- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത് സീരിയസായി തന്നെ! ഹമാസുമായുളള ഏറ്റുമുട്ടല്‍ അവസാനിക്കുമ്പോള്‍ ഗസ്സ ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറും; ഫലസ്തീന്‍കാര്‍ അപ്പോഴേക്കും പുതിയ സമൂഹത്തിലേക്ക് മാറി പാര്‍ത്തിരിക്കും; ഒരു യുഎസ് സൈനികനെയും ഏറ്റെടുക്കലിന് വേണ്ടി വരില്ല; നയം വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ്
ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത് സീരിയസായി തന്നെ!
വാഷിങ്ടണ്‍: ഗസ്സ ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാക്ക് വെറും വാക്കല്ല. ഫലസ്തീന്‍കാരും, അറബ് രാഷ്ട്രങ്ങളും, ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും ഈ ആശയം ഉപേക്ഷിക്കാന്‍ ട്രംപ് തയ്യാറല്ല. 'ഗസ്സയിലെ ഏറ്റുമുട്ടല്‍ അവസാനിക്കുമ്പോള്‍ ഗസ്സ മുനമ്പ് ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറും. അപ്പോഴേക്കും ഫലസ്തീന്‍കാര്‍, മേഖലയിലെ പുതിയ ആധുനിക വീടുകളില്‍ സുന്ദരവും സുരക്ഷിതവുമായ സമൂഹങ്ങളിലേക്ക് മാറി പാര്‍ത്തിരിക്കും', തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് നയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്നുള്ള സൈനികരെ ഗസ്സ ഏറ്റെടുക്കലിന് ആവശ്യമായി വരില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഗസ്സ അമേരിക്ക ഏറ്റെടുക്കുമെന്ന മുന്‍ പ്രസ്താവനയില്‍ വിശദീകരണം നല്‍കണമെന്ന ചില ഉപദേഷ്ടാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ട്രംപിന്റെ പുതിയ പോസ്റ്റ്. താന്‍ ഈ ആശയത്തെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത് എന്ന കാര്യമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
16 മാസത്തോളമായി ഗസ്സ മുനമ്പ് നിയന്ത്രിക്കുന്നത് ഹമാസുമായി പോരാടുന്ന ഇസ്രയേലാണ്. വളരെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറിന്റെ പുറത്താണ് ഇപ്പോള്‍ മേഖലയില്‍ താല്‍ക്കാലിക സമാധാനം കൈവന്നിരിക്കുന്നത്. ട്രംപിന്റെ പുതിയ ആശയം ഈ സമാധാനത്തെ തകിടം മറിച്ച് മേഖലയെ വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് വലിച്ചിടുമോ എന്ന ആശങ്ക വിദേശ നയതന്ത്ര വിദഗ്ധര്‍ ആശങ്കപ്പെടുന്നു.
' ലോകമെമ്പാടുമുള്ള വികസന വിദഗ്ധരുടെ സംഘത്തോടൊപ്പം പ്രവര്‍ത്തിച്ച് അമേരിക്ക വളരെ സാവധാനം, സൂക്ഷ്മതയോടെ ഗസ്സയുടെ പുനര്‍നിര്‍മ്മാണം നടത്തും. ഒരു അമേരിക്കന്‍ സൈനികനെയും അവിടെ ആവശ്യമില്ല. മേഖലയില്‍ സ്ഥിരത നിലനില്‍ക്കുകയും ചെയ്യും',- യുഎസ് പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, ഗസ്സയിലേക്ക് യുഎസ് സേനയെ അയയ്ക്കില്ലെന്നും ഫലസ്തീന്‍കാരുടെ മാറ്റിപാര്‍പ്പിക്കല്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗസ്സ ഏറ്റെടുക്കാനുള്ള പദ്ധതി ട്രംപ് പുറത്തുവിട്ടത്.
നിര്‍ദ്ദേശം തള്ളി ഫലസ്തീന്‍, അറബ് നേതാക്കള്‍
ട്രംപിന്റെ നിര്‍ദ്ദേശത്ത ഫലസ്തീന്‍, അറബ് നേതാക്കള്‍ തള്ളിക്കളഞ്ഞു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ട്രംപിന്റെ പ്രസ്താവന എന്നാണ് ഫലസ്തീന്‍ ദേശീയ അതോറിറ്റി തലവന്‍ മഹ്‌മൂദ് അബ്ബാസ് പ്രതികരിച്ചത്. സൗദി അറേബ്യയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ട്രംപിന്റെ കുടിയിറക്കല്‍ ആഹ്വാനത്തെ ശക്തമായി ചെറുക്കുമെന്ന നിലപാടിലാണ് ഫലസ്തീന്‍കാരും. തങ്ങളുടെ മണ്ണില്‍നിന്ന് നാടുകടത്താനും കൈമാറാനുമുള്ള ഏത് പദ്ധതികളെയും നിരസിക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന സയീദ് അബു എലൈഷി പറഞ്ഞു.
എലൈഷിന്റെ ഭാര്യയും അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും കുടുംബത്തിലെ മറ്റു രണ്ട് ഡസന്‍ പേരും കഴിഞ്ഞ 15 മാസത്തിനിടെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ബോംബിട്ടു തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കൂടാരത്തിലാണ് അദ്ദേഹവും അവശേഷിക്കുന്ന കുടുംബാംഗങ്ങളും ഇപ്പോള്‍ താമസിക്കുന്നത്. എന്നിട്ടും തങ്ങള്‍ ഇവിടെ നിന്ന് പുറത്തുപോവില്ലെന്ന് സയീദ് പറയുന്നു.
ഗസ്സയില്‍ നിന്നുള്ള ഫലസ്തീനികളെ ഈജിപ്തിലോ ജോര്‍ദാനിലോ മറ്റെവിടെയെങ്കിലുമോ ദേശങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ഫലസ്തീനികളെ തങ്ങളുടെ മണ്ണില്‍ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ ആഹ്വാനം ഈജിപ്തും ജോര്‍ദാനും നിരസിച്ചു.
ഫലസ്തീനികളെ അവരുടെ ജന്മനാട്ടില്‍ നിന്ന് അവരെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള ശ്രമമാണിതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ ആരോപിക്കുന്നു. അമേരിക്കയില്‍ ട്രംപിന്റെ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മിക്ക നേതാക്കളും ട്രംപിന്റെ ആശയത്തോട് യോജിക്കുന്നില്ല.