- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബര്‍ 7 മിന്നലാക്രമണത്തിന് ഹമാസ് വിവരം ചോര്‍ത്തിയത് ഇസ്രയേല്‍ സൈനികരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന്; നഹാല്‍ ഓസ് ബേസ് ക്യാമ്പിലെ ഫോട്ടോകള്‍ സൈനികര്‍ ഷെയര്‍ ചെയ്തപ്പോള്‍ പണി പാളി; ഹമാസിനെ വിലകുറച്ചുകണ്ടതും അബദ്ധമായി; കുറ്റസമ്മതം നടത്തുന്ന ഇസ്രയേല്‍ സേനയുടെ ആഭ്യന്തരാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഹമാസ് വിവരം ചോര്‍ത്തിയത് ഇസ്രയേല്‍ സൈനികരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന്;
ജെറുസലേം: ഒക്ടോബര്‍ 7 ആക്രമണത്തിനുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഹമാസ് ചോര്‍ത്തിയത് ഇസ്രയേല്‍ സൈനികരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നെന്ന് കണ്ടെത്തി. നഹാല്‍ ഓസ് ഇസ്രയേല്‍ സൈനിക താവളത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ പോസ്റ്റുകളാണ് ഹമാസിനെ സഹായിച്ചതെന്ന് ആഭ്യന്തര അന്വേഷണത്തിലാണ് തെളിഞ്ഞത്. ഇതോടെ, സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ദി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ( ഐ ഡി എഫ്) തീരുമാനിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ 7 ഹമാസ് ആക്രമണത്തില്‍, 53 ഇസ്രയേലി സൈനികര്‍ കൊല്ലപ്പെടുകയും 10 സൈനികരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. നഹാല്‍ ഓസ് സൈനിക ബേസ് ക്യാമ്പിലെ ആദ്യത്തെയും അവസാനത്തെയും ദിവസങ്ങളില്‍ എടുത്ത ചിത്രങ്ങളാണ് ഇസ്രയേലി സൈനികര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതോടെ, സുപ്രധാന ലൊക്കേഷനുകള്‍ മാപ്പ് ചെയ്യാനും, നിരീക്ഷണ ക്യാമറകളും, ജനറേറ്ററുകളും, സേഫ് റൂമുകളും എവിടെയാണെന്ന് അറിയാനും, സൈന്യത്തിന്റെ പട്രോള്‍ നീക്കങ്ങള്‍ മനസ്സിലാക്കാനും ഹമാസിന് സാധിച്ചു. തങ്ങള്‍ നഹാല്‍ ഓസ് ക്യാമ്പിന്റെ പരിശീലന മാതൃകകള്‍ നിര്‍മ്മിച്ചിരുന്നതായി പിടിയിലായ ഫലസ്തീന്‍കാര്‍ പിന്നീട് സമ്മതിച്ചിരുന്നു.
സമാനമായ ഇന്റലിജന്‍സ് ചോര്‍ച്ച ഒഴിവാക്കാന്‍, സൈനിക താവളങ്ങളില്‍ ഫോട്ടോഗ്രഫി നിരോധിക്കാന്‍ ഐഡിഎഫ് തീരുമാനിച്ചു. നിയമലംഘനങ്ങള്‍ക്ക് കര്‍ശന പിഴ ഈടാക്കും. സുപ്രധാന പദവികളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിരോധനമുണ്ട്. സൈനിക ചടങ്ങുകളില്‍ സാധാരണ പൗരന്മാര്‍ പങ്കെടുക്കുമ്പോള്‍ വീഡിയോ ചിത്രീകരണത്തിനും നിയന്ത്രണമുണ്ട്.
ഇസ്രയേല്‍ സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍, നഹാല്‍ ഓസ് ക്യാമ്പിലെ സൈനികര്‍ക്ക് ആക്രമണത്തിന് മുമ്പ് യാതൊരു മുന്നറിയിപ്പും കിട്ടിയില്ലെന്ന് വ്യക്തമായി. ക്യാമ്പിന് നേരേ ഉണ്ടായേക്കാവുന്ന റോക്കറ്റാക്രമണത്തെ നേരിടാനോ, നിരായുധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനോ, സുരക്ഷാ പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ല. കരയാക്രമണ ഡ്രില്ലുകള്‍ നടത്തിയിട്ട് വര്‍ഷങ്ങളായിരുന്നു.
ഹമാസിന്റെ ശേഷിയെ ചെറുതായി കണ്ടു
ഹമാസിന്റെ ശേഷികളെ ഇസ്രയേല്‍ സേന ചെറുതായി കണ്ടുവെന്നും ഒക്ടോബര്‍ 7 ആക്രമണം തടയുന്നതില്‍ തങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേലി പൗരന്മാരെ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു. അന്നത്തെ ആക്രമണത്തില്‍ ധാരാളം സാധാരണക്കാര്‍ കൊലപ്പെട്ടു. ഐഡിഎഫ് എവിടെയായിരുന്നു എന്നാവണം എല്ലാവരും സ്വയം ചോദിച്ചത്, പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞുു.
പൂര്‍ണതോതിലുള്ള യുദ്ധത്തില്‍ ഹമാസിന് താല്‍പര്യം ഇല്ലെന്ന തെറ്റിദ്ധാരണയും വിനയായി. ഇത്തരമൊരു ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ ഇസ്രയേല്‍ സേന തീരെ സജ്ജവുമല്ലായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടപ്പാക്കിയ നയങ്ങള്‍ ആക്രമണത്തിന് കാരണമായെന്നും ഷിന്‍ബത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിന് ലഭിക്കുന്ന ധനസഹായങ്ങളില്‍ കണ്ണടച്ചതും പ്രശ്‌നമായി.
ഇസ്രയേലിന്റെ അറിവോടെ ഹമാസിന് ഖത്തര്‍ നല്‍കിയിരുന്ന ധനസഹായം ആക്രമണത്തിന്റെ കാരണങ്ങളിലൊന്നാണ്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതി ഈ ധനസഹായത്തോട് ഇസ്രയേല്‍ കണ്ണടച്ചിരുന്നു. ഇസ്രയേലി രാഷ്ട്രീയക്കാര്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ നടത്തിയ സന്ദര്‍ശനവും ഫലസ്തീന്‍ തടവുകരോടുള്ള സമീപനങ്ങളും ഹമാസ് ആക്രമണങ്ങളുടെ കാരണങ്ങളായി റിപ്പോര്‍ട്ടിലുണ്ട്. ഗാസയിലെ ഏജന്റുമാരുടെ റിക്രൂട്ട്മെന്റിലും പ്രവര്‍ത്തനത്തിലും വലിയ വിടവുകളുണ്ടെന്നും ഷിന്‍ ബെറ്റ് കുറ്റപ്പെടുത്തുന്നു.
ലെബനനിലെ ഹിസ്ബുള്ളയുടെ നീക്കങ്ങളിലും മറ്റുമാണ് ഇസ്രയേല്‍ സേന കൂടുതലായി ശ്രദ്ധിച്ചിരുന്നത്. ഹിസ്ബുള്ളയുടെയും ഇറാന്റെയും ഭീഷണികളെ കൂടുതല്‍ കാര്യമായി എടുത്തപ്പോള്‍ ഹമാസിന്റെ ഭീഷണി വിട്ടുപോയി എന്നതാണ് കുറ്റ സമ്മതം. ഹമാസും ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദും ചേര്‍ന്ന് ഏകദേശം 5000 സായുധധാരികളെയാണ് ഗസ്സ അതിര്‍ത്തിയിലുടനീളം സൈനിക കേന്ദ്രങ്ങളെയും ഇസ്രയേലി സമൂഹങ്ങളെയും ആക്രമിക്കാനായി നിയോഗിച്ചത്. ഒരുആക്രമണം ഉണ്ടായേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും ഇറാനെയും, ഹിസ്ബുള്ളയെയും കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തു.
ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലില്‍, 1139 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ ഗസ്സയില്‍ 48,000 ത്തിലധികം ഫലസ്തീന്‍കാരും കൊല്ലപ്പെട്ടു. നെതന്യാഹു ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പിടിപ്പുകേടിനെ കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ഷിന്‍ ബെറ്റ് അന്വേഷണത്തിന് പിന്നാലെ ഉയര്‍ന്നേക്കും.