോമാക് നദിയില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്തിലെ 60 യാത്രക്കാരും, നാല് വിമാനജീവനക്കാരും ചോപ്പറിലെ മൂന്നുപൈലറ്റുമാരും അടക്കം ആരും രക്ഷപ്പെട്ടില്ല.
അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഉപസ്ഥാപനമായ അമേരിക്കന്‍ ഈഗിള്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ബൊംബാര്‍ഡിയര്‍ സിആര്‍ജെ700 ഫ്‌ളൈറ്റ് 5342. കാനന്‍സാസിലെ വിചുത നഗരത്തില്‍ നിന്ന് രണ്ടുമണിക്കൂര്‍ 45 മിനിറ്റ് നിര്‍ത്താതെ പറത്തുവന്ന വിമാനം വാഷിങ്ടണ്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് 16 മൈല്‍ അകലെ നിന്ന് വിര്‍ജീനിയയിലെ ലാങ്‌ലിക്ക് അടുത്തുള്ള ഫോര്‍ട്ട് ബെല്‍വോര്‍ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സികോര്‍സ്‌കി യുഎച്-60 ബ്ലാക് ഹോക് വിമാനം ഇടതുവശത്തുകൂടി നേര്‍ക്കുനേരേ വന്ന് കൂട്ടിയിടിച്ചത്. ഇപ്പോള്‍, തകര്‍ന്നുവീണ വിമാനവും ചോപ്പറും മഞ്ഞുറഞ്ഞ പോട്ടോമാക് നദിയില്‍ ആണ്ടുകിടക്കുകയാണ്. 15 വര്‍ഷത്തിലേറെ കാലത്തിനിടെ യുഎസില്‍ സംഭവിച്ച ഏറ്റവും വലിയ വ്യോമദുരന്തത്തിന്റെ കാരണം അന്വേഷിക്കുകയാണ് അധികൃതര്‍. അതേസമയം, സാധാരണക്കാരായ അമേരിക്കക്കാര്‍ ഇതെങ്ങനെ സംഭവിച്ചു എന്നാണ് ആശങ്കപ്പെടുന്നത്.
ഹെലികോപ്ടര്‍ പൈലറ്റുമാര്‍ വിമാനം വരുന്നത് കണ്ടില്ലേ?
യാത്രാ വിമാനങ്ങളിലെല്ലാ വാലറ്റത്ത് സ്‌ട്രോബ്, നാവിഗേഷന്‍ ലൈറ്റുകള്‍ ഉണ്ട്. ഇടതുവശത്ത് ചുവപ്പ്, വലതുവശത്ത് പച്ച. വിമാനത്തിന്റെ ഉടലിന് മുകളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത് മേഖലയിലെ മറ്റുവിമാനങ്ങള്‍ക്ക് ജാഗ്രതാ സന്ദേശം നല്‍കാനാണ്. ഇത്രയും സിഗ്നലുകള്‍ വിമാനത്തിന് ഉണ്ടായിട്ടും സൈനിക ചോപ്പര്‍ എങ്ങനെ കാണാതെ പോയി? ഹെലികോപ്ടര്‍ പൈലറ്റുമാര്‍ നല്ല അനുഭവപരിചയം ഉള്ളവരായിരുന്നുവെന്നും അവര്‍ നൈറ്റ് വിഷന്‍ ഗോഗിള്‍സ് ഉപയോഗിച്ചിരുന്നുവെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. നൈറ്റ് വിഷന്‍ ഗോഗിളുകള്‍ പൈലറ്റിന്റെ ദൃശ്യപരിധി കുറച്ചിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
വാഷിങ്ടണ്‍ ഡിസി പോലൊരു വന്‍നഗരത്തിലെ വെളിച്ച പ്രളയത്തില്‍ വിമാനത്തിന്റെ ലൈറ്റുകള്‍ ഒരുപക്ഷേ ചോപ്പറിന്റെ പൈലറ്റുമാര്‍ കണ്ടിരിക്കില്ലെന്നാണ് ബ്ലാക്ക് ഹോക് പറത്തി പരിചയമുള്ള മുന്‍ സൈനിക പൈലറ്റ് വിശദീകരിക്കുന്നത്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പരാജയം
ഒഴിവാക്കാമായിരുന്ന അപകടം എന്നാണ് ഗതാഗത സെക്രട്ടറി സീന്‍ ഡഫ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സാകട്ടെ, സൈനിക ഹെലികോപ്ടര്‍ ദിശ തെറ്റി വന്ന് ഇടിക്കാന്‍ കാരണമായി പഴിക്കുന്നത് ചോപ്പറിന്റെ പൈലറ്റിനെയാണ്. സൈനിക ഹെലികോപ്ടര്‍ പരിശീലന പറക്കലിനിടെ ഇരുട്ടിന്റെ മറവില്‍ എതിര്‍ദിശയില്‍ വന്ന് നേരേ വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുകൂട്ടരും മറ്റുള്ളയാളുടെ വരവ് അറിഞ്ഞില്ല.
വിമാനത്തിന്റെ ദിശയില്‍ എന്തുകൊണ്ട് ചോപ്പര്‍ വന്നുവെന്ന് ഇപ്പോള്‍ നമുക്ക് അറിയില്ല, അമേരിക്കന്‍ എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് റോബര്‍ട്ട് ഇസം പറഞ്ഞു. അപകടം ഒഴിവാക്കാമായിരുന്നു എന്ന ട്രംപിന്റെ അഭിപ്രായത്തോട് ഗതാഗത സെക്രട്ടറി സീന്‍ ഡഫി യോജിച്ചു.
ആശയവിനിമയ തകരാര്‍ ഉണ്ടായെന്ന് പറയാനാവില്ല. വിമാനം ആ മേഖലയില്‍ ഉണ്ടെന്ന് ഹെലികോപ്ടറിന് ധാരണയുണ്ടായിരുന്നു. കൂടുതല്‍ വിവിവരങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളു. ഇതുവരെ കിട്ടിയ വിവരം വച്ചുനോക്കുമ്പോള്‍, ഒഴിവാക്കാമായിരുന്ന അപകടം തന്നെ, സീന്‍ ഡഫി പ്രതികരിച്ചു. ഹെലികോപ്ടറും വിമാനവും സ്റ്റാന്‍ഡേഡ് ഫ്ളൈറ്റ് പാറ്റേണിലാണ് പറന്നുകൊണ്ടിരുന്നത്. അസാധാരണമായി ഒന്നും ഉണ്ടായിരുന്നില്ല, ഡഫി പറഞ്ഞു.
അപകടസമയത്ത് ഡിസിഎ കണ്‍ട്രോള്‍ ടവറിലെ ജീവനക്കാരുടെ എണ്ണം ട്രാഫിക്കിന് ആനുപാതികമായിരുന്നില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രാഥമിക സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ എഫ്എഫ്എയുടെ തലപ്പത്ത് ആരുമില്ല എന്നതും ശ്രദ്ധേയം. ഡിസിഎ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ബ്ലാക് ഹോക്ക് പൈലറ്റുമാരുമായി സംസാരിച്ചതിന്റെ ഓഡിയോ റെക്കോഡിങ് ലഭ്യമായിട്ടുണ്ട്. കൂട്ടയിടിക്ക് 30 സെക്കന്റിന് മുമ്പാണ് വിമാനം കാണുന്നില്ലേ എന്ന് ബ്ലാക് ഹോക്ക് ചോപ്പര്‍ പൈലറ്റുകളോട് കണ്‍ട്രോളര്‍ ചോദിച്ചത്. 30 സെക്കന്‍ഡ്് മുന്നറിയിപ്പ് നല്‍കാന്‍ പര്യാപ്തമായ സമയം അല്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.
അപകടത്തിന് തൊട്ടുമുമ്പ് ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളറെ ഡ്യൂട്ടി സമയം തീരുന്നതിന് മുന്നേ പോകാന്‍ അനുവദിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതോടെ, ഹെലികോപ്ടര്‍ ട്രാഫിക്കും, വിമാന ട്രാഫിക്കും ഒരു എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് തന്നെ കൈകാര്യം ചെയ്യേണ്ടി വന്നു. ഇതുരണ്ടുപേര്‍ ചെയ്യേണ്ട ജോലിയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണഗതിയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9.30 വരെ ഇത്തരം ജോലികള്‍ രണ്ടുപേരാണ് കൈകാര്യം ചെയ്യാറുള്ളത്. രാത്രി 9.30 ഓടെയാണ് ട്രാഫിക് കുറയുകയും എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഒരാളായി ചുരുങ്ങുകയും ചെയ്യുന്നത്. അപകടദിവസം ഒരു എയര്‍ ട്രാഫിക്ക് കണ്‍ട്രോളറെ എന്തുകൊണ്ട് നേരത്തെ പോകാന്‍ സൂപ്പര്‍വൈസര്‍ അനുവദിച്ചു എന്ന ചോദ്യവും ഉയരുന്നു.
ചോപ്പര്‍ ദിശമാറി വന്നോ?
മൂന്നുസൈനികര്‍ നിയന്ത്രിച്ച ഹെലികോപ്ടര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുവദിച്ച പാതയില്‍ നിന്ന് ദിശ മാറിയിരിക്കാമെന്നും പറയുന്നു. ബ്ലാക്ക് ഹോക്കിന്റെ സഞ്ചാര പഥം അംഗീകൃത റൂട്ടില്‍ ആയിരുന്നില്ലെന്നും അനുവദിച്ചിരുന്നതിനേക്കാള്‍ ഉയരത്തിലാണ് പറന്നിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട.്് പോട്ടോമാക് നദിയുടെ കിഴക്കന്‍ ഭാഗത്ത് കൂടി 200 അടി ഉയരത്തില്‍ പറക്കരുതെന്നാണ് ബ്ലാക് ഹോക്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അപകടം നടക്കുമ്പോള്‍, ചോപ്പര്‍ 300 അടിക്ക് മേലേയായിരുന്നു. മുമ്പും ഈ മേഖലയില്‍ പറന്നുപരിചയമുള്ള സൈനിക ഹെലികോപ്ടര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നത് അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
അപകടത്തിന് തൊട്ടുമുമ്പ് റണ്‍വേ മാറ്റാന്‍ ആവശ്യപ്പെട്ടത് എന്തിന്?
വിമാനം പറന്നിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ റണ്‍വേ മാറ്റിയതായും എഫ്എഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ബൊംബാര്‍ഡിയര്‍ വിമാനം ഒന്നാമത്തെ റണ്‍വേയില്‍ ഇറങ്ങാനാണ് ആദ്യം ക്ലിയറന്‍സ് കിട്ടിയത്. പിന്നീട് 33 ാം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് കണ്‍ട്രോളര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, പ്രാദേശിക ജെറ്റ് വിമാനങ്ങളുടെ കാര്യത്തില്‍ അത് സാധാരണമെന്ന് യുഎസ് വ്യോമയാന രംഗത്തെ ഒരുവിഭാഗം വിദഗ്ധര്‍ പറയുന്നു. പ്രധാന റണ്‍വേയിലെ തിരക്ക് ഒഴിവാക്കാനായിരിക്കണം റണ്‍വേ മാറ്റിയതെന്നാണ് വിശദീകരണം. പുതിയ റണ്‍വേയില്‍ ഇറങ്ങാന്‍ വേണ്ടി വിമാനം ദിശ മാറ്റിയത് ഫ്‌ളൈറ്റ് ട്രാക്കിങ് സൈറ്റുകളില്‍ വ്യക്തമാണ്. ഈ മാറ്റം കൊണ്ടുമാത്രം അപകടം ഉണ്ടാകണമെന്നില്ലെന്നാണ് റിട്ടയേഡ് വ്യോമസേന ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ ടെയ്‌ഷെര്‍ട്ട് പറയുന്നത്.
ഒറ്റയ്ക്ക് ആണെന്ന കാരണം പറയാമെങ്കിലും, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ കുറെ കൂട ജാഗ്രതയോടെ തീരുമാനം എടുത്ത് വിമാനത്തെയും ചോപ്പറിനെയും രണ്ടുവഴിക്ക് വിടേണ്ടതായിരുന്നു എന്നാണ് മുന്‍ കണ്‍ട്രോളര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതിനൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എയര്‍ കണ്‍ട്രോളര്‍ അവ്യക്തമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ബ്ലാക് ബോക്‌സുകള്‍ കണ്ടുകിട്ടി
ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും, കോക് പിറ്റ് വോയ്‌സ് റെക്കോഡറും പോട്ടോമാക് നദിയില്‍ നിന്ന് കണ്ടെടുത്തു. അപകടത്തിന് മുമ്പ് എന്തുസംഭവിച്ചുവെന്ന് അറിയാന്‍ ഈ രണ്ടു ബ്ലാക്ക് ബോക്‌സുകളും അന്വേഷകരെ സഹായിച്ചേക്കും.