ലണ്ടന്‍: ഗസ്സയെ കുറിച്ച് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയുടെ പേരില്‍ ക്ഷമാപണം നടത്തി പ്രമുഖ മാധ്യമമായ ബി.ബി.സി. ഗസ്സയിലെ ദുരിതം അനുഭവിക്കുന്ന കുട്ടികളെ കുറിച്ചായിരുന്നു ഈ പരിപാടി തയ്യാറാക്കിയിരുന്നത്. 'ഗസ്സ ഹൗ ടു സര്‍വൈവ് എ വാര്‍ സോണ്‍' എന്ന ഈ പരിപാടിയില്‍ അഭിമുഖം നല്‍കിയ 13 കാരനായ കുട്ടി ഹമാസ് നേതാവിന്റെ മകന്‍ ആയിരുന്നു എന്നാണ് പിന്നീട് വ്യക്തമായത്.

അബ്ദുള്ള എന്ന ഈ കുട്ടി ഹമാസിന്റെ മുതിര്‍ന്ന നേതാവും ഗസ്സയിലെ ഹമാസ് സര്‍ക്കാരിലെ കൃഷി സഹമന്ത്രിയുമായ അയ്മാന്‍ അല്യസൗറിയുടെ മകനാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഈ പരിപാടി സംപ്രേഷണം ചെയ്തത്. ഇതിന് തൊട്ടു പിന്നാലെയാണ് രൂക്ഷമായ വിമര്‍ശനവുമായി നിരവധി പേര്‍ എത്തുന്നത്.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പരിപാടിയില്‍ എന്തിനാണ് തീവ്രവാദി നേതാവിന്റെ മകനെ പങ്കെടുപ്പിച്ചത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. കൂടാതെ ഈ കുട്ടിയുടെ പേരോ മറ്റോ മറ്റ് വിവരങ്ങളോ പരിപാടിയില്‍ കാണിച്ചിരുന്നതുമില്ല. ഒരു വാര്‍ത്ത ചെയ്യുമ്പോള്‍ അതിനെ കുറിച്ച് ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ വാര്‍ത്ത ചെയ്തതും ബി.ബി.സി പോലെയുള്ള ഒരു സ്ഥാപനത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

അബദ്ധം മനസിലാക്കിയ ബി.ബി.സി അധികൃതര്‍ പിന്നീട് ക്ഷമാപണം നടത്തുകയും കുട്ടിയുടെ പേരും അച്ഛന്റെ വിശദാംശങ്ങളും എല്ലാം

ഉള്‍പ്പെടുത്തി പരിപാടി വീണ്ടും സംപ്രേഷണം ചെയ്യുകയും ചെയ്തു. ഹോയോ ഫിലിംസ് എന്ന സ്ഥാപനമാണ് ബി.ബി.സിക്ക് വേണ്ടി ഈ പരിപാടി തയ്യാറാക്കിയത്. കുട്ടിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയും എന്നത് കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുപ്പിച്ചത് എന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.

2023 ലും അബ്ദുള്ള എന്ന ഈ കുട്ടി മറ്റൊരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ഗാസയിലെ കുട്ടികളുടെ ദുരിതത്തെ കുറിച്ച്

സംസാരിച്ചിരുന്നു. ആ പരിപാടിയില്‍ കുട്ടിയുടെ അച്ഛനാണ് എന്ന പറഞ്ഞ് സംസാരിച്ച വ്യക്തി അച്ഛനല്ല അമ്മാവന്‍ ആയിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.

ഖലീല്‍ അബു ഷമാല എന്ന ഈ വ്യക്തി തീവ്രവാദി സംഘനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം അബ്ദുള്ള ഹമാസ് തീവ്രവാദ സംഘടനയുടെ സ്ഥാപകരില്‍ ഒരളായ ഇബ്രാഹിം അല്‍ യസൗറിയുടെ പേരക്കുട്ടിയും ആണെന്നാണ്. തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിന് ഇയാള്‍ നിരവധി തവണ ഇസ്രയേലിലേയും ഈജിപ്തിലേയും ജയിലുകളില്‍ നിരവധി തവണ തടവിലാക്കപ്പെട്ടിരുന്ന വ്യക്തിയുമാണ്.