ജെറുസലേം: ഇസ്രയേലില്‍ നിന്ന് ഷിരിബിബാസ് എന്ന വീട്ടമ്മയേയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളേയും തട്ടിക്കൊണ്ട് പോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത ഭീകരനെ വധിച്ച് ഇസ്രയേല്‍ സൈന്യം. ഗസ്സയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ഗാസയിലെ താരതമ്യേന ചെറിയ ഭീകര സംഘടനയായ മുജാഹിദീന്‍ ബ്രിഗേഡുകളുടെ മുതിര്‍ന്ന അംഗമായ മുഹമ്മദ് ഹസ്സന്‍ മുഹമ്മദ് അവാദിനെയാണ് വധിച്ചത്. തെക്കന്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ച് എത്തിയ ഭീകരര്‍ യര്‍ദേന്‍ ബിബാസ്, ഭാര്യ ഷിരി മക്കളായ എട്ട് മാസം പ്രായമുള്ള കിഫിര്‍ ബിബാസ് നാല് വയസുകാരനായ ഏരിയല്‍ എന്നിവരുടെ അവരുടെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്.

രണ്ട് കുട്ടികളെ അടക്കിപ്പിടിച്ച് നില്‍ക്കുന്ന ഷിരിയെ ഭീകരര്‍ ബലംപ്രയോഗിച്ച് വാഹനത്തിനുള്ളിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. യര്‍ദേന്‍ ബിബാസിനെ ഈയിടെയാണ് മോചിപ്പിച്ചത്. എന്നാല്‍ ഷിരിയും കുഞ്ഞുങ്ങളും ജീവിച്ചിരിപ്പുണ്ടെന്നാണ് തീവ്രവാദ സംഘടനകള്‍ വെളിപ്പെടുത്തിയിരുന്നത്. ഹമാസ് തീവ്രവാദികള്‍ മോചിപ്പിക്കുന്നവരുടെ പട്ടികയില്‍ ഇവരുടെ പേരുകളും ചിത്രങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീടാണ് ഇവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഷിരിയേയും കുഞ്ഞുങ്ങളേയും ഭീകരര്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമായിരുന്നു. കൂടാതെ ഷിരിയുടെ മൃതദേഹത്തിന് പകരം മറ്റൊരു സ്ത്രീയുടെ മൃതദേഹമാണ് ഭീകരര്‍ ആദ്യം കൈമാറിയതും.

ഇസ്രയേല്‍ സൈനികവൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് അവാദ് തന്നെയാണ് ഇവരെ തട്ടിക്കൊണ്ട് പോയതും കൊലപ്പെടുത്തിയതും എന്നാണ്. യുദ്ധം ആരംഭിച്ച ഘട്ടത്തില്‍ തന്നെ അവാദ് ഈ അമ്മയേയും കുഞ്ഞുങ്ങളേയും കൊന്നുതളളി എന്നാണ് ഇസ്രയേല്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഹമാസ് വെളിപ്പെടുത്തിയത് ഇവര്‍ മൂന്ന് പേരും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട വരുന്നത്. ഷിരിയുടേയും മക്കളുടേയും ശവസംസ്‌ക്കാര ചടങ്ങുകളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. യു.സെ് -ഇസ്രയേലി പൗരത്വമുള്ള രണ്ട് പേരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് പിന്നിലും അവാദ് ആയിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

അവാദ് കൊല്ലപ്പെട്ട കാര്യം മുജാഹിദീന്‍ ബ്രിഗേഡ് ഭീകരസംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ചുമതലയും ഇയാള്‍ക്കായിരുന്നു. ഹമാസിന് ഒപ്പം ചേര്‍ന്ന് മുജാഹിദീന്‍ ബ്രിഗേഡ് നിരവധി തവണ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയിട്ടുണ്ട്. അതേ സമയം ഹമാസിന്റെ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് സാലേ അല്‍ ബര്‍ദാവിലിനേയും കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു. ഗാസയില്‍ നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇയാള്‍ ആയിരുന്നു എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഹമാസിന്റെ റേഡിയോ സംവിധാനങ്ങളുടെ ചുമതലയും ഇയാള്‍ക്കായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ഇയാള്‍ ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ ബന്ദികളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതും ഇയാളാണ്. ബര്‍ദാവിലിന് ഒപ്പം ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.